Kerala

കോവിഡ് മരണങ്ങളെ മുതലെടുക്കുന്ന വേതാളങ്ങൾ – “കൊവിഡ് ബാധിച്ച് മരണപ്പെട്ട കന്യാസ്ത്രീയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍”… എന്താണ് യാഥാർഥ്യം!

ഈ ഹെല്‍ത്ത് വര്‍ക്കേഴ്സിന്‍റെ സന്മനസ്സ് കണ്ട സിസ്റ്റേഴ്സ് അവര്‍ക്കു നല്കാന്‍ പണവും ഉത്തരവാദിത്വപ്പെട്ടവരെ ഏൽപ്പിച്ചു...

സ്വന്തം ലേഖകൻ

ആലുവ: പോപുലര്‍ ഫ്രണ്ടിനുവേണ്ടി തേജസ് പത്രമാണ് “കൊവിഡ് ബാധിച്ച് മരണപ്പെട്ട കന്യാസ്ത്രീയുടെ അന്ത്യകര്‍മങ്ങള്‍ നടത്തി പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍” എന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. തേജസിന്റെ റിപ്പോർട്ടിങ് ഇങ്ങനെയാണ്: ‘ശ്വാസം മുട്ടലിനെത്തുടര്‍ന്ന് പഴങ്ങനാട് സമരിറ്റന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. മരണശേഷം കൊവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവാണെന്ന് അറിയുന്നത്. ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി പി അന്ത്രുവിന്റെ അഭ്യര്‍ഥന മാനിച്ചാണ് പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് തയ്യാറായത്. ആലുവ ചുണങ്ങംവേലിയിലെ എസ്ഡി കോണ്‍വെന്റിലെ സെമിത്തേരിയിലാണ് സിസ്റ്ററെ സംസ്‌കരിച്ചത്’.

ഈ കഥയുടെ വഴി ഇങ്ങനെ:

എറണാകുളം-അങ്കമാലി അതിരൂപതയിലുള്ള SD സന്യാസ സമൂഹത്തിലെ 73 വയസ്സുള്ള ഡയബെറ്റിക്ക് രോഗി ആയിരുന്ന സിസ്റ്റർ ക്ലെയർ മരണമടഞ്ഞു. കോവിഡ് പരിശോധനയിൽ പോസിറ്റിവാണെന്ന് മനസ്സിലായി, കൂടെ താമസിച്ചിരുന്ന പ്രൊവിൻഷ്യൽ അടക്കം കൊറന്റൈനിൽ പോകേണ്ടിവരുന്നു. തുടർന്ന്, ഹെൽത്തിൽ സഹായം ചോദിക്കുന്നു, കോൺവെന്റ് സിമിത്തേരിയിലെ ആറടി താഴ്ചയുള്ള കല്ലറക്കുഴിപോരാ പത്തടി ആഴം വേണമെന്ന് പറയുന്നു, ഒടുവിൽ ജെസിബി ഒക്കെ വിളിച്ച് കുഴിയെടുക്കുന്നു. തുടർന്ന്, ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി പി അന്ത്രുവിന്റെ നിർദേശപ്രകാരം ഹെൽത്ത് വർക്കേഴ്സ് എന്ന് പരിചയപെടുത്തി കുറച്ചു പേര് സഹായിക്കാൻ എത്തുന്നു. ഈ ഹെല്‍ത്ത് വര്‍ക്കേഴ്സിന്‍റെ സന്മനസ്സ് കണ്ട സിസ്റ്റേഴ്സ് അവര്‍ക്കു നല്കാന്‍ പണവും ഉത്തരവാദിത്വപ്പെട്ടവരെ ഏല്പിക്കുകയും ചെയ്ന്നു.

മരിച്ചടക്കിന് ശേഷം PPE കിറ്റ് ധരിച്ചവരുടെ കൂടെ POPULAR FRONT OF INDIA എന്ന് എഴുതിയ ടി ഷർട്ട് ധരിച്ച രണ്ട് പേര് കൂടെ നിന്ന് ഫോട്ടോ എടുത്ത് “SDPI / പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മരണമടഞ്ഞ കന്യാസ്ത്രീയുടെ അന്ത്യ കർമ്മങ്ങൾ നടത്തി” എന്ന രീതിയിൽ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിപ്പിച്ചു. ആ പ്രചാരണമാണ് തേജസ് പത്രം ഏറ്റെടുത്തതും, ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി പി അന്ത്രുവിന്റെ “അഭ്യര്‍ഥനമാനിച്ചാണ്” പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്നോട്ട് വന്നതെന്നും പുറംലോകം അറിയുന്നത്.

ഇത്തരം പ്രചരണം അനുവദനീയമാണോ?

സർക്കാരിന്റെ സിവിൾ ഡിഫൻസുപോലുള്ള ഏതെങ്കിലും സംവിധാനത്തിൽ രജിസ്റ്റർ ചെയ്തവരായിരിക്കാം ഈ വോളന്റിയർമാർ, അല്ലാതെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടർ ഇവരെ പറഞ്ഞയക്കേണ്ട ആവശ്യവുമില്ലല്ലോ! സർക്കാരിന്റെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ചെയ്യുന്ന ഇത്തരത്തിലുള്ള പൊതുപ്രവർത്തനങ്ങളെയും, മഹാമാരികളെ നേരിടുന്ന പ്രവർത്തനങ്ങളെയും ഏതെങ്കിലും തരത്തിലുള്ള സംഘടനയുടെയോ പാർട്ടിയുടെയോ ബാനറും ഉയർത്തിപ്പിടിച്ച് നടത്തുവാൻ സർക്കാർ അനുവദിക്കുന്നുണ്ടോ? ആരോഗ്യവകുപ്പ് ആവശ്യപ്പെട്ട് മരിച്ചടക്കിന് സഹായിക്കാൻ വന്നവർ “SDPI / പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മരണമടഞ്ഞ കന്യാസ്ത്രീയുടെ അന്ത്യ കർമ്മങ്ങൾ നടത്തി” എന്ന രീതിയിൽ സോഷ്യൽ മീഡിയായിൽ വ്യാപകമായി പ്രചരിപ്പിക്കുന്നത് ശരിയാണോ? പി.പി.ഇ. കിറ്റ് ധരിക്കാതെ, പോപ്പുലര്‍ ഫ്രണ്ടുകാരുടെ ടീ ഷര്‍ട്ട് ധരിച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുന്നത് അനുവദനീയമാണോ?

സർക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിൽ വോളന്റിയറായി പേര് രജിസ്റ്റർ ചെയ്തതിന് ശേഷം മരിച്ച വ്യക്തിയുടെ മൃതദേഹത്തെ പോലും അനാദരിക്കുന്ന രീതിയിൽ പ്രചാരണം നടത്തുന്നവർക്ക് എതിരെ സർക്കാർ നിയമ നടപടി എടുക്കേണ്ടതാണ്. തേജസ് പത്രം പറയുന്നതുപോലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ പി പി അന്ത്രുവിന്റെ അഭ്യര്‍ഥനമാനിച്ചാണ് “പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍” മുന്നോട്ട് വന്നതെങ്കിൽ അക്കാര്യവും സർക്കാർ അന്വേഷിക്കേണ്ടതാണ്.

സിസ്റ്റെർ ക്ലെയര്‍ എസ്.ഡിയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ധാരാളം ഊഹാഭോഗങ്ങൾ പ്രചരിക്കുന്നുണ്ട്, യാഥാർഥ്യം എന്താണെന്ന് എസ്.ഡി. സിസ്റ്റേഴ്സിലെ ഉത്തരവാദിത്വപ്പെട്ടവരോട് സംസാരിച്ചതിന്റെ വെളിച്ചത്തിൽ ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറയുന്നത് ഇങ്ങനെ:

എറണാകുളം അതിരൂപതയില്‍ രാജഗിരി ശ്രീമുലനഗരം ഇടവകയിലെ വടക്കുംഞ്ചേരി കുടുംബാംഗവും എസ്.ഡി സിസ്റ്റേഴ്സിന്‍റെ എറണാകുളം പ്രോവിന്‍സിലെ കുഴുപ്പിള്ളി മാഠാംഗവുമായിരുന്നു സി. ക്ലെയര്‍. 73 വയസ്സുണ്ടായിരുന്ന സിസ്റ്റര്‍ ക്ലെയര്‍ ഒരു ഡയബെറ്റിക് രോഗിയായിരുന്നു.

കുഴുപ്പിള്ളി മഠത്തില്‍ നിന്നും ഈ നാളുകളില്‍ സി. ക്ലെയര്‍ അധികം പുറത്തിറങ്ങിയിട്ടില്ലെങ്കിലും സിസ്റ്ററുടെ മരണവുമായി ബന്ധപ്പെട്ട കോവിഡ് ടെസ്റ്റ് പോസിറ്റിവായിരുന്നു. ജൂലൈ 15-ാം തീയതി ഏകദേശം രാവിലെ 11 മണിയോടെയാണ് സി. ക്ലെയറിനെ പനി കലശാലാവുകയും ശ്വാസമുട്ടലും ആരംഭിച്ചതിന്‍റെ ഫലമായി എസ്.ഡി സിസ്റ്റേഴ്സ് തന്നെ നടത്തുന്ന പഴങ്ങനാട് സമാരിറ്റന്‍ ആശുപത്രിയില്‍ എത്തിച്ചത്.

ആശുപത്രിയില്‍ എത്തി പരിശോധിച്ചതിന്റെ ഫലമായി കൊറോണ വൈറസിന്റെ ബാധ സംശയച്ചതിനാല്‍ അന്നു തന്നെ സിസ്റ്ററിന്റെ സ്വാബ് പരിശോധനയ്ക്ക് അയച്ചു. പക്ഷേ ആ റിസള്‍ട്ട് വരുന്നതിനു മുന്‍മ്പേ അന്നു വൈകീട്ട് 9 മണിയോടെ ഹൃദയസ്തംഭനം ഉണ്ടായി സി. ക്ലെയര്‍ അന്ത്യശ്വാസം വലിച്ചു.

ഉടന്‍ തന്നെ എസ്.ഡി പ്രോവിന്‍ഷ്യലും ടീമും സിസ്റ്ററിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യാപൃതരായി. പക്ഷെ അവരെ മുള്‍മുനയില്‍ നിറുത്തിയത് കൊവിഡ് ടെസ്റ്റിന്‍റെ ഫലം ലഭിക്കാനുള്ള കാലതാമസമായിരുന്നു.

ഇതിനിടയില്‍ സി.ക്ലെയര്‍ മരിച്ച കാര്യം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പതിവുപോലെ അതിരൂപതാ ആര്‍ച്ചുബിഷപ് കരിയിലിനെയും എസ്.ഡി സൂപ്പീരയര്‍ ജനറല്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനെയും അറിയിച്ചു. വീട്ടുകാരെയും മറ്റും പതിവുപോലെ അറിയിച്ചു. അടുത്തുള്ള ഇടവകകളിലെയും ബന്ധുക്കാരായ വൈദികരെയും അറിയിച്ചു. അപ്പോഴൊക്കെ കൊവിഡ് ടെസ്റ്റിന്‍റെ ഫലം വന്നിട്ടില്ലായിരുന്നു.

ജൂലൈ 16 ന് ഉച്ചയ്ക്ക് ഏകദേശം 11 മണിക്കാണ് സി.ക്ലെയറിന്റെ കോവിഡ് ടെസ്റ്റ് പോസിറ്റിവാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്. ഈ സാഹചര്യത്തില്‍ സിസ്റ്റേഴ്സ് പ്രവര്‍ത്തിച്ചത് ആ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനു സരിച്ചാണ്. കളക്ടറെയും മറ്റും വിളിച്ച് സിസ്റ്റേഴ്സ് കാര്യങ്ങള്‍ പറഞ്ഞു.

ഇവിടെ വ്യക്തമാകാതിരുന്ന കാര്യം പി.പി.ഇ. കിറ്റ് ഉപയോഗിച്ച് 6 പേര്‍ക്ക് ശവസംസ്‌ക്കാരത്തിന് സഹായിക്കാം എന്നു പറയുമ്പോഴും, ഈ കിറ്റ് ഉപയോഗിക്കുന്നവരും 14 ദിവസത്തെ ക്വാരന്‍റൈന് വിധേയരാകണം എന്ന ധാരണയായിരുന്നു. ഇത് അവര്‍ക്ക് ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകരുടെ പക്കല്‍ നിന്നാണെന്നു കരുതുന്നു. മാത്രവുമല്ല കോവിഡ് ബാധിച്ച മരിച്ച വ്യക്തിയെ അടക്കുന്നതിനുള്ള നിബന്ധനകളും ആരോഗ്യപ്രവര്‍ത്തകര്‍ സിസ്റ്റേഴ്സിനു നല്കി.

പത്തടി ആഴത്തില്‍ കുഴിയെടുക്കണം, സംസ്കാരത്തിനുമുമ്പ് ബോഡി അണുവിമുക്തമാക്കണം, 25 കിലോ കുമ്മായം കുഴിയിലിടണം തുടങ്ങിയ നിയമങ്ങളാണത്.
സിസ്റ്റേഴ്സിന്‍റെ ആദ്യ പദ്ധതിയനുസരിച്ച് രണ്ടു സിസ്റ്റേഴ്സിനെയും വീട്ടുകാര്‍ 4 പേരെയും ഈ ദൗത്യം എല്പിക്കാമെന്നായിരുന്നു. പക്ഷേ 14 ദിവസത്തെ ക്വാരന്‍റൈന്‍ എന്നു കേട്ടപ്പോള്‍ വീട്ടുകാരും മടിച്ചു.

ആകപ്പാടെ സിസ്റ്റേഴ്സ് അങ്കലാപ്പിലായി. അപ്പോഴാണ് മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ഉപദേശമനുസരിച്ച് സി.ക്ലെയറിന്‍റെ മൃതദേഹം ദഹിപ്പിച്ച് ചാരം കല്ലറയില്‍ അടക്കാമെന്നും അതിനുള്ള മാര്‍ഗ്ഗങ്ങളും ആരാഞ്ഞത്. അതു പറഞ്ഞപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താമെന്നും അവര്‍ ആംബുലന്‍സ് അയക്കാമെന്നും സിസ്റ്റേഴ്സിനെ അറിയിച്ചത്.

അപ്പോഴേക്കും വൈകീട്ട് 5 മണിയായി. ആംബുലന്‍സ് കാണതായപ്പോള്‍ സിസ്റ്റേഴ്സ് അവരെ വീണ്ടും വിളിച്ചു അവസാനം ആംബുലന്‍സ് എത്തി പഴങ്ങനാട് ആശുപത്രിയിലെ രണ്ടു വാര്‍ഡു ബോയ്മാരെ പി.പി.ഇ. കിറ്റ് ധരിച്ച് അതുപോലെ രണ്ടു സിസ്റ്റേഴ്സും ആംബുലന്‍സില്‍ പോകാന്‍ റെഡിയായിരുന്നു.

അപ്പോഴാണ് ചുണങ്ങും വേലിയില്‍ നിന്നും പഴങ്ങനാട്ടുള്ള സിസ്റ്റേഴ്സിന് ഫോണ്‍ വരുന്നത് എത്രയും വേഗം സി.ക്ലെയറിന്‍റെ മൃതദേഹം സിമിത്തേരിയിലേക്ക് എത്തിക്കുക അവിടെ ആരോഗ്യപ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുന്നുവെന്ന്. അപ്പോഴാണ് ആംബുലന്‍സിലുണ്ടായിരുന്ന സിസ്റ്റര്‍ മനസ്സിലാക്കുന്നത് ക്രിമേഷനുള്ള സാധ്യതയില്ലായെന്നും, ആരോഗ്യപ്രവര്‍ത്തകര്‍ ഏതാനും വോളണ്ടിയേഴ്സുമായി ചുണങ്ങുംവേലിയില്‍ കാത്തുനില്‍ക്കുകയാണെന്നും.

ആ വോളണ്ടിയേഴ്സ് ഹെല്‍ത്ത് വര്‍ക്കേഴ്സാണെന്ന ധാരണയാണ് സിസ്റ്റേഴ്സിന് ഉണ്ടായിരുന്നത്. പഴങ്ങനാട് ആശുപത്രിയിലെ വാര്‍ഡ് ബോയ്മാരായ രണ്ടുപേരും വാളണ്ടിയേഴ്സ് (അവര്‍ക്ക് പി.പി.ഇ. കിറ്റ് സിസ്റ്റേഴ്സ് വാങ്ങികൊടുത്തു) 4 പേരും കൂടിയാണ് കല്ലറയ്ക്ക് പുറത്തുള്ള ഭൂമിയില്‍ 10 അടിയുള്ള കുഴിയിലേക്ക് സി.ക്ലെയറിന്‍റെ മൃതദേഹം വച്ചത്. പി.പി ഇ കിറ്റ് ധരിച്ച് ആറ് സിസ്റ്റേഴ്സ് സംസ്കാരം നടത്താന്‍ റെഡിയായി അവിടെ ഉണ്ടായിരുന്നു.

പക്ഷേ വോളണ്ടി യേഴ്സ് ഹെല്‍ത്ത് വര്‍ക്കേഴ്സാണ് എന്ന ധാരണയാണ് അവിടെയുള്ള കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ സിസ്റ്റേഴ്സിനെ ധരിപ്പിച്ചത്. ഈ ഹെല്‍ത്ത് വര്‍ക്കേഴ്സിന്‍റെ സന്മനസ്സ് കണ്ട സിസ്റ്റേഴ്സ് അവര്‍ക്കു നല്കാന്‍ പണവും ഉത്തരവാദിത്വപ്പെട്ടവരെ ഏല്പിക്കുകയും ചെയ്തു.

ഈ സംസ്കാര സമയത്ത് ആറ് മീറ്റര്‍ അകലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ മാനിച്ച് സിസ്റ്റേഴ്സും പ്രാര്‍ത്ഥനയോടെ നില്‍ക്കുന്നുണ്ടായിരുന്നു.

ഈ വാളണ്ടിയേഴ്സ് പോപ്പുലര്‍ ഫ്രണ്ടുകാരാണ് എസ്.ഡി.പിക്കാരാണ് എന്നത് സിസ്റ്റേഴ്സിന് അത് വാര്‍ത്തയായി വന്നപ്പോള്‍ മാത്രമാണ് മനസ്സിലായത്. അവര്‍ ഏതു മതഗ്രൂപ്പില്‍പ്പെട്ടവരായാലും ആ സിസ്റ്റേഴ്സിന്‍റെ അപ്പോഴത്തെ അവസ്ഥയില്‍ അവര്‍ ചെയ്ത കാര്യം അഭിനന്ദനീയം. പക്ഷേ, അത് പിന്നീട് വീഡിയോ പിടിക്കുകയും പി.പി.ഇ. കിറ്റ് ധരിക്കാതെ പോപ്പുലര്‍ ഫ്രണ്ടുകാരുടെ ടീ ഷര്‍ട്ട് ധരിച്ച് നിന്ന് വീഡിയോ ചെയ്തത് വന്യമാണെന്ന് പറയാതെ വയ്യ. അത് ശരിക്കും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണ്. അതിന് ആരാണ് അനുവദിച്ചത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker