Kerala

കേരള ലത്തീന്‍ കത്തോലിക്കാ സഭയിൽ “കമ്മ്യുണിയോ ഇന്ത്യ ഞായര്‍” അഥവാ “കൂട്ടായ്മ ഞായര്‍” ആചരണം ഇന്ന്

"കമ്മ്യുണിയോ ഇന്ത്യ ഞായര്‍" അഥവാ "കൂട്ടായ്മ ഞായറി"ന്റെ ആചരണം ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകാന്‍ വേണ്ടി

ബ്ലെസൻ മാത്യു

തിരുവനതപുരം: കേരള ലത്തീന്‍ കത്തോലിക്കാ സഭയിൽ ഇന്നുമുതൽ “കമ്മ്യുണിയോ ഇന്ത്യ ഞായര്‍” അഥവാ “കൂട്ടായ്മ ഞായര്‍” ആചാരണത്തിന് തുടക്കമാവുകയാണ്. തിരുവനന്തപുരം അതിരൂപതാ മെത്രാപോലീത്തായുടെ ഇടയലേഖനം എന്താണ് “കമ്മ്യുണിയോ ഇന്ത്യ ഞായര്‍” അഥവാ “കൂട്ടായ്മ ഞായര്‍” പ്രചാരണമെന്ന് വ്യക്തമാക്കുന്നുണ്ട്.

കത്തോലിക്കാ സഭയിൽ ഒക്ടോബര്‍ മാസത്തില്‍ ആചരിക്കുന്ന മിഷന്‍ ഞായര്‍ എല്ലാപേർക്കും പരിചിതമാണ്. എന്നാൽ, “കമ്മ്യുണിയോ ഇന്ത്യ ഞായര്‍” അഥവാ “കൂട്ടായ്മ ഞായര്‍” ആചരണമെന്നത് സേവനത്തിന്റെ പുതിയൊരു കവാടമാണ്. മിഷന്‍ ഞായറിന്റെ പ്രവര്‍ത്തനങ്ങള്‍ സാര്‍വത്രിക സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ വേണ്ടിയുള്ളതാണെങ്കില്‍, “കമ്മ്യുണിയോ ഇന്ത്യ ഞായര്‍” അഥവാ “കൂട്ടായ്മ ഞായറി”ന്റെ ആചരണം ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകാന്‍ വേണ്ടിയാണെന്ന് ഇടയ ലേഖനം വിവരിക്കുന്നു. നമ്മുടെ ഒരോരുത്തരുടെയും പ്രേഷിത പ്രവര്‍ത്തനത്തിലുള്ള പങ്കാളിത്തമാണ് കമ്മ്യൂണിയോ ഇന്ത്യ ഞായറിന്റെ സമുചിതമായ ആചരണത്തിലൂടെ നാം പ്രകടമാക്കേണ്ടതെന്നും ആഹ്വാനം ചെയ്യുന്നുണ്ട് ഇടയ ലേഖനം.

അതായത്, ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയെ ഒരു കുടുംബമായി കണ്ട്, നമുക്ക് ഉള്ളത് ഇല്ലാത്തവരുമായി പങ്കുവെച്ച്, ഐക്യത്തോടെ വിശ്വാസത്തിന്റെയും അജപാലനത്തിന്റെയും പ്രേഷിത പ്രവര്‍ത്തനത്തിന്റെയും മേഖലകളില്‍ വളര്‍ച്ച പ്രാപിക്കുക, സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കുന്ന വിശ്വാസികളെ രൂപപ്പെടുത്തി പ്രേഷിത പ്രവര്‍ത്തനം തീക്ഷ്ണതയോടെ നിര്‍വഹിക്കുന്ന മിഷണറിമാരെ രൂപീകരിക്കുക, ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അജപാലന-പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ രൂപം പ്രാപിച്ചിരിക്കുന്ന മനോഹര കൂട്ടായ്മയുടെ ആശയമാണ് “കമ്മ്യുണിയോ ഇന്ത്യ ഞായര്‍” അഥവാ “കൂട്ടായ്മ ഞായർ”. ഈ ലക്ഷ്യങ്ങൾ കൈവരിക്കാന്‍ ഭാരതത്തിലെ 132 ലത്തീന്‍ കത്തോലിക്കാ രൂപതകളെയും 564 സന്ന്യാസ സമൂഹങ്ങളെയും സഹായിക്കുക എന്നതാണ് കമ്മ്യൂണിയോ ഇന്ത്യയുടെ പ്രഥമ ലക്ഷ്യമെന്നും അഭിവന്ദ്യ പിതാവ് വിവരിക്കുന്നു.

