Articles

കൊറോണയും മനുഷ്യത്വവും

സമൂഹത്തിലെ ഒറ്റപ്പെടൽ എല്ലാവരും ഭയക്കുന്നുണ്ട്...

മാർട്ടിൻ ആന്റണി

ചരിത്രത്തിൽ നിന്നും നമ്മൾ എന്തെങ്കിലും പഠിച്ചിട്ടുണ്ടോ? ഇല്ല. നമ്മൾ ഒന്നും പഠിച്ചില്ല. ചരിത്രത്തിന്റെ മുൻപിൽ നമ്മളിന്നും അന്ധരാണ്. നമ്മളിങ്ങനെ determinism തിൽ വിശ്വസിച്ചു ജീവിച്ചുപോന്നവരാണ്. നമ്മുടെ ഇച്ഛാശക്തിക്ക് അതീതമായ പലതിനും നമ്മൾ പ്രാധാന്യം കൊടുത്തു. അതുകൊണ്ട് അവകൾ നമ്മുടെ പ്രവൃത്തികളെ നിയന്ത്രിച്ചു. ആശയസംഹിതകളാണ് നമ്മെ മുന്നോട്ടു നയിച്ചത്. അതിൽ മതത്തിനും രാഷ്ട്രീയത്തിനും നല്ല പങ്കുണ്ട്. പക്ഷേ ഈ ആശയ സംഹിതകളുടെ ഇന്നത്തെ അവസ്ഥ മക്ബത്തിന്റെ ആത്മഗതം പോലെയാണ്: “full of sound and fury signifying nothing”. ചരിത്രത്തിലേക്ക് ഒന്നു നോക്കുക. വേട്ടക്കാരായിരുന്നു നമ്മുടെ പൂർവ പിതാക്കന്മാർ വിചാരിച്ചിട്ടുണ്ടാകുമായിരുന്നോ അവരെപ്പോഴെങ്കിലും കർഷകരായി മാറുമെന്ന്? എല്ലാം കീഴടക്കിയ ചക്രവർത്തിമാർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമായിരുന്നോ അവരുടെ സാമ്രാജ്യം തകർന്നടിയുമെന്ന്? 2020 തുടങ്ങിയപ്പോൾ നമ്മൾ ആരെങ്കിലും വിചാരിച്ചിരുന്നോ ഒരു ലോക് ഡൗൺ ഉണ്ടാകുമെന്ന്? ഇല്ല. നമുക്കറിയില്ല വരുവാനിരിക്കുന്നത് എന്താണെന്നും എങ്ങനെയാണ് അത് വരാൻ പോകുന്നതെന്നും. അപ്പോൾ വരുന്നത് വരുന്നിടത്ത് വെച്ച് കാണുക എന്നതാണ് പ്രായോഗിക തലം.

പ്രവചനാതീതമായത് സംഭവിക്കുമെന്നത് മുൻകൂട്ടി കാണാവുന്നതാണ്. പക്ഷേ അതൊരു ദീർഘദർശനം ആകണമെന്നില്ല. പറഞ്ഞുവരുന്നത് കൊറോണാ വൈറസിന്റെ സാമൂഹ്യ വ്യാപനത്തെ കുറിച്ചാണ്. കോവിഡ് 19 സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പും, റോഡ് മാപ്പും ഉണ്ടാക്കുന്നത് നിർത്തി എന്ന് തോന്നുന്നു. വൈറസിന്റെ കാരണവും പ്രഭാവവും അന്വേഷിച്ചുള്ള യാത്ര നിന്നിരിക്കുന്നു. ആരിൽ നിന്നും, എവിടെ നിന്നും വന്നു എന്നത് ഇപ്പോൾ പ്രസക്തമാകുന്നില്ല. അല്ലെങ്കിൽ അത് കണ്ടെത്താൻ പറ്റുന്നില്ല. അങ്ങനെ ആകുമ്പോൾ നമ്മൾ ശ്രദ്ധ കൊടുക്കേണ്ടത് വൈറസ് പടരുവാൻ ഉണ്ടായ പോഷക കാരണങ്ങളിലേക്കാണ്.

ചോദ്യമിതാണ്: what are the contributory causes in spreading corona virus in Kerala? ഈ ചോദ്യത്തിന്റെ ആദ്യം ഉത്തരം ഭയമാണെന്ന് പറയാം. വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നിട്ടും അത് പുറത്തു പറയാതിരുന്ന ഭയം. ഇത് മരണഭയമല്ല. പ്രതിച്ഛായ ഭയമാണ്. നമ്മുടെ മാധ്യമങ്ങളും, സാമൂഹ്യ മാധ്യമങ്ങളും കൂടി വളർത്തിയെടുത്ത ഭയം. രോഗലക്ഷണങ്ങൾ കാണിച്ച പലരെയും ചിലർ enemy of the state എന്ന രീതിയിൽ ചിത്രീകരിച്ചു, ചിലർ പ്രവാസികളായി തിരിച്ചു വന്നവരുടെ കാലു തല്ലിയൊടിക്കാൻ ആഹ്വാനം ചെയ്തു, ചിലർ വീടുകൾ ആക്രമിച്ചു…

അതുകൊണ്ട് എന്താ സംഭവിച്ചത്? രോഗലക്ഷണങ്ങൾ ഉള്ള പലരും മിണ്ടാതിരിക്കുന്നു. ഈ ഭയം താമസിയാതെ കേരളത്തെയും ഇറ്റലിയെ പോലെയാകാൻ സാധ്യതയുണ്ട്. ചിലപ്പോൾ കോവിഡ് 19 ന്റെ സാമൂഹ്യ വ്യാപനം പെട്ടെന്ന് സംഭവിക്കാം. മരണസംഖ്യ വർദ്ധിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. പക്ഷേ പോസിറ്റീവ് കേസുകൾ വർദ്ധിക്കും. പക്ഷേ നല്ല ശതമാനവും അത് പുറത്ത് പറയണമെന്നില്ല. സമൂഹത്തിലെ ഒറ്റപ്പെടൽ എല്ലാവരും ഭയക്കുന്നുണ്ട്.

റോമിൽ എന്റെ ഇടവകയിൽ ഏകദേശം 102 പേർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രണ്ടു പേരെ ഇതുവരെ മരിച്ചിട്ടുള്ളൂ. ആദ്യ സമയങ്ങളിൽ എല്ലാവർക്കും ഭയമായിരുന്നു. പ്രതിച്ഛായാ ഭയം. ഇന്നതില്ല. അവർ ഒന്നിച്ച് അതിജീവിക്കുന്നു. ഇറ്റലിക്കാർ അതിജീവിക്കുന്നില്ലേ? നമ്മളും അതിജീവിക്കും. ഇത്തിരി മനുഷ്യത്വം ഉണ്ടായാൽ മതി. അതിലുപരി മനുഷ്യ വേദനയെ രാഷ്ട്രീയ അവശിഷ്ടമായി ചിത്രീകരിക്കാതിരുന്നാൽ മതി. അത് മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നവരും പ്രത്യേകം ശ്രദ്ധിച്ചാൽ നന്നായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker