കോഴിക്കോട് രൂപതയിൽ ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കമായി
നവംബർ 12-ന് രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ കോൺഗ്രസ് ആഘോഷം...
ജോസ് മാർട്ടിൻ
കോഴിക്കോട്: “സഭ ക്രിസ്തുവിൽ പണിയപ്പെട്ടു കൊണ്ടിരിക്കുന്ന ഭവനം” എന്ന ആപ്ത വാക്യത്തിൽ ഊന്നിക്കൊണ്ട് കേരള സഭയിൽ ആരംഭിച്ചിരിക്കുന്ന സഭാ നവീകരണത്തോട് അനുബന്ധിച്ച ദിവ്യകാരുണ്യ കോൺഗ്രസിന് കോഴിക്കോട് രൂപതയിൽ തുടക്കമായി.
കോഴിക്കോട് ദൈവമാതാ കത്തീഡ്രൽ ജൂബിലി മെമ്മോറിയൽ ഹാളിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ കോഴിക്കോട് രൂപത അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ “വിശുദ്ധ കുർബാന ഓർമ്മയുടെ ആഘോഷം” എന്ന ധ്യാനചിന്ത പങ്കുവെച്ചുകൊണ്ട് ദിവ്യകാരുണ്യ കോൺഗ്രസിന് തുടക്കം കുറിച്ചു.
വികാരി ജനറൽ മോൺ. ജൻസൻ പുത്തൻവീട്ടിൽ, റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ബ്രദർ സന്തോഷ് കരുമാത്ര എന്നിവർ സംസാരിച്ചു. കോഴിക്കോട് രൂപതയുടെ ഭാഗമായ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിവിധ ദേവാലയങ്ങളിൽ നിന്നും വിശ്വാസികളും സന്യസ്ഥരും വൈദികരും ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഉദ്ഘാടനത്തിൽ പങ്കുചേർന്നു.
ദിവ്യകാരുണ്യ കോൺഗ്രസിന്റെ തുടർച്ചയായി നവംബർ 12-ന് രൂപതയിലെ എല്ലാ ഇടവകകളിലും ദിവ്യകാരുണ്യ കോൺഗ്രസ് ആഘോഷം നടത്തുവാൻ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തതായി ഫാ. നിധിൻ ആന്റണി അറിയിച്ചു.