Kerala

കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾക്ക് മാതൃകാ തീരുമാനവുമായി ആലപ്പുഴ രൂപതാ മെത്രാന്റെ സർക്കുലർ

പ്രധാനമായും 5 നിർദേശങ്ങളും, ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്ന വൈദീകരുടെ വിവരങ്ങളും...

ജോസ് മാർട്ടിൻ

ആലപ്പുഴ: കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ പലരീതിയിലും അവഹേളനങ്ങൾക്ക് വിധേയമാകുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ സംഭവിക്കുകയുണ്ടായി. ഇതിന്റെ വെളിച്ചത്തിൽ വ്യക്തവും, മാതൃകാപരമായ തീരുമാനവുമായി ആലപ്പുഴ രൂപത എല്ലാ വിഭാഗ ജനങ്ങൾക്കും വഴികാട്ടിയാവുകയാണ്. കോവിഡ് 19 മഹാമാരി അതിരൂക്ഷമായി ആലപ്പുഴ രൂപതയുടെ പലഭാഗങ്ങളിലും വ്യാപിക്കുന്ന ദുഃഖകരമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ ജില്ലാകലക്ടറും ആരോഗ്യപ്രവർത്തകരും നൽകിയ നിർദ്ദേശങ്ങളനുസരിച്ചും, കത്തോലിക്കാ സഭയുടെ കാനോൻ നിയമം 1176 § 3 അനുശാസിക്കുന്നതനുസരിച്ച് റോമിലെ വിശ്വാസ തിരുസംഘം 2016 ഓഗസ്റ്റ് 15-ന് പുറപ്പെടുവിച്ച മൃതദേഹം ദഹിപ്പിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ അനുസരിച്ചുമാണ് കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ നടത്താൻ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ നിർദേശിച്ചിരിക്കുന്നത്.

പ്രധാനമായും 5 നിർദേശങ്ങളും, കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ നടത്തുവാൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്ന വൈദീകരുടെ വിവരങ്ങളും പിതാവ് അജപാലകരായ വൈദീകർക്കും ഇടവക ജനത്തിനും ഈ സർക്കുലറിലൂടെ നൽകുന്നുണ്ട്.

അതേസമയം, ആലപ്പുഴ രൂപതയിലെ ആദ്യ കോവിഡ് മരണാനന്തര സംസ്ക്കാര ശുശ്രൂഷകൾ ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ നൽകിയ നിർദേശങ്ങൾ പാലിച്ചുകൊണ്ട്, അഭിവന്ദ്യ വൈദികരുടെയും ആലപ്പുഴ രൂപത ടാസ്‌ക് ഫോഴ്‌സിന്റെയും നേതൃത്വത്തിൽ മാരാരിക്കുളം ദേവാലയ സിമിത്തേരിയിൽ നടന്നു.

ബിഷപ്പ് നൽകിയ സർക്കുലറിന്റെ പൂർണ്ണരൂപം:

COVID-19 UPDATE

പ്രിയ ബഹു.വൈദികരേ, സന്യസ്തരേ, സഹോദരങ്ങളെ,

കോവിഡ് 19 മഹാമാരി അതിരൂക്ഷമായി നമ്മുടെ രൂപതയുടെ പലഭാഗങ്ങളിലും വ്യാപിക്കുന്ന ദുഃഖകരമായ സാഹചര്യത്തിലൂടെ നാം കടന്നുപോവുകയാണല്ലൊ. ഇതിനോടകം നൽകിയിരിക്കുന്ന എല്ലാ മുൻകരുതലുകളും എല്ലാവരും കൂടുതൽ ജാഗ്രതയോടെ പാലിക്കണമെന്ന് താല്പര്യപ്പെടുന്നു. 27-07-2020 തിങ്കളാഴ്ച വൈകുന്നേരം രൂപതാ കൺസൾട്ടേഴ്സിൻസിന്റെയും, ഫെറോന വികാരിമാരുടെയും, യുവജന-അൽമായ-സാമൂഹിക സേവന വിഭാഗം ഡയറക്ടർമാരുടെയും സംയുക്ത യോഗത്തിലെ തീരുമാനങ്ങൾ രൂപതയുടെ മുഴുവൻ നടപടിക്രമമായി നിങ്ങളെ അറിയിക്കുകയാണ്.

രൂപതാ പ്രദേശത്ത് കോവിഡ് മരണം ഉണ്ടായ സാഹചര്യത്തിൽ ജില്ലാ കളക്ടർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ അഭ്യർത്ഥനകളും നിർദ്ദേശങ്ങളും കൂടി പരിഗണിച്ചു കൊണ്ടുള്ള തീരുമാനങ്ങൾ താഴെ ചേർക്കുന്നു.

1) മരണമടഞ്ഞവരെ ആദരപൂർവ്വം അടക്കം ചെയ്യുകയെന്നത് സഭയുടെ ഉത്തരവാദിത്വമാണ്. ഇടവകയിൽ ഇതിനായി ബഹു.വൈദികരും പള്ളി കമ്മിറ്റി അംഗങ്ങളും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. ഇതിൽ യാതൊരു വീഴ്ചയും സംഭവിക്കാതിരിക്കാൻ ഏവരും ശ്രദ്ധിക്കണം.

2) നിലവിലെ സാഹചര്യത്തിൽ സാധാരണ മൃതസംസ്കാര കർമ്മം നമ്മുടെ സെമിത്തേരികളിൽ ഏറെ പ്രയാസകരമായതുകൊണ്ട് സർക്കാർ നടപടികൾക്ക് ശേഷം അതാത് ഇടവക സെമിത്തേരികളിൽ മൃതദേഹം ദഹിപ്പിക്കൽ വഴി സംസ്കരിക്കാൻ തീരുമാനിക്കുകയാണ്.

3) ഇടവക കമ്മിറ്റിയുടെയും, വികാരിയച്ചന്റെയും, ഇടവകയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെയും സഹകരണത്തിലൂടെ ശരീരം ദഹിപ്പിക്കാൻ ഉപകരിക്കുന്ന മൊബൈൽ ക്രിമേഷൻ യൂണിറ്റുകളെ മുൻകൂട്ടി സംഘടിപ്പിച്ച് വേണ്ട മുന്നൊരുക്കം നടത്തേണ്ടതാണ്. ശവദാഹത്തിനുള്ള കേന്ദ്രങ്ങൾ സമീപപ്രദേശത്ത് ഉണ്ടെങ്കിൽ അവിടെ ശവദാഹം നടത്താവുന്നതാണ്. സിമിത്തേരിയിൽ അല്ല ശവദാഹം നടത്തുന്നതെങ്കിൽ ഭസ്മം വേണ്ടത്ര ആദരവോടെ കൊണ്ടുവന്ന് ലിറ്റർജി കമ്മീഷൻ ഇതിനകം നൽകിയിട്ടുള്ള അന്തിമോപചാരക്രമം പാലിച്ച് ഇടവക സെമിത്തേരിയിൽ അടക്കം ചെയ്യേണ്ടതാണ്. അത് വീടുകളിൽ സൂക്ഷിക്കാനോ, പുഴയിലോ മറ്റോ ഒഴുക്കിക്കളയാനോ പാടില്ലാത്തതാണ്.

4) കോവിഡ് മരണം ഉണ്ടാകുമ്പോൾ ക്യൂരിയായിൽ അറിയിക്കുകയും, ഇതിനായുള്ള രൂപതാ സെൻട്രൽ ടീം അംഗങ്ങളായ ബഹു.ഫാ.സേവ്യർ കുടിയാംശ്ശേരിൽ, ഫാ.സാംസൺ ആഞ്ഞലിപറമ്പിൽ, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ.ജൂഡോ മൂപ്പശ്ശേരിൽ എന്നിവരെ അറിയിച്ച്, അവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ സഹായസഹകരണങ്ങൾ തേടേണ്ടതാണ്.

5) കോവിഡ് മഹാമാരി സാമൂഹിക വ്യാപാരത്തിലൂടെ പടരുന്നതായി ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞു. അതിനാൽതന്നെ രൂപതയിലെ എല്ലാ പ്രദേശങ്ങളിലും പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചും ഏവരും ജാഗ്രത പാലിക്കേണ്ടതാണ്. ഇടവക സംവിധാനത്തിലൂടെ ഇതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കുമല്ലോ.

കർത്താവിന്റെ കൃപയിൽ ആശ്രയിച്ചുകൊണ്ട് ഈ വലിയ വിപത്തിനെ അതിജീവിക്കാൻ ഏവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്നേഹപൂർവം ജെയിംസ് ആനാപ്പറമ്പിൽ.

ആലപ്പുഴ / 27-07-2020

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker