Articles

ക്രിസ്തുമസ് നക്ഷത്രത്തെ വർഗീകരിച്ച് മകരവിളക്ക് കൃഷി നടത്തുന്നവർ

ഭക്തിയുടെ വന്യമായ അനുഷ്ഠാനമല്ല ആചാരങ്ങൾ-യാഥാർത്യങ്ങളുടെ വ്യാപ്തി മണ്ഡലം പിടിച്ചെടുക്കാൻ അറം പറ്റിയ തീവ്രബോധങ്ങൾ ആവശ്യമില്ല...

ഫാ.സുനിൽ സി.ഇ.

നല്ല ഹൈന്ദവനെ ഒറ്റുകൊടുക്കുന്ന ചില പോസ്റ്റുകൾ ചിലരുടെ വോളുകളിൽ നിരന്തരം തൂങ്ങി കാണുന്നുണ്ട്. ആത്മീയ ശരീരത്തെ വിഷക്കോപ്പയും മതതീവ്രവാദത്തിന്റെ കൂടുമാക്കി തീർക്കുന്ന ഇത്തരം പോസ്റ്റുകൾ മതേതര നന്മകളെ വ്യാകുലപ്പെടുത്തുന്നവയാണ്. ഭക്തിയുടെ വന്യമായ അനുഷ്ഠാനമല്ല ആചാരങ്ങൾ. യാഥാർത്യങ്ങളുടെ വ്യാപ്തി മണ്ഡലം പിടിച്ചെടുക്കാൻ അറം പറ്റിയ തീവ്രബോധങ്ങൾ ആവശ്യമില്ല. ആത്മീയതയെ ഭാവനയുടെ മുറിയാക്കുകയും അതിൽ ദൈവത്തെ തളച്ചിടുകയും ചെയ്യുന്ന ഒരു ഇടുങ്ങിയ പ്രവണത തുടരുകയാണിപ്പോഴും. ഒരു ഇന്ത്യൻ പൗരനെ അല്ലെങ്കിൽ കേവല മലയാളിയെ മാനസികമായി ഉലയ്ക്കുന്ന കാര്യങ്ങളാണ് തീവ്രഹിന്ദുത്വ വാദവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്.

തീവ്ര ഭക്തി ഒരാളിൽ അസൗന്ദര്യത്തിന്റെ ആസക്തി സൃഷ്ടിക്കും. മതേതര മൂല്യങ്ങൾ സാംസ്കാരിക സന്നാഹങ്ങൾ കൂടിയാണെന്ന് നാം തിരിച്ചറിയുമ്പോൾ മാത്രമേ എക്സ്ട്രീമിസത്തിന്റെ ഉന്മാദത്തിൽ നിന്ന് നമുക്ക് മോചിതരാകാൻ കഴിയൂ. മനുഷ്യൻ ദൈവ വ്യവസ്ഥ നിർമ്മിക്കുക വഴി ദൈവത്തെ പുറത്താക്കുകയാണ്.

മതാന്ധത മൂലം വിളറിയിരിക്കുന്നവർക്ക് നക്ഷത്രങ്ങൾ ഇരുണ്ട ആനന്ദമായിരിക്കും പ്രദാനം ചെയ്യുക. സുഷിരങ്ങൾ വീണ ഭക്തകോശങ്ങളിൽ നിന്ന് ഇപ്പോൾ പൊട്ടിയൊലിക്കുന്നത് അന്ധ വിചാരങ്ങളുടെ ക്രോണിക്കിളുകളാണ്. മതഗ്രന്ഥങ്ങളെ കുറിച്ചുള്ള ധൈഷണിക സംവാദങ്ങൾ ആവശ്യമായി മാറിയ കാലമാണിത്. ഭക്തിയെ ദർപ്പണ ശൈലിയിൽ അനുഷ്ഠിക്കാനുള്ള മാർഗരേഖകൾ അനിവാര്യമാണ്. മനുഷ്യനെ വർഗീയതയുടെ രോഗവാഹകനാക്കുന്നത് അയാളിൽ ഇതിനകം രൂപമെടുത്തിട്ടുള്ള ജ്ഞാനക്കുറവിന്റെ മൃതിഭീകരമായ നരകമാണ്.

ഒരു കീമോതെറാപ്പിക്കും പരിഹരിക്കാനാവാത്ത കാൻസറാണ് ഹൈന്ദവ വർഗീയത. ആത്മകഥയുടെ താളുകളിൽ ഒരിടത്തും മതേതര അംശങ്ങൾ ഇല്ലാത്ത ഇത്തരം ഭക്ത പോസ്റ്റുകളെ കണക്കിനു പ്രഹരിക്കാൻ ഇവിടുത്തെ ലേബൽഡ് ബുദ്ധിജീവികൾ ഒന്നും ചെയ്യുന്നില്ല. ഇവിടെ സ്ട്രൊപ്റ്റൊ മൈസിൻ എന്ന അത്ഭുതമരുന്ന് നൽകേണ്ടത് ബുദ്ധിജീവികൾക്കാണ്.

ഭക്തി അനുഭവമായി ധ്വനിക്കാത്തവരാണ് നക്ഷത്രത്തിനു പകരം മകരവിളക്ക് തെളിക്കണമെന്നൊക്കെ അലമുറ കൂട്ടുന്നത്. ഇപ്പറയുന്നവർ ഗോവണി അടുക്കി ആകാശത്തെങ്ങാനും കയറുമോ ആവോ? നക്ഷത്രങ്ങളെ കഴുത്ത് ഞെരിച്ചു കൊല്ലുമോ ആവോ? മകരവിളക്ക് കൃഷി തുടങ്ങിയിരിക്കുന്നവർ ആത്മീയ ശാസ്ത്രത്തിന്റെ തീവ്രമായ ചികിത്സാവിധികളെ നിരാകരിക്കുന്നവരാണ്. അതിഭീഷണമായ ആത്മീയ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം പോസ്റ്റുകൾക്ക് കനത്ത ആശയ മർദ്ദനങ്ങൾ ഏൽപ്പിക്കാത്ത ബുദ്ധിജീവികളെ കൊണ്ട് എന്തു പ്രയോജനം?

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker