കർഷക ദിനത്തിൽ ആലപ്പുഴ രൂപതയിലെ മൂന്ന് കർഷക വൈദീകർ
സ്വന്തം കൃഷി തോട്ടത്തിൽനിന്ന് വാഴക്കുലകൾ വെട്ടി വൈദീക വിദ്യാർത്ഥികൾക്ക് നൽകി...
ജോസ് മാർട്ടിൻ
ആലപ്പുഴ: കർഷക ദിനത്തിൽ ശ്രദ്ധയാകർഷിച്ച് ആലപ്പുഴ രൂപതയിലെ മൂന്ന് വൈദീകർ. കൃഷിയെ സ്നേഹിച്ച് കേരള കാർഷിക വകുപ്പിന്റെ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിലെ മാതൃകാ കർഷകനുള്ള അവാർഡ് നേടിയ പുന്നപ്ര വിയാനി പള്ളിവികാരി ഫാ.എഡ്വേഡ് പുത്തൻപുരക്കൽ, ചേർത്തല പ്രീസ്റ്റ് ഹോമിലെ വിശ്രമജീവിതത്തിനിടയിലും കൃഷിയിൽ വ്യാപൃതരായ രൂപതയിലെ സീനിയർ വൈദീകരായ ഫാ.തമ്പി കല്ലുപുരയ്ക്കൽ, ഫാ.ഗാസ്പർ കോയിൽപ്പറമ്പിൽ എന്നിവരാണ് കർഷക വൈദീകർ.
സ്വന്തം കൃഷി തോട്ടത്തിൽനിന്ന് വാഴക്കുലകൾ വെട്ടി വൈദീക വിദ്യാർത്ഥികൾക്ക് നൽകി കൃഷിയുടെ മഹത്വം പകർന്ന് നൽകിയതോടൊപ്പം ഈ പ്രായത്തിൽ തങ്ങൾക്കാമെങ്കിൽ തരിശായികിടക്കുന്ന ഇടങ്ങളിൽ ചെറിയ കൃഷികൾ ചെയ്ത് സ്വയംപര്യാപ്തത നേടാമെന്ന സന്ദേശവും വൈദീക വിദ്യാർത്ഥികൾക്ക് നൽകുകയായിരുന്നു മുതിർന്ന വൈദീകർ. ഇവർ ശുശ്രൂഷ ചെയ്ത ഇടവകകളിലെല്ലാം മണ്ണിനെസ്‌നേഹിച്ച് കൃഷിചെയ്ത് വാർത്തകളിൽ ഇടം നേടിയിരുന്നുവെന്നതും ശ്രദ്ദേയമാണ്.