കൊറോണാ കാലത്തെ വിശ്വാസവും യുക്തിയും ശാസ്ത്രവും
ശാസ്ത്രജ്ഞർ പോലും കാണിക്കാത്ത ദൈവനിഷേധമാണ് ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചുകൊണ്ട് ചില മാധ്യമ പ്രവർത്തകർ കാണിക്കുന്നത്...
ഫാ.സന്തോഷ് രാജൻ
കൊറോണ വൈറസ് നാം പ്രതീക്ഷിക്കുന്നതിലുമപ്പുറം നാശംവിതച്ച് കൊണ്ട് ഈ ലോകത്ത് മുന്നേറുന്നു. ലോകാരോഗ്യസംഘടന കോവിഡ് 19 രോഗബാധയെ മഹാമാരി എന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു. ലോകം നെഞ്ചിടിപ്പോടെയാണ് ഓരോ ദിവസവും ഉണരുന്നത്. ഈ മഹാദുരന്തത്തിൽ നിന്ന് മോചിതരാകാൻ നാം ഒന്നടങ്കം പ്രയത്നിക്കുമ്പോൾ കത്തോലിക്കാസഭയിൽ ജനപങ്കാളിത്തമുള്ള ദിവ്യബലിയും, പ്രാർത്ഥനകളും, ഭക്തകൃത്യങ്ങളും നിർത്തിവച്ചതിനെ ഓരോ വിശ്വാസിയും വ്യത്യസ്ത കാഴ്ചപ്പാടുകളോടുകൂടിയാണ് വീക്ഷിച്ചത്. സോഷ്യൽ മീഡിയയും ചില മാധ്യമപ്രവർത്തകരും ഉത്തരവാദിത്വപൂർവ്വം പ്രവർത്തിക്കേണ്ട ഈ സാഹചര്യത്തിൽ സഭയെ വിമർശിക്കാനും, ദൈവവിശ്വാസത്തെ പരിഹസിക്കാനുമാണ് അവരുടെ സമയവും ഊർജ്ജവും ചെലവഴിക്കുന്നത്. ഒരു രാജ്യം മുഴുവൻ ഒരു ദുരന്തം ഒഴിവാക്കാൻ അക്ഷീണം പ്രയത്നിക്കുമ്പോൾ അതിനിടയിലും കുത്തിത്തിരിപ്പുണ്ടാക്കാനും, ജനങ്ങളുടെ ഇടയിൽ ചിന്താക്കുഴപ്പം ഉണ്ടാക്കാനുമാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഈ അവസരത്തിൽ കൊറോണാക്കാലത്തെ വിശ്വാസവും യുക്തിയും ശാസ്ത്രവും തമ്മിലുള്ള ബന്ധം നാം മനസ്സിലാക്കണം.
ഓരോ രോഗത്തിനും രോഗബാധയ്ക്കും രണ്ട് തലങ്ങളുണ്ട്. ഒന്ന്; ഭൗതികമായ തലം (physical), രണ്ട്; അതിഭൗതികമായ തലം (metaphysical). ജനനത്തെയും മരണത്തെയും പോലെതന്നെ ആരോഗ്യത്തിനും, അസുഖത്തിനും ഭൗതികാനുഭവസീമകൾക്ക് അതീതമയ അവസ്ഥാവിശേഷം (transcendence) ഉണ്ട്. അതുകൊണ്ടുതന്നെ ഓരോ രോഗത്തെയും മതാത്മകമായി മനുഷ്യൻ നിർവചിക്കുന്നു. വളരെ ലളിതമായി പറഞ്ഞാൽ, ഒരുവൻ രോഗിയായിരിക്കുമ്പോൾ അവന്റെ ദൈവവിശ്വാസം അവനിൽ വലിയ സ്വാധീനം ചെലുത്തുന്നു, വിശ്വാസിയുടെയും അവിശ്വാസിയുടെയും കാര്യത്തിൽ ഇത് വ്യക്തമാണ്. (പ്രത്യേകിച്ച് വളരെ ഗൗരവതരമായ – മരണകാരണമായ രോഗം പിടിപെട്ടാൽ). രോഗം, സഹനം, മരണം എന്നീ യാഥാർത്ഥ്യങ്ങളെ അവൻ അഭിമുഖീകരിക്കുമ്പോൾ മനുഷ്യന് തന്റെ നിസ്സഹായവസ്ഥ ബോധ്യപ്പെടുന്നു.
