Kerala

കൊല്ലം രൂപതയിലെ സെയിന്റ്സ് ഫാൻസ്‌ അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിക്കുന്നു

എന്താണ് സെയിന്റ്സ് ഫാൻസ്‌ അസോസിയേഷൻ...

ഫാ.ഐസക് ഔസേപ്പ്

കൊല്ലം: കൊല്ലം രൂപതയിലെ അൽമായ ഭക്തസംഘടനയായ സെയിന്റ്സ് ഫാൻസ്‌ അസോസിയേഷൻ രൂപതാതലത്തിൽ ഔദ്യോഗിക ഭക്തസംഘടനയായി ഉയർത്തപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിലേക്ക് പ്രവേശിക്കുന്നു. 2020 നവംബർ 30-നാണ് ആഘോഷപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

1) സെയിന്റ്സ് ഫാൻസ്‌ അസോസിയേഷൻ രൂപതയിൽ രൂപം കൊള്ളുന്നു:

“അശുദ്ധിയിലേക്കല്ല വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്” (1തെസ.4:7) എന്ന തിരുവചനം ഹൃദയത്തിൽ സംഗ്രഹിച്ച് ഒരു കൂട്ടം യുവജനങ്ങൾ കൊല്ലം രൂപതയിലെ മുക്കാട് ഇടവകയിൽ 2009 നവംബർ മാസം മോൺ.കെ.ജെ.യേശുദാസിന്റെ നേതൃത്വത്തിൽ ഒരുമിച്ചുകൂടുകയായിരുന്നു. സെലിബ്രിറ്റികളുടെ ഫാൻസ്‌ ക്ലബ്ബുകൾ രൂപീകരിച്ച് മനുഷ്യവിഗ്രഹങ്ങളുടെ പുറകെ പോകുന്ന സമൂഹത്തിൽ നിന്നും വ്യത്യസ്‍തരായി നമ്മോടൊപ്പം ഈ ലോകത്തിൽ ജീവിച്ച് വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറിയ അനേകായിരം വിശുദ്ധരെ അനുകരിച്ച് അവരുടെ ഫാൻസായി അവരെപ്പോലെ നാം ഓരോരുത്തരും ഈ കാലഘട്ടത്തിലെ ജീവിക്കുന്ന വിശുദ്ധരാവുക എന്നതാണ് സെയിന്റ്സ് ഫാൻസ്‌ അസോസിയേഷൻ എന്ന പേരുകൊണ്ട് ഈ ഭക്തസംഘടന അർത്ഥമാക്കുന്നത്. ‘To Christ with Saints at Mission’ – ‘ക്രിസ്തുവിലേയ്ക്ക് വിശുദ്ധരോടൊപ്പം പ്രേഷിതകർമ്മനിരതരായി’ എന്ന ആപ്തവാക്യവുമായി വിശുദ്ധരെ വാർത്തെടുക്കുന്ന, ജീവിക്കുന്ന വിശുദ്ധരുടെ ഒരാത്മീയ കൂട്ടായ്മ്മ അങ്ങനെ രൂപം കൊണ്ടു. 2009 നവംബർ 29 ഞായറാഴ്ച മുക്കാട് തിരുക്കുടുംബ ദേവാലയത്തോടുചേർന്നുള്ള വിശുദ്ധ അന്തോണിസിന്റെ കുരിശ്ശടിയിൽ വെച്ചാണ് മോൺ.കെ.ജെ.യേശുദാസ് സെയിന്റ്സ് ഫാൻസ്‌ അസോസിയേഷൻ എന്ന ഭക്തസംഘടനയുടെ ഇടവകതല ഉൽഘാടനം നിർവഹിച്ചത്. പിന്നീട് ഈ സംഘടന കൊല്ലം രൂപതയിലെ കോവിൽത്തോട്ടം, ശക്തികുളങ്ങര എന്നീ ഇടവകകളിലേക്കു വ്യാപിക്കുകയും, നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയുമായിരുന്നു.

2) സെയിന്റ്സ് ഫാൻസ്‌ അസോസിയേഷന്റെ ലക്‌ഷ്യം:

നീണ്ട പത്തുവർഷമായി ആത്മീയ, ജീവകാരുണ്യ, പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിസ്തുലമായ സേവനമാണ് സംഘടന കാഴ്ചവെക്കുന്നത്. ആത്മീയതയിൽ ഉറച്ചുനിന്നുകൊണ്ട് ധാർമ്മിക മൂല്യങ്ങളും, വിശ്വാസ സത്യങ്ങളും പഠിക്കുകയും, ജീവിതചര്യയാക്കുകയും ചെയ്യുക എന്നത് ഓരോ അംഗങ്ങളുടെയും കടമയാണ്. സഭയോടും സഭാതലവന്മാരോടും ചേർന്ന് നിന്നുകൊണ്ട് പ്രാർത്ഥനയിലും കൂദാശാജീവിതത്തിലും വളർന്നുവന്ന് ജീവിത വിശുദ്ധിപ്രാപിക്കുകയാണ് ലക്‌ഷ്യം. അനുദിന ദിവ്യബലിയിലുള്ള പങ്കാളിത്തവും ദിവ്യകാരുണ്യ സ്വീകരണവും, കുമ്പസാര കൂദാശയും, അനുദിന കുടുംബപ്രാർത്ഥനയും, അനുദിന ബൈബിൾ പാരായണവും സംഘടന പ്രോത്സാഹിപ്പിക്കുന്നു.

3) സംഘടനാ പ്രവർത്തനങ്ങൾ – ആത്മീയ മേഖല:

സംഘടനാംഗങ്ങൾ മാസത്തിൽ ഒരിക്കൽ ഒത്തുചേരുകയും പ്രാർത്ഥനായോഗം സംഘടിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ദിവ്യകാരുണ്യ ആരാധന, ജപമാലപ്രാർത്ഥന, സകലവിശുദ്ധരുടെ ലുത്തിനിയ തുടങ്ങിയവയിലൂടെ സംഘടനക്കുവേണ്ടിയും, ഉപകാരികൾക്കുവേണ്ടിയും, ലോകം മുഴുവന്റെ വിശുദ്ധീകരണത്തിനുവേണ്ടിയും പ്രാർത്ഥിക്കുന്നു. വിശുദ്ധമായ ജീവിത ശൈലിവഴി മറ്റുള്ളവരെ വിശുദ്ധിയിലേക്കടുപ്പിക്കുന്നതോടൊപ്പം, പൗരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേക്കുമുള്ള ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനും സംഘടന ശ്രദ്ധചെലുത്തുന്നു.

4) സംഘടനാ പ്രവർത്തനങ്ങൾ – ഭൗതീക മേഖല:

സംഘടനയുടെ ഒരു പ്രധാന മേഖലയാണ് പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിച്ച് പ്രകൃതിസ്നേഹ പ്രവർത്തികളിൽ പങ്കാളികളാവുക എന്നത്. നമ്മൾ ജീവിക്കുന്ന സ്ഥലവും പരിസരവും മാത്രമല്ല പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാൻ ഓരോ അംഗങ്ങളും ശ്രദ്ധിക്കുന്നു. പച്ചക്കറികളും, ഔഷധ സസ്യങ്ങളും, പൂന്തോട്ടങ്ങളും നട്ടുപിടിപ്പിക്കുകയും, ഓരോരുത്തരുടെയും ജീവിത സാഹചര്യമനുസരിച്ച് വളർത്തുമൃഗങ്ങളെയും ജീവജാലങ്ങളെയും പരിപാലിക്കുകയും, അതിനു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ, സർക്കാരിന്റെ കർമ്മപദ്ധതികളോട് ചേർന്ന് പ്രകൃതിയെയും ജീവജാലങ്ങളെയും സ്നേഹിച്ചും പരിപാലിച്ചും, അവയെ അടുത്ത തലമുറയെ പരിശീലിപ്പിക്കുകയും കരുതിവെക്കുകയും ചെയ്യുക അംഗങ്ങളുടെയും ഉത്തരവാദിത്തമാണ്.

5) സംഘടനാ പ്രവർത്തനങ്ങൾ – സാമൂഹ്യ മേഖല:

ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടനയുടെ മറ്റൊരു മേഖല. ലഹരി പദാർത്ഥങ്ങൾ വർജ്ജിക്കുന്നതിനായുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുകാരാകുക; ഗർഭചിദ്രമെന്ന കൊടിയ തിന്മക്കെതിരെ ശബ്ദമുയർത്തുക; ശിഥിലമാകുന്ന കുടുംബബന്ധങ്ങളും വിവാഹജീവിതവും കൂട്ടിയിണക്കാൻ ശ്രമിക്കുക; ദൈവത്തിന്റെ ദാനമായ മക്കളെ ഉദാരമായി സ്വീകരിക്കാൻ ദമ്പതികളെ പ്രാപ്തരാക്കുക; സഭാ വിശ്വാസം ഉപേക്ഷിച്ചുപോയവരെ തിരികെകൊണ്ടുവരാനുള്ള അവസരങ്ങളൊരുക്കുക; സാമൂഹ്യമാധ്യമങ്ങളും ഇലക്ട്രോണിക്-വിവര-സാങ്കേതിക വിദ്യകളും ശരിയായ ദിശയിൽ ഉപയോഗിക്കാൻ പുതുതലമുറയെ പ്രാപ്തരാക്കുക, സെലിബ്രിറ്റികളെ അനുകരിച്ച് മനുഷ്യ വിഗ്രഹങ്ങൾക്ക് പുറകെ പോകുന്ന തലമുറയെ ക്രിസ്താനുകരണത്തിലൂടെയും, വിശുദ്ധരുടെ ജീവിത മാതൃകയിലൂടെയും ജീവിക്കാൻ പ്രേരിപ്പിക്കുക എന്നിവ ഓരോ അംഗങ്ങളുടെയും ഉത്തരവാദിത്തമാണ്.

അതുപോലെതന്നെ, രക്ത ദാനം എന്ന മഹാദാനത്തിൽ പങ്കാളികളാകുകയും, രോഗികളും അശരണരുമായവരെ സന്ദർശിക്കുകയും, അവർക്കു വേണ്ട സഹായങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്യുക, നിർധന കുടുംബങ്ങളെയും, നിർധന വിദ്യാർത്ഥികളെയും സഹായിക്കുക എന്നിവയും സംഘടനയുടെ ജീവകാരുണ്യ മേഖലകളിൽപ്പെട്ടവയാണ്. ഇതിനായി സെമിനാറുകളും ബോധവൽക്കരണ ക്ലാസ്സുകളും, മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുകയും അംഗങ്ങളുടെ ഉത്തരവാദിത്തമാണ്.

6) സെയിന്റ്സ് ഫാൻസ്‌ അസോസിയേഷന്റെ പ്രത്യേകത:

മറ്റു സംഘടനകളിൽനിന്നും വ്യത്യസ്തമായി പ്രായഭേദമെന്യേ, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും അംഗങ്ങളാകാമെന്നതാണ് ഈ സംഘടനയുടെ പ്രത്യേകത. തിരുസഭയിൽ ഏതു പ്രായത്തിലുള്ളവർക്കും, സ്ത്രീപുരുഷ വ്യത്യാസമില്ലാതെയും, ഏത് ജീവിതാന്തസ്സിലായിരുന്നു കൊണ്ടും വിശുദ്ധരാകാൻ സാധിക്കുമെന്ന മാതൃകയാണ് ഇതിനടിസ്ഥാനം. നാല് വിഭാഗങ്ങളായാണ് ഈ സംഘടനയെ തരം തിരിച്ചിരിക്കുന്നത്.

1. കുട്ടികളുടെ വിഭാഗം, 2. കൗമാരക്കാരുടെ വിഭാഗം, 3. യുവജന വിഭാഗം, 4. മുതിർന്നവരുടെ വിഭാഗം.

ഒരാൾ ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെ ഈ സംഘടനയുടെ അംഗമായി, വിശുദ്ധിയിൽ പൂർണ്ണത പ്രാപിക്കാം എന്നതാണ് ഇതിന്റെ അടിസ്ഥാനം. ഈ നാലുവിഭാഗങ്ങൾക്കും നേതൃത്വം ഉണ്ടെങ്കിലും, നാല് വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുപോകാൻ ഒരു പൊതുനേതൃത്വവും ഉണ്ടായിരിക്കും.

7) സെയിന്റ്സ് ഫാൻസ്‌ അസോസിയേഷനെ രൂപതാതല ഭക്തസംഘടനയായി ഉയർത്തുന്ന പ്രഖ്യാപനം:

നീണ്ട പത്തുവർഷത്തോളം സംഘടന വിവിധ ഇടവകകളിൽ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചും, സംഘടനയുടെ ഇടവകകളിലെ പ്രതിനിധികളുടെ അപേക്ഷ പരിഗണിച്ചുകൊണ്ടും, 2019 മെയ് മാസം 21-ന് കൊല്ലം രൂപതാ മെത്രാൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് കാനോൻ നിയമപ്രകാരം സെയിന്റ്സ് ഫാൻസ്‌ അസോസിയേഷൻ ഒരു ഭക്ത സംഘടനയായി രൂപതാതലത്തിൽ ഉയർത്തിക്കൊണ്ട് ഉത്തരവുനൽകി.

സംഘടനയുടെ ആദ്യ ഡയറക്ടറായി ഫാ.റ്റെറി തങ്കച്ചനെ 2019 സെപ്റ്റംബർ 20-ന് നിയമിച്ചു. തുടർന്ന്, സംഘടനയുടെ രൂപതാതല ഔദ്യോഗിക ഉദ്‌ഘാടനം 2019 നവംബർ 30-ന് കൊല്ലം രൂപതയിലെ മാവേലിക്കര ഫൊറോനയിലെ കാരിച്ചാൽ തിരുക്കുടുംബ ദേവാലയത്തിൽ വെച്ച് അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി പിതാവ് നിർവഹിച്ചു. സംഘടനക്ക് രൂപതാതല അംഗീകാരം ലഭിച്ചതിനുശേഷം സംഘടനയുടെ പുതിയ യൂണിറ്റുകൾ രൂപതയിലെ മറ്റു ഇടവകകളിലേക്കും വ്യാപിപ്പിച്ചു. മുക്കാട്, ശക്തികുളങ്ങര, കോവിൽത്തോട്ടം എന്നീ യൂണിറ്റുകൾ കൂടാതെ പുതുതായി അഷ്ടമുടി, വളവിൽത്തോപ്പ്‌, പുത്തെൻതുരുത്ത്, കാരിച്ചാൽ, ലൂർദുപുരം എന്നീ യൂണിറ്റുകളും നിലവിൽ വന്നു.

8) സെയിന്റ്സ് ഫാൻസ്‌ അസോസിയേഷന്റെ ഒരു വർഷക്കാലം:

ഒരുവർഷത്തിനുള്ളിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ട് വിശുദ്ധിയിൽ വളരുവാൻ സംഘടനക്ക് സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തി Saints Fans Association, Diocese of Quilon എന്ന YouTube ചാനലിലൂടെയും, Saints Fans Association, Diocese of Quilon എന്ന ഫേയ്സ്ബുക്ക് പേജിലൂടെയും നിരവധി സുവിശേഷ വൽക്കരണപരിപാടികൾ നടത്താൻ സംഘടനക്ക് സാധിച്ചു. അനുദിന ദിവ്യബലിയും, ജപമാലയും ഓൺലൈനായി എല്ലാവരിലേക്കും എത്തിക്കാൻ സംഘടനക്ക് സാധിക്കുന്നുണ്ട്.

കൂടാതെ, ‘വിശുദ്ധരാകാം വിശുദ്ധരോടൊപ്പം’ എന്ന വിശുദ്ധരുടെ ജീവചരിത്ര വീഡിയോ അവതരണം, സഭാശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരും അല്മായരും ഞായറാഴ്ചകളിലും തിരുനാൾ ദിനങ്ങളിലും നല്കുന്ന ‘എഫാത്താ’ എന്ന വചന വീഡിയോ സന്ദേശം; ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്നുകൊണ്ട് 150 അംഗങ്ങൾ 150 ദിവസം കൊണ്ടു വായിച്ചവതരിപ്പിക്കുന്ന ‘സങ്കീർത്തകനോടൊപ്പം’ എന്ന വീഡിയോ പരിപാടി; 193 ദിവസങ്ങൾ കൊണ്ട് ബൈബിൾ പൂർണ്ണമായും വായിച്ചുതീർക്കുന്ന ‘Verbum Dei ‘ എന്ന വചനപാരായണ പരിപാടി; ‘RJ of Christ’ എന്ന RJ പരിപാടി; ‘Voice of Little Saints’ എന്ന കുട്ടികളുടെ കലാപരിപാടികൾ എന്നിവ സംഘടനയുടെ സുവിശേഷവൽക്കരണ പരിപാടികളിൽ പ്രധാനപ്പെട്ടവയാണ്.

9) സെയിന്റ്സ് ഫാൻസ്‌ അസോസിയേഷന്റെ വാർഷികാഘോഷം:

2020 നവംബർ 30-ന് സംഘടന അതിന്റെ രൂപതാതല ഔദ്യോഗിക ഉൽഘാടനത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ, കോവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത്, രൂപതയിലെ എല്ലാ അംഗങ്ങൾക്കുമായി മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുകയാണ്.

താഴെപ്പറയുന്നവയാണ് മത്സരങ്ങൾ:

1) ‘I am a Saint’ ഓരോരുത്തരും ഏറെ ഇഷ്ടപ്പെടുന്ന വിശുദ്ധരുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ടു എടുക്കുന്ന ചിത്രങ്ങൾ WhatsApp-ൽ അയച്ചു നൽകുക.

2) ഓൺലൈൻ ചിത്രരചന മത്സരം : വിഷയം – ‘വിശുദ്ധി’ (പ്രായ പരിധി ഇല്ല).

3) ഓൺലൈൻ ഉപന്യാസരചന മത്സരം : അഞ്ചു പേജിൽ കവിയാതെ എഴുതുക.
മൂന്നു വിഭാഗങ്ങളായിട്ടാണ് മത്സരം നടത്തപ്പെടുന്നത്:
A) 15 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗം : വിഷയം – ‘എന്റെ കാവൽ മാലാഖ’
B) 16 വയസ്സുമുതൽ 25 വയസ്സുവരെയുള്ളവരുടെ വിഭാഗം : വിഷയം – ‘ക്രൈസ്തവ ജീവിതവും ജീവിത വിശുദ്ധിയും’
C) 26 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗം : വിഷയം – ‘ദൈവദാസൻ ജെറോം പിതാവിന്റെ ജീവിത ദർശനങ്ങളും വിശുദ്ധ ജീവിതവും’.

4) വിശുദ്ധരുടെ ജീവചരിത്ര അവതരണം. (15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായുള്ള മത്സരമാണിത്. ഏറെ ഇഷ്ടപ്പെടുന്ന ഒരു വിശുദ്ധന്റെ ജീവചരിത്രം കാണാതെ പഠിച്ചു വീഡിയോ ആയി അയച്ചു തരിക).

കലാസൃഷ്ടികൾ നവംബർ 29 ന് മുൻപായി +91 9207425234 എന്ന നമ്പറിൽ WhatsApp ആയി അയച്ചു നൽകാവുന്നതാണ്. ആദ്യ മൂന്ന് വിജയികൾക്ക് സമ്മാനങ്ങളും, പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker