കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീരഗാഥ രചിച്ച് കോട്ടപ്പുറം സമരിറ്റൻസ്
ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ കൂടുതൽ പി.പി.ഇ. കിറ്റുകൾ സംഘടിപ്പിക്കുവാനുള്ള വഴികൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഈ സംഘം...
ബിബിൻ ജോസഫ്
കോട്ടപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീരഗാഥ രചിച്ച് കോട്ടപ്പുറം സമരിറ്റൻസ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോട്ടപ്പുറം രൂപതാ പരിധിയിലുള്ള നാനാജാതിമതസ്ഥരായ ആളുകൾക്ക് സഹായമാവുകയാണിവർ. പരസഹായം ആവശ്യമുള്ള രോഗികളെ ടെസ്റ്റിനായി കൊണ്ടുപോകുവാനും, കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ സംസ്കരിക്കുന്നതിനുള്ള സഹായങ്ങൾ ചെയ്യുവാനും, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കുവാനും ഒരു വിളിപ്പാടകലെ സദാസന്നദ്ധരായി ഇവരുണ്ട്. അങ്ങനെ ഈ കോവിഡ് കാലത്ത് ഭയവും, വീട്ടിലെ പ്രായമായവരെയും കുട്ടികളെയുമോർത്തുള്ള ആശങ്കയും നിലനില്‍ക്കുമ്പോള്‍ മാതൃകയാവുകയാണ് കോട്ടപ്പുറം സമരിറ്റൻസ്.
അതുപോലെതന്നെ, സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പി.പി.ഇ. കിറ്റുകളുടെ വില രോഗികളിൽ നിന്നും, മരിച്ച രോഗികളുടെ ബന്ധുക്കളിൽ നിന്നും ഇടാക്കാൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നിർദ്ദേശിക്കുന്ന സാഹചര്യത്തിൽ അവരെ ബുദ്ധിമുട്ടിക്കാതെ കെ.സി.വൈ.എം., കേരള സര്‍വ്വീസ് ഫോറം തുടങ്ങിയ ചില സംഘടനകൾ കൈമാറിയ പരിമിതമായ കിറ്റുകൾ ഉപയോഗിച്ചാണ് ഇവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. ആരെയും ബുദ്ധിമുട്ടിക്കാതിരിക്കാൻ കൂടുതൽ പി.പി.ഇ. കിറ്റുകൾ സംഘടിപ്പിക്കുവാനുള്ള വഴികൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഈ സംഘം. കോവിഡ് രോഗികളും കോവിഡ് മരണങ്ങളും കൂടി വരുന്ന ഈ സാഹചര്യത്തിൽകൂടുതൽ സുരക്ഷാ കിറ്റുകൾ അത്യാവശ്യമായിരിക്കുകയാണ്.
കോട്ടപ്പുറം ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്) ഡയറക്ടറായ ഫാ.പോൾ തോമസിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം വൈദികരും വിശ്വാസികളും അടങ്ങുന്ന സംഘമാണ് കോട്ടപ്പുറം സമരിറ്റൻസ്. ഫാ.ഡയസ്സ്, ഫാ.നീല്‍, ഫാ.ഡെന്നീസ്, ഫാ.നോയല്‍, ഫാ.ബിജു പാലപ്പറമ്പില്‍, ഫാ.ഷിനു, ഫാ.ഷിജു, ഫാ.സിബിന്‍, സെബാസ്റ്റ്യന്‍, ആമോസ്, ജിതിന്‍, ആന്റെണി, ജോജി, ഷെറിന്‍, ജില്‍ജു തുടങ്ങി ഒത്തിരിപ്പേര്‍ സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്.