രോഗിയാകുന്ന അവസ്ഥ ഒരുവന്റെ മനസ്സിൽ ദൈവ വിശ്വാസം, ആചാരം, യുക്തി, ശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾക്ക് സൃഷ്ടിക്കുന്നു. ഒരുകാര്യം ദൈവശാസ്ത്രത്തിൽ (theology) വ്യക്തമാണ്. രോഗവും, സഹനവും, മരണവും ദൈവത്തിന്റെ സാന്നിധ്യമില്ലാത്ത കേവല തിന്മ (absolute evil) അല്ല. കാരണം സർവ്വജ്ഞാനിയും, സർവ്വവ്യാപിയുമായ ദൈവം എല്ലാത്തിലുമുണ്ട് (1 കൊറിന്തോസ് 15:27-28). സർവതും നയിക്കുന്നതും പരിപാലിക്കുന്നതും ദൈവമാണ്. ദൈവമാണ് പ്രപഞ്ചത്തിന്റെ മുഴുവൻ നിയന്താവ്. ജനനവും, ജീവിതവും, രോഗവും, രോഗ സൗഖ്യവും, സഹനവും, മരണവും, മരണാനന്തര ജീവിതവും ദൈവത്തിന്റെ കരങ്ങളിലാണ്. എന്നാൽ, ശരീര – ജീവപ്രകൃതി ശാസ്ത്രത്തിന്റെയും (physiology) രോഗലക്ഷണ -രോഗനിർണയ ശാസ്ത്രത്തിന്റെയും (pathology) അറിവുകളുടെ അടിസ്ഥാനത്തിൽ രോഗചികിത്സയിലേയ്ക്കും മരുന്നുകളിലേക്കും തിരിയുമ്പോൾ പലപ്പോഴും നമുക്ക് വിശ്വാസത്തെ അവഗണിച്ച്കൊണ്ട് ശാസ്ത്രത്തെ മാത്രം മുറുകെപിടിക്കുന്ന പ്രവണതയുണ്ടാകുന്നു. എന്നാൽ, നാം മനസ്സിലാക്കേണ്ട സത്യം വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും യുക്തിയുടെയും ഗുരുത്വാകർഷണ കേന്ദ്രം ദൈവം തന്നെയാണന്നാണ്.
വിശ്വാസവും ശാസ്ത്രവും പരസ്പരവൈരികളല്ല പരസ്പരപൂരകങ്ങളാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് വെറുമൊരു ഭൗതികയാഥാർത്ഥ്യമായിട്ട് മാത്രമല്ല, മറിച്ച് മനുഷ്യൻ ഒരു ആത്മീയയാഥാർത്ഥ്യവുമാണ് യേശു പ്രവർത്തിച്ച എല്ലാ അത്ഭുതങ്ങളിലും, രോഗശാന്തിയിലും മനുഷ്യപ്രയത്നത്തിന്റെ പങ്കാളിത്തമുണ്ട്. കാനായിലെ കല്യാണവീട്ടിൽ അന്തരീക്ഷത്തിൽ നിന്നല്ല യേശു വീഞ്ഞ ഉണ്ടാക്കുന്നത്, മറിച്ച് ഭൃർത്യരോട് ഭരണികളിൽ വെള്ളം നിറയ്ക്കാൻ പറയുന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോറ്റുമ്പോഴും യേശു ഇതു തന്നെയാണ് ചെയ്യുന്നത്. ശിഷ്യന്മാരുടെ കയ്യിലെ മനുഷ്യപ്രയത്ന ഫലമായ അഞ്ചപ്പത്തിൽ നിന്നാണ് യേശു അപ്പം വർദ്ധിപ്പിക്കുന്നത്. യേശു രോഗസൗഖ്യം നൽകിയപ്പോഴൊക്കെ സൗഖ്യം സ്വീകരിക്കുന്നവന്റെ വിശ്വാസവും, പ്രാർത്ഥനയും, പ്രയത്നവും തെളിവാക്കപ്പെട്ടിരുന്നു. ഉദാഹരണമായി ബെത്സൈദാ കുളക്കരയിലെ തളർവാതരോഗി യേശുവിനെ കാണുന്നതിനു മുൻപ് തന്റെതായ രീതിയിൽ കുളത്തിലിറങ്ങി സൗഖ്യം നേടാൻ പരിശ്രമിച്ചിരുന്നു. രക്തസ്രാവക്കാരി സ്ത്രീയാകട്ടെ പല വൈദ്യന്മാരുടെയടുത്തും രോഗ സൗഖ്യത്തിനായി പോയി, അവസാനം അവൾ യേശുവിനാൽ സൗഖ്യമാക്കപ്പെടുന്നു. ഇതിനു മുൻപ് സൗഖ്യമാക്കപ്പെടാൻ അവൾ നടത്തിയ പ്രയത്നങ്ങളെ യേശു വിമർശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നില്ല. ഇത് നമുക്കൊരു ഉൾക്കാഴ്ച നൽകുന്നു. ശാസ്ത്രീയമായ എല്ലാ ഗവേഷണങ്ങളും മനുഷ്യ പ്രയത്നങ്ങളും വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. കാരണം നമ്മുടെ പ്രയത്നങ്ങളെയും വിശ്വാസത്തെയും കണക്കിലെടുത്താണ് ദൈവം ദൈവേഷ്ടപ്രകാരം അത്ഭുതം പ്രവർത്തിക്കുന്നത്.
ഒരു പകർച്ചവ്യാധിയുടെ സമയത്ത് വിശ്വാസത്തെയും ശാസ്ത്രത്തെയും പരിഗണിക്കുമ്പോൾ മനുഷ്യൻ രണ്ട് അപകടകരമായ തീവ്ര നിലപാടുകളിലേക്ക് പോകാറുണ്ട്.
ഒന്നാമത്തെ തീവ്ര നിലപാട്: രോഗിയായിരിക്കുമ്പോൾ രോഗചികിത്സയ്ക്ക് വേണ്ടി ശാസ്ത്രത്തെ മാത്രം ആശ്രയിക്കുക, ശാസ്ത്രീയ മുന്നേറ്റങ്ങളിലും, പരീക്ഷണങ്ങളിലും, സാങ്കേതികവിദ്യയിലും മാത്രം പ്രതീക്ഷയർപ്പിക്കുക. ദൈവത്തെയും, ദൈവവിശ്വാസത്തെയും, ധാർമിക മൂല്യങ്ങളെയും, പ്രാർത്ഥനയെയും, ഭക്ത ജീവിതത്തെയും അവഗണിക്കുക. പ്രത്യേകിച്ച് യുക്തിവാദികൾ ഈ അവസരത്തെ നല്ലവണ്ണം ചൂഷണം ചെയ്യാറുണ്ട്. ശാസ്ത്രം മാത്രമാണ് ശരിയെന്നും, ദൈവത്തിനും ദൈവവിശ്വാസത്തിനും ഈ ലോകത്തിലും മനുഷ്യജീവിതത്തിലും യാതൊരു സ്ഥാനവുമില്ലെന്ന് പറയാൻ അവർ ഈ അവസരം വിനിയോഗിക്കുന്നു. മനുഷ്യബുദ്ധിയെ മാത്രം ആശ്രയിക്കുന്ന അപകടകരമായ പ്രവണതയാണ്. എന്നാൽ ചരിത്രത്തിൽ, കോവിഡ് 19 വൈറസിനെതിരായ മരുന്നു കണ്ടുപിടിക്കുന്ന ഗവേഷണങ്ങളുടെ എല്ലാം അടിസ്ഥാനമായ ആധുനിക സൂക്ഷ്മാണു ശാസ്ത്രത്തിന്റെ (modern microbiology) സഹസ്ഥാപകൻ കത്തോലിക്കാനും, ആഴമേറിയ ദൈവ വിശ്വാസിയും, അതിബുദ്ധിമാനും ഫ്രഞ്ച് ശാസ്ത്രജ്ഞനുമായ ലൂയി പാസ്റ്ററാണ് (1822-1895). രോഗത്തിന് കാരണമാകുന്ന സൂക്ഷ്മാണുക്കളുണ്ടെന്നും, ജീവനുള്ളവയുടെ പരസ്പരസമ്പർക്കത്തിലൂടെ ഈ സൂക്ഷ്മാണുക്കൾ വ്യാപിക്കുമെന്നുമുള്ള കണ്ടുപിടിത്തം 150 വർഷം മുമ്പുള്ള അദ്ദേഹത്തിന്റെ ഗവേഷണഫലമായിരുന്നു. ഒരു ശാസ്ത്രജ്ഞനെന്ന നിലയിൽ വിശ്വാസത്തെയും ശാസ്ത്രത്തെയും കുറിച്ച് ലൂയി പാസ്റ്റർ പറഞ്ഞത് ഇപ്രകാരമാണ്: “ശാസ്ത്രത്തിലുള്ള ചെറിയ അറിവ് ദൈവത്തിൽ നിന്നകറ്റുന്നു. ശാസ്ത്രത്തിലുള്ള വലിയ അറിവ് ദൈവവുമായി അടുപ്പിക്കുന്നു”.
രണ്ടാമത്തെ തീവ്രനിലപാട്: അപകടകരമായ രണ്ടാമത്തെ നിലപാട് ശാസ്ത്രത്തെയും ശാസ്ത്രഗവേഷണങ്ങളെയും അവഗണിച്ചുകൊണ്ട് ഭക്തിയിൽ മാത്രം ആശ്രയിക്കുന്ന നിലപാട്. ഇത് പലപ്പോഴും മതനേതാക്കന്മാരെ മാത്രം ശ്രവിക്കുകയും, ആരോഗ്യപരിപാലനരംഗത്തെ സിവിൽ അധികാരികളെ അവഗണിക്കുകയും ചെയ്യുന്ന നിലപാടാണിത്. തൽഫലമായി പൗരനെന്ന നിലയിൽ സമൂഹത്തോടും തന്നോടുമുള്ള ഉത്തരവാദിത്വം മറന്ന് പ്രവർത്തിക്കുന്നു. ബൗദ്ധികമായ എല്ലാ നിലപാടുകളെയും മുന്നറിയിപ്പുകളെയും അവഗണിച്ചുകൊണ്ട് അന്ധമായ ഭക്തിയെ മാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവർ. നിയമങ്ങളെല്ലാം അവഗണിച്ചുകൊണ്ട് ഞാനെന്ത് ചെയ്താലും ഞാൻ ദൈവവിശ്വാസിയായതുകൊണ്ട് ദൈവം എന്നെ സംരക്ഷിക്കുമെന്ന് ചിന്തിക്കുന്നവർ. യഥാർത്ഥത്തിൽ അവർ ദൈവത്തെ പരീക്ഷിക്കുന്നവരെ പോലെയാണ്. ജെറുസലേം ദേവാലയത്തിന് മുകളിൽ യേശുവിനെ കൊണ്ടുപോയി നീ താഴേക്കുചാടിയാലും നിനക്കൊന്നും സംഭവിക്കില്ല, ദൈവം നിന്നെ താങ്ങിക്കൊള്ളും എന്നുപറഞ്ഞ് യേശുവിനെ പരീക്ഷിക്കുന്ന പിശാചും ഇത്തരമൊരു സൂത്രമാണ് ഉപയോഗിക്കുന്നത്. സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യം ചെയ്യാൻ പറഞ്ഞു കൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ അവൻ യേശുവിനെ പ്രലോഭിപ്പിക്കുകയാണ്. ഇത് മനസ്സിലാക്കി യേശു “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്” എന്ന് മറുപടി നൽകി പിശാചിനെ തോൽപ്പിക്കുന്നു (വി.മത്തായി 4:5-7). ദൈവം അത്ഭുതം പ്രവർത്തിക്കുന്നത് നമുക്ക് ഇഷ്ടമുള്ള പോലെ അല്ല, മറിച്ച് നമ്മുടെ ലോകത്തിനും ജീവിതത്തിനും അത്ഭുതം ആവശ്യമാണെന്ന് ദൈവത്തിന് ബോധ്യമാകുമ്പോഴാണ്. ആത്മീയ പിതാക്കന്മാരുടെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവര്ത്തിക്കുന്നവര് കർത്താവിനെ പരീക്ഷിക്കുകയാണ്.
സഭയും മാധ്യമങ്ങളും
കത്തോലിക്കാസഭയും, മറ്റു പല ദൈവവിശ്വാസികളും (വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ) കോവിഡ് 19 വൈറസിനെ ചെറുക്കാനായി സിവിൽ അധികാരികളോട് സഹകരിച്ച് മതാചാരങ്ങളും സമൂഹ പ്രാർത്ഥനകളും മറ്റു ചടങ്ങുകളും നിർത്തിവെച്ച് സഹകരിക്കുമ്പോൾ ചില മാധ്യമങ്ങൾ അതിനെ പരിഹാസപൂർവ്വമാണ് കണ്ടത്. “ഇവിടെ മതാചാരങ്ങൾ നിർത്തിവെച്ചത് കൊണ്ട് എന്തെങ്കിലും സംഭവിച്ചോ? എന്നും ആചാരം എന്ന് വച്ചാൽ ഇത്രയൊക്കെ ഉള്ളൂ എന്നും, മനുഷ്യന്റെ സൗകര്യത്തിനായി അതിനെ വളയ്ക്കുകയോ ഒടിക്കുകയോ ചെയ്യാമെന്നും” പറയുന്ന അവസ്ഥയിലെത്തി. സമൂഹനന്മയ്ക്കായി നാം എടുത്ത മുൻകരുതലുകളും, സുരക്ഷാ ക്രമീകരണങ്ങളും മാത്രമാണവയെന്നും അല്ലാതെ ആചാരങ്ങളൊക്കെ വ്യർത്ഥമാണെന്നോ, ജനപങ്കാളിത്തത്തോടെയുള്ള് പരിപാവനമായ വിശുദ്ധ കുർബാനയർപ്പണമൊക്കെ വെറുതെ ഒഴിവാക്കാവുന്നതാണെന്നോ ഉള്ള അർഥം ഈ ക്രമീകരണങ്ങൾക്കില്ലെന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവർക്കും മനസ്സിലാകും. കൊറോണ കാലത്ത് മാറ്റിവയ്ക്കപ്പെട്ടതെല്ലാം “ഒഴിവാക്കപ്പെടാവുന്നതാണെന്നും, അതുകൊണ്ട് ഇവിടെ ഒരു ചുക്കും സംഭവിച്ചിട്ടില്ല” എന്നും പറയുന്നവരോട് ചോദിക്കട്ടെ. നിങ്ങൾ പറഞ്ഞ യുക്തിനുസരിച്ചാണെങ്കിൽ ഇനി മുതൽ സ്കൂളുകളിൽ ക്ലാസ്സുകളും വേണ്ട, പരീക്ഷയും വേണ്ട ഒരു ചുക്കും സംഭവിക്കില്ല. ഇനിമുതൽ പാർക്കുകളും, ബീച്ചുകളും, പൊതുസമ്മേളനങ്ങളും, ആഘോഷകരമായ വിവാഹങ്ങളും, ഇലക്ഷനുമൊന്നും വേണ്ട. കാരണം ഇതൊക്കെ ഈ കൊറോണ വൈറസ് കാലത്ത് ഒഴിവാക്കിയ കാര്യങ്ങളായിരുന്നു. ഇതൊക്കെ ഒഴിവാക്കിയത് കൊണ്ട് ഒരു ചുക്കും സംഭവിച്ചതും ഇല്ല. മാധ്യമങ്ങൾ പറഞ്ഞതുപോലെ മനുഷ്യന്റെ സുരക്ഷ കൂടിയിട്ടേയുള്ളൂ. സിവിൾ മേലധികാരികളോട് സഹകരിച്ച് മതമേലധ്യക്ഷന്മാർ എടുത്ത നടപടികളെ എത്ര ബുദ്ധിശൂന്യമായും, വിവേകരഹിതവുമായിട്ടാണ് മാധ്യമങ്ങൾ വളച്ചൊടിച്ചത്. സമൂഹനന്മയ്ക്കായി ദേവാലയങ്ങൾ അടച്ചിട്ട നടപടിയെ പുച്ഛിച്ചുകൊണ്ട് ഇതുവരെ നടത്തിയതെല്ലാം ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള കാര്യങ്ങൾ മാത്രമാണെന്നും, പുരോഹിതർ ദൈവകച്ചവടക്കാരാണെന്നും, യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിന് തുല്യനാണെന്നും പറഞ്ഞ മാധ്യമപ്രവർത്തകരുടെ വാക്കുകൾ അപലപനീയം തന്നെയാണ്. ശാസ്ത്രജ്ഞർ പോലും കാണിക്കാത്ത ദൈവനിഷേധമാണ് ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചുകൊണ്ട് ചില മാധ്യമ പ്രവർത്തകർ കാണിച്ചിരിക്കുന്നത്.
കത്തോലിക്കാ സഭയും വിശ്വാസവും ശാസ്ത്രത്തിന് എതിരാണെന്ന് പറയുന്ന മൂഢസങ്കല്പം ഒന്നുകൂടി വിറ്റ് കാശാക്കാൻ അവർ ശ്രമിക്കുന്നു. കോപ്പർനിക്കസ് മുതൽ ഐൻസ്റ്റീന്റെ സന്തതസഹചാരിയായിരുന്ന വൈദികനായ ശാസ്ത്രജ്ഞൻ ജോർജസ് ലാമെറ്റർ, ന്യൂജേഴ്സി സൈറ്റൺ ഹാൾ യൂണിവേഴ്സിറ്റി പ്രൊഫസർ ഫാ.സ്റ്റാൻലി ജാക്കി, ലോകപ്രശസ്ത വാനനിരീക്ഷകൻ ഫാ.ജോർജ് വി.കൊയ്നെ തുടങ്ങി ആധുനികശാസ്ത്രമണ്ഡലത്തിലും വിരാജിക്കുന്ന ലോകപ്രശസ്തരായ എത്രയോ കത്തോലിക്കാ വൈദികശാസ്ത്രജ്ഞറുണ്ട്. ദൈവ വിശ്വാസികളായ ശാസ്ത്രജ്ഞരുമുണ്ട്. നമ്മുടെ കാലത്തെ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗിന്റെ സംസ്കാര ചടങ്ങ്പോലും ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ദേവാലയത്തില് നടന്നുവെന്ന കാര്യം നാം മറക്കരുത്. ഇതൊന്നും മനസ്സിലാക്കാതെയാണ് ചില മാധ്യമ പ്രവർത്തകരുടെ ജല്പനം.
കുടുംബനാഥനായ വ്യക്തി രോഗിയാകുമ്പോൾ തന്റെ ഭാര്യയിൽ നിന്നും, മക്കളിൽ നിന്നും രോഗകാലഘട്ടത്ത് അകന്നുകഴിയുന്നതിന്റെ അർത്ഥം ഇത്രയുംകാലം കുടുംബനാഥൻ തന്റെ ഭാര്യയെയും മക്കളെയും സ്നേഹിച്ചതും, സ്നേഹം പ്രകടിപ്പിച്ചതും, ഒരുമിച്ച് ജീവിച്ചതും വൃഥാവിലാണെന്നല്ല. അതുകൊണ്ട്, ഇനി രോഗം സൗഖ്യമായതിനു ശേഷം അയാൾ ഭാര്യയേയും മക്കളെയും കുടുംബത്തെയും സ്നേഹിക്കേണ്ടെന്നുമല്ല. അത് വിവേകിയായ കുടുംബനാഥൻ എടുക്കുന്ന മുൻകരുതലുകൾ മാത്രം. ഭാര്യയും മക്കളും ഒത്തുള്ള സമ്പർക്കം ഒഴിവാക്കുമെങ്കിലും സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. അതുപോലെ ആചാരങ്ങൾ അനുഷ്ഠാനങ്ങള് ഒഴിവാക്കപ്പെടുന്നു എങ്കിലും അതിനു പിന്നിലെ വിശ്വാസത്തിന് ഒരു കുറവും സംഭവിക്കുന്നില്ല.
കൊറോണ വൈറസിന്റെ വ്യാപനം വിശ്വാസത്തിനും പ്രാർത്ഥനയ്ക്കുമെതിരായ വെല്ലുവിളിയാണെന്ന് പറയുന്നവരോട്
കോവിഡ് 19 വൈറസിന്റെ വ്യാപനവും, അതിനെത്തുടർന്നുള്ള മഹാമാരിയും പ്രപഞ്ച നിയന്താവായ ദൈവത്തിനു മുന്നിൽ മനുഷ്യരാശി എത്രമാത്രം ബലഹീനരാണെന്ന് കാണിക്കുകയാണ്. വ്യവസായ വിപ്ലവത്തിനു ശേഷം, ശാസ്ത്രസാങ്കേതിക വിപ്ലവത്തിലൂടെ ‘ലോകം വിരൽത്തുമ്പിൽ’ എന്ന് അഹങ്കരിച്ചിരുന്ന നാം ഇന്ന് ‘മരണം വിരൽത്തുമ്പിൽ’ എന്ന ദയനീയമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. നമ്മുടെ ജീവിതവും, ഭാഗധേയവും നമ്മുടെ കരങ്ങളിലല്ല, മറിച്ച് ദൈവത്തിന്റെ കരങ്ങളിലാണെന്ന് ഒന്നുകൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. അതിനാല് കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാനും, നശിപ്പിക്കാനും വേണ്ടി ഗവേഷണം നടത്തുന്ന എല്ലാ ഡോക്ടർമാർക്ക് വേണ്ടിയും, വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്ന എല്ലാവർക്കുവേണ്ടിയും, ആരോഗ്യപരിപാലന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടിയും, സിവിൾ അധികാരികൾക്ക് വേണ്ടിയും, രോഗബാധിതരുടെ സൗഖ്യത്തിനുവേണ്ടിയും, ക്വറന്റീനിൽ കഴിയുന്നവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടിയും പ്രാർത്ഥിക്കേണ്ട ആവശ്യകത വിശ്വാസിക്കും തിരുസഭക്കുമുണ്ട്. ഇതിനു മുൻപും ഇതുപോലെ ഉള്ള മഹാമാരികൾ ഉണ്ടായപ്പോഴെല്ലാം തിരുസഭ വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ജോർജിന്റെയും, വിശുദ്ധ റോക്കിയുടെയും മാദ്ധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്. നമുക്കും ഇത് മാതൃകയാക്കാം.