World

കൊർകൊവാദോ മലമുകളിലെ ക്രിസ്തുശില്പം നവതിയുടെ നിറവിൽ

2007-ലാണ് ഇത് ലോക മഹാത്ഭുതങ്ങളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ടത്...

ഫാ.വില്യം നെല്ലിക്കൽ

ബ്രസീലിലെ റിയോ നഗരമദ്ധ്യത്തിലെ ദൃശ്യവിസ്മയം:
തെക്കെ അമേരിക്കൻ രാജ്യമായ ബ്രസീലിലെ മഹാനഗരമായ റിയോ ദി ജനേരോയുടെ ഹൃദയഭാഗത്ത് 1931-ൽ സ്ഥാപിതമായ ഭീമൻ ശില്പത്തിനാണ് 2021 ഒക്ടോബർ 12-ന് സംസ്ഥാപനത്തിൻറെ 90 വയസ്സു തികഞ്ഞത്. “ക്രിസ്തോ റിദേൻതോറെ”യെന്നും (Cristo Redentore) “ക്രിസ്തോ റേ”യെന്നും (Cristo Re) ബ്രസീലിൻ ജനത ഇതിനെ വിളിക്കുന്നു. കുരിശാകാരമുള്ള ക്രിസ്തുശില്പം വെളുത്ത സിമെൻറ് കോൺക്രീറ്റും മാക്കല്ലും (soapstone) ചേർത്തുണ്ടാക്കി സ്റ്റീൽ കമ്പികളിൽ ബലപ്പെടുത്തിയിട്ടുള്ളതാണ്. ശില്പത്തിന് 125 അടി അല്ലെങ്കിൽ 38 മീറ്റർ ഉയരമുണ്ട് – ഏകദേശം ഒരു 13 നിലകെട്ടിടത്തിൻറെ ഉയരം! 2127 അടി, അല്ലെങ്കിൽ 710 മീറ്റർ ഉയരമുള്ള റിയോ നഗരമദ്ധ്യത്തിലെ കൊർകൊവാദോ മലമുകളിലാണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്. ഇരുകരങ്ങളും വിരിച്ച് മന്ദസ്മിതത്തോടെ ഏവരെയും ആശ്ലേഷിക്കുന്ന ക്രിസ്തുശില്പം നഗരവാസികൾക്കും ബ്രസീലിയൻ ജനതയ്ക്കും സമാധാനത്തിൻറെയും സ്നേഹത്തിൻറെയും പ്രതീകമാണ്. 2007-ലാണ് ഇത് ലോക മഹാത്ഭുതങ്ങളിൽ ഒന്നായി പ്രഖ്യാപിക്കപ്പെട്ടത്. ശില്പത്തിൻറെ ചുവട്ടിൽ സന്ദർശകർക്ക് സമ്മേളിക്കാവുന്ന വിസ്തൃതമായ ഒരു ഗ്യാലറിയുണ്ട്. റിയോ നഗരത്തിൽനിന്നും കാറിലോ, ബസ്സിലോ, ചെറിയ ട്രെയിനിലോ ശില്പത്തിൻറെ ചുവട്ടിൽ എത്തിച്ചേരാവുന്നതാണ്.

ശില്പത്തിൻറെ ഉല്പത്തി:
1850-ന്റെ മദ്ധ്യത്തിൽ റിയോ നഗരത്തിലെ വിൻസെൻഷ്യൻ ആശ്രമശ്രേഷ്ഠനായിരുന്ന പെദ്രോ മരിയ ബോസ് എന്ന വൈദികനാണ് കൊർകൊവാദോ മലമുകളിൽ ക്രിസ്തുശില്പം സ്ഥാപിക്കണമെന്ന ചിന്തയുടെ സൂത്രധാരൻ. എന്നാൽ, അക്കാലത്ത് സഭയും ഭരണകർത്താക്കളും തമ്മിൽ നിലനിന്ന അകൽച്ചമൂലം ഫാദർ പെദ്രോയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാതെ പോയി. 1920-ൽ റിയോയിലെ ക്രൈസ്തവ സമൂഹം ഫാദർ പെദ്രോയുടെ ആത്മീയ സ്വപ്നം ഏറ്റെടുക്കുകയും അതിന്റെ പ്രചാരണത്തിനും ധനശേഖരണത്തിനുമായി ഒരു “സ്മാരകവാരം” (Semenado Monumento) ആചരിക്കുകയും ചെയ്തു. സമൂഹത്തിൽ അന്ന് ഉയർന്നുവന്ന നിരീശ്വരവാദത്തിന് (godlessness) എതിരായ നീക്കം കൂടിയായിരുന്നു ക്രിസ്തുശില്പ സംസ്ഥാപനം. സ്മാരകവാരത്തിൽ പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനാവശ്യമായ ധനശേഖരണം നടത്തിയതോടൊപ്പം ഭരണകൂടത്തിൽനിന്നും ആവശ്യമായ അനുമതിക്കുള്ള ഒപ്പുശേഖരണവും സംഘാടകർ നടത്തുകയുണ്ടായി. രൂപകല്പനയും നിർമ്മാണവും റിയോ നഗരസഭയിലെ വാസ്തുവിദഗ്ദ്ധരായ ഹെയ്ത്തോർ ഡി’സിൽവ കോസ്തയും കലാകാരനായ കാർളോ ഓസ്വാൾഡും ചേർന്നാണ് ഈ മഹാശില്പം രൂപകല്പന ചെയ്തത്. 1922-ൽ അതിന്റെ നിർമ്മാണം ഫ്രഞ്ച് ശില്പി, പോൾ ലാണ്ടോസ്കിയെ എല്പിച്ചു. ഫ്രഞ്ച് ഡെക്കോ ശൈലിയിൽ അദ്ദേഹം കോൺക്രീറ്റ്-മാക്കല്ല് കൂട്ടിനെ സ്റ്റീലുകൊണ്ട് ബലപ്പെടുത്തിയ ശില്പം വാർത്തെടുത്തു. 1931 ഒക്ടോബർ 12-ന് ശില്പം റിയോ നഗരമദ്ധ്യത്തിൽ അനാവരണം ചെയ്തതിന്റെ 90-ാം വാർഷികമാണ് ബ്രസീൽ ഈ ദിനങ്ങളിൽ ആഘോഷിക്കുന്നത്.

പ്രാർത്ഥന:
കോവിഡ്-19 മഹാമാരിയുടെ ദുരന്തത്തിൽനിന്ന് ബ്രസീലിയൻ ജനതയെ മാത്രമല്ല ലോകജനതയെ ആകമാനം സൗഖ്യദാതാവായ ക്രിസ്തു തൻറെ സ്നേഹാശ്ലേഷത്തിൽ പരിരക്ഷക്കട്ടെയെന്നും നമുക്കു പ്രാർത്ഥിക്കാം!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker