Kerala

ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ തന്നെ ഓബിസി വിഭാഗത്തിനും ആനുപാതികമായി സ്കോളര്‍ഷിപ്പുകള്‍ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം

എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നല്‍കാനുള്ള തീരുമാനം സീകാര്യമാണ്...

സ്വന്തം ലേഖകൻ

എറണാകുളം: ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ തന്നെ ഓ.ബി.സി. വിഭാഗത്തിനും ആനുപാതികമായി സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുമെന്ന് ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ട് കെ.എല്‍.സി.എ. (കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കോടതി വിധി പ്രകാരം എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് നല്‍കാനുള്ള തീരുമാനം സീകാര്യമാണ്. എന്നാല്‍ അത് നടപ്പാക്കുമ്പോള്‍ ക്രൈസ്തവ വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് ചില സ്കോളര്‍ഷിപ്പുകളില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന അവസരം ഇല്ലാതാകുന്ന സാഹചര്യം സര്‍ക്കാര്‍ പ്രത്യേകമായി കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്.

ഒരു വിഭാഗത്തിനുള്ളിൽ തന്നെയുള്ള കൂടുതല്‍ ദുര്‍ബലരെ കണ്ടെത്തുന്നതിന് ഉപവിഭാഗങ്ങള്‍ ആകാമോ എന്നത് സംബന്ധിച്ച് ‘അങ്ങനെ പാടില്ല’ എന്ന് ചിന്നയ്യ കേസില്‍ (2005) സുപ്രീംകോടതിവിധി പറഞ്ഞെങ്കിലും, പിന്നീട് ഈ വിധി പുനപരിശോധിക്കേണ്ടതുണ്ടെന്ന നിഗമനത്തില്‍, ദാവീന്ദര്‍ കേസില്‍ (2020) ആ വിധി വലിയ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച കേസില്‍ കേരള ഹൈക്കോടതി ഈ രണ്ടു വിധിന്യായങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാരങ്ങള്‍ പരിഗണനയിലെടുത്ത്, ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിന് ഉള്ളില്‍ തന്നെയുള്ള ദുര്‍ബലരെ, അതായത് ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ലത്തീന്‍ ക്രൈസ്തവരെയും പരിവര്‍ത്തിത ക്രൈസ്തവരെയും പ്രത്യേകം പരിഗണിക്കുന്നതിനു ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. അതിന് നിയമതടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് മറികടക്കാനുള്ള വഴികളും ആരായണം.

ഇപ്പോള്‍ അധികമായി നല്‍കാന്‍ പോകുന്ന സ്കോളര്‍ഷിപ്പില്‍ ക്രൈസ്തവ ന്യൂനപങ്ങളിലെ ഒബിസി വിഭാഗത്തിന് നിശ്ചിത ശതമാനം സകോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാക്കണം; മെറിറ്റ് അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യുമ്പോള്‍ ഇത്തരത്തിലള്ള പരിരക്ഷ ലത്തീന്‍ ക്രൈസ്തവര്‍ക്കും പരിവര്‍ത്തിത ക്രൈസ്തവര്‍ക്കുമുണ്ടാകണമെന്ന് കെ.എല്‍.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റെണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് എന്നിവര്‍ പറഞ്ഞു.

യോഗത്തില്‍, സംസ്ഥാന ഭാരവാഹികളായ എബി കുന്നേപറമ്പില്‍, ഇ.ഡി.ഫ്രാന്സീസ്, ജെ.സഹായദാസ്, ജോസഫ് ജോണ്‍സണ്‍, ടി.എ.ഡാല്‍ഫിന്‍, എസ് ഉഷാകുമാരി, ബിജു ജോസി, എം.സി.ലോറന്സ്, ജസ്റ്റീന ഇമ്മാനുവല്‍, പൂവം ബേബി, ജോണ് ബാബു, ജസ്റ്റിന് ആന്‍റണി, അജു ബി ദാസ്, അഡ്വ. ജസ്റ്റന്‍ കരിപ്പാട്ട്, ജോര്ജ് നാനാട്ട്, ഷൈജ ടീച്ചര്‍, വിന്‍സ് പെരിഞ്ചേരി എന്നിവര്‍ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker