World

ക്രൊയേഷ്യ x ഫ്രാൻസ് കത്തോലിക്കാ വിശ്വാസം ഉയർത്തിപിടിക്കുന്ന രാജ്യങ്ങൾ – ആരു വിജയിക്കും?

ക്രൊയേഷ്യ x ഫ്രാൻസ് കത്തോലിക്കാ വിശ്വാസം ഉയർത്തിപിടിക്കുന്ന രാജ്യങ്ങൾ - ആരു വിജയിക്കും?

സ്വന്തം ലേഖകൻ

ക്രൊയേഷ്യയും ഫ്രാൻസും  കത്തോലിക്കാ വിശ്വാസം ഉയർത്തിപിടിക്കുന്ന രാജ്യങ്ങൾ എന്നതിൽ സംശയമില്ല. കഴിഞ്ഞ ദിവസങ്ങളിലൊക്കെ സോഷ്യൽമീഡിയകൾ വളരെ ആഘോഷമായി അവതിപ്പിക്കുന്നുണ്ടായിരുന്നു ക്രൊയേഷ്യ ടീമിന്റെ വിശ്വാസത്തെക്കുറിച്ച്. ഒരുപക്ഷെ, ഫ്രാൻസിന്റെ വിശ്വാസത്തെ ഓർക്കാതെ പോയതാണോ? എന്തായാലും, വലിയൊരു ചോദ്യം ഒരുപക്ഷെ, ഉയർന്നുവരാം – ആരു വിജയിക്കും?

Essence പോലുള്ള യുക്തിവാദികൾക്ക് ഈ ചോദ്യം ഒരു ആഘോഷമായി മാറാനും സാധ്യതയുണ്ട്. കാരണം, രണ്ടും ഏകദൈവ വിശ്വാസം ഉയർത്തിപിടിക്കുന്ന രാജ്യങ്ങൾ, അങ്ങനെയെങ്കിൽ ദൈവം ആരോടുകൂടി നിലകൊള്ളും. സത്യത്തിൽ ഇത് യുക്തിവാദികളുടെ മാത്രം ആകുലതയാണ് എന്ന് നാം മറക്കേണ്ട.

വിശ്വാസവും, കരുത്തും ഒരേപോലെ മുറുകെ പിടിച്ച്, ഒരേ ലക്ഷ്യത്തോടെ ഇന്ന് കളത്തിലിറങ്ങുന്ന ടീമുകൾ. മത്സരത്തില്‍ രണ്ടു വശത്ത് നില്‍ക്കുന്നവരാണെങ്കിലും വിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യത്തില്‍ രണ്ടും തീവ്രമായ കത്തോലിക അടിത്തറയുള്ള രാജ്യങ്ങളാണ്.

*രണ്ടു രാജ്യങ്ങളുടെയും വിശ്വാസചുറ്റുപാടുകളിലേയ്ക്ക് ഒരു യാത്ര*

*1) ക്രൊയേഷ്യ*

യേശു ജീവിച്ചിരുന്ന സമയത്ത് ക്രൊയേഷ്യയും ബാല്‍ക്കന്‍ പെനിന്‍സുല ഉള്‍പ്പെടുന്ന പ്രദേശങ്ങളും റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അതില്‍ മിക്ക പ്രദേശങ്ങളും ഡാല്‍മേഷ്യയുടെ റോമന്‍ പ്രവശ്യയില്‍ ഉള്‍പ്പെടുന്നവയുമായിരുന്നു. ക്രിസ്തു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ അവിടെ ജൂതന്മാരും ഉണ്ടായിരുന്നു. ക്രൈസ്തവ സുവിശേഷവത്കരണത്തിന്റെ സമയത്ത് ഇതില്‍ വലിയ ഒരു വിഭാഗം ജൂതന്മാരും ക്രിസ്തുമതം സ്വീകരിച്ചു.

വിശുദ്ധ പൗലോസിന്റെ ശിഷ്യനായിരുന്ന തിത്തുസ്, ഡാല്‍മേഷ്യയിലേക്ക് വന്നതായും അവിടെ തന്നെയാണ് മരണമടഞ്ഞതെന്നും വിശുദ്ധ പൗലോസ് തിമൊത്തിയക്കെഴുതിയ എഴുതിയ രണ്ടാമത്തെ ലേഖനത്തില്‍ പറയുന്നുണ്ട്. വിശുദ്ധ പൗലോസും ഡാല്‍മേഷ്യയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന സൂചനകളുണ്ട്.

ആറാം നൂറ്റാണ്ടില്‍ ഡാല്‍മേഷ്യയിലേക്ക് കുടിയേറിയ ക്രൊയേഷ്യക്കാരായ ചിലര്‍, ആദ്യ കാലത്ത് ഏറെ പ്രാചീനമായ ചില ആദിവാസി മതങ്ങള്‍ സ്വീകരിച്ചിരുന്നു. പിന്നീടു ബൈസന്റെയിൻ, ബെനെഡിക്ടയിൻ മിഷണറിമാരുടെ സ്വാധീനത്തോടു കൂടി കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നതായും ചരിത്രം.

തുടർന്ന്, ഒന്‍പതാം നൂറ്റാണ്ടോടു കൂടി ക്രൊയേഷ്യക്കാര്‍ പൂര്‍ണമായും ക്രൈസ്തവ വിശ്വാസികളായി മാറുകയും പോപ്പുമായി ബന്ധത്തിലാവുകയും ചെയ്തു.

*ക്രൊയേഷ്യയുടെ വിശുദ്ധന്‍മാർ*

ക്രൊയേഷ്യയുടെ മദ്ധ്യസ്ഥൻ വിശുദ്ധ ജോസഫ്‌ ആണ്. വിശുദ്ധ ജെറോമിന്റെ ജനനം ഡാല്‍മേഷ്യയില്ലായിരുന്നു. ബദല്‍ നവീകരണത്തിന്റെ വക്താവായ സെന്റ്‌ ലിയോപ്പോള്‍ഡ്, കപ്പൂച്ചിന്‍ മിഷണറിയായിരുന്ന സെന്റ്‌ ലിയോപോട് മാന്‍ടിക്, ജറുസലേമില്‍ രക്തസാക്ഷിയായ സെന്റ്‌ നിക്കോളാസ് റ്റാവലിക് ഇവരൊക്കെ ഡാല്‍മേഷ്യക്കാർ ആയിരുന്നു. യേശുക്രിസ്തുവിന്റെ ശിഷ്യത്വം സ്വീകരിച്ച ഒരുപാട് ക്രൊയേഷ്യക്കാര്‍ക്ക്, പീഡനങ്ങള്‍ അനുഭവിച്ചു, രക്തസാക്ഷിത്വം വഹിച്ചു.

അതുപോലെ, പതിനഞ്ചാം നൂറ്റാണ്ടില്‍ ഓട്ടോമാന്റെ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ക്രൊയേഷ്യയുടെ രക്തസാക്ഷികളുടേയും,സൈനികരുടേയുംഓര്‍മയ്ക്കായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2003 – ല്‍ ഒരു പള്ളി സമര്‍പ്പിച്ചു.

*2) ഫ്രാൻസ്*

‘സഭയുടെ ഏറ്റവും മൂത്ത പുത്രി’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന രാജ്യമാണ് ഫ്രാന്‍സ്. അത്രെയേറെ ചരിത്രമുണ്ട് ഫ്രാന്‍സിന്റെ കത്തോലിക വിശ്വാസത്തിനു പിന്നില്‍. രണ്ടാം നൂറ്റാണ്ട് മുതല്‍ ആരംഭിച്ച ഫ്രാന്‍സിന്റെ കത്തോലിക സംസ്കാരം, 48 ക്രൈസ്തവരുടെ രക്തസാക്ഷിത്വം മുതല്‍ തുടങ്ങുന്നു.

ക്ളോവിസ് ഒന്നാമന്‍ രാജാവാണ്, ഫ്രാന്‍സിന്റെ സ്ഥാപകന്‍ എന്ന് കരുതപ്പെടുന്നു. 496 – ലെ ക്രിസ്തുമസ് ദിനത്തില്‍ വിശുദ്ധ റെമിയുടെ കാര്‍മികത്വത്തില്‍ പേഗനിസത്തില്‍ നിന്ന് ക്രൈസ്തവ മതത്തിലേക്ക് ക്ളോവിസ് ഒന്നാമന്‍ രാജാവ് പരിവര്‍ത്തനം ചെയ്തു. അദ്ദേഹത്തിന്റെ മാമോദീസ ചടങ്ങ് ക്രൈസ്തവ മതത്തിന്റെ അടിത്തറയായി കരുതപ്പെടുന്നു.

*ഫ്രാന്‍സിന്റെ വിശുദ്ധന്‍മാര്‍‍*

സെന്റ്‌ ജോൻ ഓഫ് ആർക്ക്, സെന്റ് ജോൺ വിയാനീ, സെന്റ് തെരേസ് ഓഫ് ലിസ്യു, സെൻറ് റെമി, സെന്റ് ഡെന്നീസ്, സെന്റ് പീറ്റർ ഫേബർ, സെന്റ് ഐസക്ക് ജോഗിസ്, ഫ്രാൻസിലെ സെന്റ് ലൂയിസ് IX, സെൻറ് വിൻസെന്റ് ഡി പോൾ. അങ്ങനെ വിശുദ്ധന്മാരുടെ വളരെ നീണ്ട നിരതന്നെയുണ്ട് ഫ്രാൻസിൽ.

ചുരുക്കത്തിൽ, ഇരു ടീമുകളുടെയും വിജയം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ ഒരു സമനില മത്സരം ആരും ഇഷ്ടപ്പെടാത്തതുമാണ്. പക്ഷെ, വിശ്വാസത്തിന്റെ കാര്യത്തില്‍ ഇരു ടീമുകളും നമ്മുടെ മുന്നിൽ സമനിലയിലാണെന്നത് യാഥാർഥ്യം.

ആര് വിജയിക്കും? ആര് പരാജയപ്പെടും? അതോ സമനിലയില്‍ അവസാനിക്കുമോ? ഏതാനും മണിക്കൂറുകൾ കൂടി കാത്തിരിക്കാം. നല്ലൊരു മത്സരത്തിനായി പ്രാർത്ഥിക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker