കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടുതരാമെന്ന് കത്തോലിക്കാ സഭ; അഭിനന്ദനവും നന്ദിയുമറിയിച്ച് മുഖ്യമന്ത്രി
സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്ന് കത്തോലിക്കാ സഭ നേരത്തെതന്നെ ഗവൺമെന്റിനെ അറിയിച്ചിരുന്നു...
സ്വന്തം ലേഖകൻ
എറണാകുളം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആവശ്യം വന്നാൽ കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികൾ വിട്ടുനൽകാമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് കത്തോലിക്കാ സഭയുടെ സന്നദ്ധത കർദ്ദിനാൾ അറിയിച്ചത്.
കൂടാതെ, ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സ് ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെയും സേവനം ലഭ്യമാക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്ന് ഇതിനോടകം തന്നെ കത്തോലിക്കാ സഭ ഗവൺമെന്റിനെ അറിയിച്ചിരുന്നു.
തുടർന്നാണ്, അടിയന്തരഘട്ടത്തിൽ സർക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോട് നന്ദിയും, ഗവണ്മെന്റിന്റെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാരിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ നടപടിയെ അഭിനന്ദിക്കുന്നുവെന്നും അറിയിച്ചുകൊണ്ട് മുഖ്യമന്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നത്.
മുഖ്യമന്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ആശുപത്രികൾ വിട്ടു തരാൻ തയ്യാറാണെന്ന് കത്തോലിക്ക സഭ അറിയിച്ചു. കെ.സി.ബി.സി. പ്രസിഡണ്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഫോണിൽ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാൽ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം വിട്ടുനൽകാമെന്നും അദ്ദേഹം ഉറപ്പു തന്നിട്ടുണ്ട്. അടിയന്തരഘട്ടത്തിൽ സർക്കാരിനാവശ്യമായ പിന്തുണയുമായി മുന്നോട്ടു വന്ന സഭയോട് നന്ദി പറയുന്നു. നമ്മുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും സർക്കാരിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഈ നടപടിയെ അഭിനന്ദിക്കുന്നു.