2018-ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ ചേര്‍ന്ന സി.സി.ബി.ഐ.യുടെ 30-ാം പ്ലീനറി സമ്മേളനം തത്വത്തിൽ തീരുമാനിച്ചത്, ആഗമനകാലത്തിലെ ആദ്യ ഞായര്‍ “കമ്മ്യൂണിയോ ഇന്ത്യ ഞായറായി” ആചരിക്കാനാണെങ്കിലും, പ്രാദേശിക മെത്രാന്‍ സമിതികള്‍ക്കൊ രൂപതകള്‍ക്കൊ ഉചിതമായ ഞായര്‍ “കമ്മ്യൂണിയോ ഇന്ത്യ ഞായറായി” ആചരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭ തപസ്സുകാലത്തെ ആദ്യ ഞായറായ 2019-മാര്‍ച്ച് 10-നാണ് “കമ്മ്യൂണിയോ ഇന്ത്യ ഞായറായി” ആചരിക്കുവാന്‍ ഈ വര്‍ഷം തീരുമാനിച്ചിരിക്കുന്നത്.

ഇടയലേഖനത്തിൽ പൂർണ്ണ രൂപം:

കമ്മ്യൂണിയോ ഇന്ത്യ ഞായര്‍
പ്രേഷിത കൂട്ടായ്മയ്ക്ക്

ദൈവത്തിനു സ്തുതി!
ദൈവജനത്തിന് സമാധാനം!
വന്ദ്യ വൈദികരേ, പ്രിയമക്കളേ,

നമ്മുക്ക് പ്രത്യാശയും സന്തോഷവും പ്രചോദനവും പകരുന്ന പെസഹാ തിരുനാള്‍ സവിശേഷമായി ആഘോഷിക്കുവാന്‍ ഈ നോമ്പുകാലത്തില്‍ നമ്മള്‍ ഒരുങ്ങുകയാണല്ലോ.

ക്രിസ്തുനാഥന്റെ പെസഹാരഹസ്യം ദൈവത്തിനു നമ്മോടുള്ള നിരുപാധിക സ്നേഹത്തിന്റെ ഹൃദ്യമായ പ്രകാശനമാണ്. ‘അവനില്‍ വിശ്വസിക്കുന്നവന്‍ നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന് തന്റെ ഏകജാതനെ നല്‍കാന്‍വിധം ദൈവം അത്രമാത്രം ലോകത്തെ സ്നേഹിച്ചു’ (യോഹ 3,16). പാപം ഒഴികെ നമ്മോട് എല്ലാവിധത്തിലും ഐക്യപ്പെട്ട ക്രിസ്തുനാഥന്‍ തന്നെതന്നെ പാപപരിഹാരത്തിനായി അര്‍പ്പിച്ചുകൊണ്ട് ദൈവത്തോടും മനുഷ്യരോടും ഈ പ്രപഞ്ചത്തോടും നമ്മെ ഐക്യപ്പെടുത്തുകയും സര്‍വ്വലോകത്തിന്‍റെയും രക്ഷ നേടിത്തരുകയും ചെയ്തു. ദൈവത്തിന്റെ രക്ഷ സ്വീകരിക്കുക എന്നതിന്റെ അര്‍ത്ഥം യേശുക്രിസ്തുവിലൂടെ ദൈവത്തിനു നമ്മോടുള്ള അപരിമേയ സ്നേഹത്താല്‍ ആകര്‍ഷിക്കപ്പെടുക എന്നതാണ്. ‘സ്നേഹിതര്‍ക്കുവേണ്ടി ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ വലിയസ്നേഹമില്ലെന്ന്’ (യോഹ 15,13) തന്റെ കുരിശുമരണം വഴി നമ്മെ പഠിപ്പിച്ച ക്രിസ്തുനാഥന്‍ പരിത്യാഗത്തിന്‍റെ പാതയാണ് യഥാര്‍ത്ഥമായ അനുരഞ്ജനത്തിനും കൂട്ടായ്മയ്ക്കും അടിസ്ഥാനമന്നും നമുക്കു കാണിച്ചുതന്നു. സുവിശേഷത്തിന്റെ ഉള്ളടക്കം സ്നേഹമാണെന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു. ‘ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം’ (യോഹ 15,12).

ഈ നോമ്പുകാലത്ത് നമ്മുടെ സഹോദരീ സഹോദരന്മാരോടും പ്രത്യേകിച്ച് ദരിദ്രരോടും പ്രത്യേക സഹായം ആവശ്യമുള്ളവരോടും ദൈവത്തിന്റെ സ്നേഹം പങ്കുവയ്ക്കാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുവിന്റെ സ്വരം ശ്രവിച്ചുകൊണ്ട് മറ്റുള്ളവര്‍ക്കായി നമ്മുടെ ജീവിതം വ്യയം ചെയ്യപ്പെടേണ്ടതുണ്ട്. യേശു തന്റെ ശുശ്രൂഷയുടെ പ്രാരംഭത്തില്‍ തന്നെ നമ്മെ ക്ഷണിച്ചിട്ടുള്ള ഹൃദയമാനസാന്തരത്തിലൂടെ മാത്രമേ ഇതു സാധ്യമാകുകയുള്ളു. ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടും ആത്മാവോടും മനസ്സോടും സ്നേഹിക്കുവാനും അയല്‍ക്കാരെ തന്നെപ്പോലെ തന്നെ സ്നേഹിക്കാനുമുള്ള രണ്ടുസുപ്രധാന കല്‍പ്പനകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ട് യേശുശിഷ്യരെന്നനിലയില്‍ നമ്മുടെ കടമ പൂര്‍ത്തീകരിക്കുന്നതിന് സുദൃഢവും നവ്യവുമായ പരിക്രമത്തിനായി അവിടുന്ന് നമ്മേ ക്ഷണിക്കുന്നു.

ഫ്രാന്‍സിസ് പാപ്പ ‘സുവിശഷേത്തിന്റെ സന്തോഷം’ (ഖണ്ഡിക 2) എന്ന ചാക്രിക ലേഖനത്തില്‍ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു. ‘നമ്മുടെ ആന്തരികജീവിതം എപ്പോഴെല്ലാം സ്വന്തം താല്‍പര്യങ്ങളിലും ആവശ്യങ്ങളിലും ബന്ധിക്കപ്പെടുന്നുവോ അവിടെ ദരിദ്രര്‍ക്കോ മറ്റുള്ളവര്‍ക്കോ ഇടമോ സ്ഥലമോ ഉണ്ടായിരിക്കില്ല’.

അനേകം ക്രൈസ്തവര്‍, ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍ അതുപോലെ സുരക്ഷിതമായ ഭാവിയും നിഷേധിക്കപ്പെട്ടവരായി ദരിദ്രവും മനുഷ്യത്വഹീനവുമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നുണ്ട്. ദൈവാനുഗ്രഹത്താല്‍ തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വകയുള്ളവരായി നമുക്കിടയിലുള്ളവര്‍ക്ക് ദരിദ്രരായ നമ്മുടെ സഹോദരങ്ങളുടെ അടുത്ത് എത്തിച്ചേരാനും അവര്‍ക്ക് ആത്മീയവും ഭൗതീകവുമായ ശുശ്രൂഷാ സഹായങ്ങള്‍ നല്‍കുവാനുമുള്ള കടമയുണ്ട്. സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയുടെ നടുവിലും തങ്ങളുടെ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പണിപ്പെടുന്ന പ്രാദേശിക സഭകളും നമ്മുടെ രാജ്യത്തുണ്ട്.

ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അജപാലന പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ്മയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്ന് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാര്‍ “കമ്മ്യുണിയോ ഇന്ത്യ ഞായര്‍” (കൂട്ടായ്മ ഞായര്‍) വര്‍ഷത്തില്‍ ഒരിക്കല്‍ ആചരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നവിവരം അറിയിക്കട്ടെ. ‘കമ്മ്യൂണിയോ’ (communio) എന്ന ലത്തീന്‍ പദത്തിന്‍റെ അര്‍ത്ഥം “കൂട്ടായ്മ” എന്നാണ്.

ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ തനതായ രൂപീകരണവും വളര്‍ച്ചയുമാണ് കമ്മ്യൂണിയോ ഇന്ത്യയുടെ അടിസ്ഥാനപരമായ ലക്ഷ്യം. ഭാരതത്തിലെ ലത്തീന്‍ സഭയ്ക്ക് ആഗോള കത്തോലിക്കാ സഭയില്‍ സുപ്രധാനമായ ദൗത്യവും പരമപ്രധാനമായ പങ്കും കടമയുമുണ്ട്. വിശ്വാസത്തിലും അംഗബലത്തിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയെ പ്രതീക്ഷയോടെയാണ് ആഗോള കത്തോലിക്കാ സഭയും സഹോദര സഭകളും വീക്ഷിക്കുന്നത്.

എന്താണ് കമ്മ്യൂണിയോ ഇന്ത്യ?

കമ്മ്യൂണിയോ ഇന്ത്യ എന്ന ആശയം നമ്മില്‍ ഏവര്‍ക്കും പുതുമയുള്ളതാണ്. ഓരോ വര്‍ഷവും ഒക്ടോബര്‍ മാസത്തില്‍ അത്യുത്സാഹത്തോടുകൂടി മിഷന്‍ ഞായര്‍ നാം ആചരിക്കാറുണ്ട്. മിഷന്‍ ഞായറിന്റെ പ്രവര്‍ത്തനങ്ങള്‍ സാര്‍വത്രിക സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ വേണ്ടിയുള്ളതാണെങ്കില്‍ കമ്മ്യൂണിയോ ഇന്ത്യ ഞായറിന്റെ ആചരണം ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകാന്‍ വേണ്ടിയാണ്.

ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സമ്പന്നമാണ്. വിശ്വാസത്തിന്റെ തലത്തിലും ഭദ്രതയുള്ള കുടുംബ ബന്ധങ്ങളുടെ മേഖലയിലും ധാര്‍മ്മിക മൂല്യങ്ങളുടെ പരിപാലനത്തിലും പുരോഹിതരുടെയും സന്ന്യസ്തരുടെയും മിഷനറിമാരുടെയും എണ്ണത്തിലും, സാമ്പത്തിക ഉറവിടങ്ങളുടെ തലത്തിലും ഏറെക്കുറെ സമ്പന്നമാണെങ്കിലും പല സ്ഥലങ്ങളിലും ഇതിന് ഏറ്റക്കുറച്ചിലുകളുണ്ട്. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയെ ഒരു കുടുംബമായി കണ്ട് നമുക്ക് ഉള്ളത് ഇല്ലാത്തവരുമായി പങ്കുവെച്ച് ഏവരും ഒരുപോലെ ഐക്യത്തോടെ വിശ്വാസത്തിന്റെയും അജപാലനത്തിന്റെയും പ്രേഷിത പ്രവര്‍ത്തനത്തിന്റെയും മേഖലകളില്‍ ക്രമാനുഗതമായി വളര്‍ച്ച പ്രാപിക്കുന്ന മനോഹര കൂട്ടായ്മയുടെ ആശയമാണ് കമ്മ്യൂണിയോ ഇന്ത്യ എന്ന ബൃഹത്തായ പദ്ധതിക്കു പിന്നിലുള്ളത്.

നമ്മില്‍ പലര്‍ക്കും പ്രാര്‍ത്ഥിക്കുവാനും ദിവ്യബലി അര്‍പ്പിക്കുവാനും ദൈവാരാധനയ്ക്കുമായി മനോഹരങ്ങളായ ദൈവാലയങ്ങളും അനുബന്ധ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഭാരതത്തിലെ കത്തോലിക്കരില്‍ ദൈവാരാധനയ്ക്കും വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തിനും ഒരുമിച്ച് കൂടാന്‍ യോജിച്ച ഇടങ്ങളില്ലാത്ത ധാരാളംപേര്‍ ഉണ്ട് എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. വൃക്ഷതണലിലും ചോര്‍ന്നൊലിക്കുന്ന പുല്ലു പാകിയ ദൈവാലയ മേല്‍ക്കൂരയ്ക്കു കീഴിലിരുന്നുകൊണ്ടും സന്തോഷത്തോടെ ദൈവത്തെ ആരാധിക്കുന്ന വിശ്വാസി സമൂഹം ഭാരതത്തിന്റെ ചില മേഖലകളിലെങ്കിലും ഉണ്ടെന്നുള്ളത് നാം വിസ്മരിക്കരുത്. അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സാധിക്കാതെ പരിമിതമായ സൗകര്യങ്ങളില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധി മിഷണറിമാര്‍ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ കരുത്താണ്. വിശ്വാസത്തിന്റെ തീക്ഷ്ണതയോടെ യേശുവിനും സഭയ്ക്കും വേണ്ടി പാവപ്പെട്ടവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും നീതി നിഷേധിക്കപ്പെട്ടവരോടും പക്ഷം ചേര്‍ന്ന് ഭാരതത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാരായ മിഷണറിമാരെ സഹായിക്കുവാന്‍ നമുക്കോരോരു ത്തര്‍ക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. ഈ ഉത്തരവാദിത്ത ബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് “കമ്മ്യൂണിയോ ഇന്ത്യ.”

കമ്മ്യൂണിയോ ഇന്ത്യയുടെ ലക്ഷ്യങ്ങള്‍

“തിരുസഭ സ്വഭാവത്താലേ മിഷണറിയാണ്” എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയും പ്രേഷിത പ്രവര്‍ത്തനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേഷത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതാണ് പ്രേഷിത പ്രവര്‍ത്തനത്തിന്റെ അന്തഃസത്ത. സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കുന്ന വിശ്വാസികളെ രൂപപ്പെടുത്തിയാല്‍ മാത്രമേ പ്രേഷിത പ്രവര്‍ത്തനം തീക്ഷ്ണതയോടെ നിര്‍വഹിക്കുന്ന മിഷണറിമാരെ രൂപീകരിക്കാന്‍ നമ്മുക്കു സാധിക്കുകയുള്ളൂ. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അജപാലന പ്രേഷിത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതാണ്. ഇതിനായി ഭാരതത്തിലെ 132 ലത്തീന്‍ കത്തോലിക്കാ രൂപതകളെയും 564 സന്ന്യാസ സമൂഹങ്ങളെയും സഹായിക്കുക എന്നതാണ് കമ്മ്യൂണിയോ ഇന്ത്യയുടെ പ്രഥമ ലക്ഷ്യം.

ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയെ ഒരു വിശാല കുടുംബമായി കണ്ട് നമ്മുടെ ഇടയിലെ ആവശ്യക്കാരായ സഹോദരീ സഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പങ്കുവയ്ക്കലിന്റെ നവ്യമായ സംസ്കാരം രൂപപ്പെടുത്തുക എന്നതും കമ്മ്യൂണിയോ ഇന്ത്യയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. പ്രേഷിതപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുവാനും മിഷണറിമാരെ സഹായിക്കുവാനും പ്രേഷിതപ്രവര്‍ത്തനം നിര്‍വഹിക്കാന്‍ നമ്മുടെ അല്‍മായ സമൂഹത്തെ പ്രോത്സാഹിപ്പിക്കാനും “കമ്മ്യൂണിയോ ഇന്ത്യ” ലക്ഷ്യം വയ്ക്കുന്നു. മിഷണറിമാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും പ്രാര്‍ത്ഥനയിലൂടെ മിഷണറിയാകാനും നമ്മുടെ ചെറിയ സാമ്പത്തിക സഹായത്തിലൂടെ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തെ പണിതുയര്‍ത്താനും പരിപോഷിപ്പിക്കുവാനും കമ്മ്യൂണിയോ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നുണ്ട്.

കമ്മ്യൂണിയോ ഇന്ത്യയുടെ തുടക്കം

ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ വളര്‍ച്ചയ്ക്കായി ഒരു സാമ്പത്തിക സഹായ ഏജന്‍സിയെക്കുറിച്ച് ഭാരതത്തിലെ മെത്രാന്മാര്‍ 1960-കള്‍ മുതല്‍ സ്വപ്നം കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ജര്‍മ്മനിയില്‍ സ്ഥാപിതമായ “മിസിയോ ജര്‍മ്മനി” എന്ന സാമ്പത്തിക ഏജന്‍സി അത്ഭുതാവഹമായ രീതിയില്‍ സാര്‍വത്രിക സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തെ സഹായിക്കുന്നത് ഭാരതത്തിലെ മെത്രാന്മാര്‍ക്ക് പ്രചോദനമായിരുന്നു. ഇത്തരത്തില്‍ ഒരു സാമ്പത്തിക സഹായ ഏജന്‍സി ഭാരത സഭയ്ക്കും വേണമെന്നുള്ള ആശയം പല തലത്തിലും ചര്‍ച്ച ചെയ്തെങ്കിലും അതിനു തുടക്കമിടാന്‍ കഴിഞ്ഞിരുന്നില്ല. 2000-ത്തിലെ മഹാജൂബിലിയോടനുബന്ധിച്ച് ഭാരതത്തിലെ കത്തോലിക്കാ സഭ യേശുക്രിസ്തു ജയന്തി ആചരിച്ചതിനെ തുടര്‍ന്ന് ഭാരതസഭയുടെ അജപാലന പ്രേഷിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇവയ്ക്കു പ്രോത്സാഹനവും സഹകരണവും നല്‍കാന്‍ സാമ്പത്തിക സഹായ ഏജന്‍സി ആരംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമായി.

2017-ല്‍ ഭോപ്പാലില്‍ ചേര്‍ന്ന സിസിബിഐയുടെ 29-ാം പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത 136 മെത്രാന്മാര്‍ ഐകകണ്ഠ്യേന വോട്ടു രേഖപ്പടുത്തി “കമ്മ്യൂണിയോ ഇന്ത്യ” എന്ന സാമ്പത്തിക സഹായ ഏജന്‍സിക്ക് ഔദ്യോഗിക അംഗീകാരം നല്‍കുകയും തുടക്കം കുറിക്കുകയും ചെയ്തു.

2018-ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ ചേര്‍ന്ന സിസിബിഐയുടെ 30-ാം പ്ലീനറി സമ്മേളനം ഭാരതതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളിനോട് അടുത്തുവരുന്ന ആഗമനകാലത്തിലെ ആദ്യ ഞായര്‍ കമ്മ്യൂണിയോ ഇന്ത്യ ഞായറായി ആചരിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രാദേശിക മെത്രാന്‍ സമിതികള്‍ക്കൊ രൂപതകള്‍ക്കൊ ഉചിതമായ ഞായര്‍ കമ്മ്യൂണിയോ ഇന്ത്യ ഞായറായി ആചരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ സഭ തപസ്സുകാലത്തെ ആദ്യ ഞായറായ 2019-മാര്‍ച്ച് 10-നാണ് കമ്മ്യൂണിയോ ഇന്ത്യ ഞായറായി ആചരിക്കുവാന്‍ ഈ വര്‍ഷം തീരുമാനിച്ചിരിക്കുന്നത്.

നമ്മുടെ ഒരോരുത്തരുടെയും പ്രേഷിത പ്രവര്‍ത്തനത്തിലുള്ള പങ്കാളിത്തമാണ് കമ്മ്യൂണിയോ ഇന്ത്യ ഞായറിന്റെ സമുചിതമായ ആചരണത്തിലൂടെ നാം പ്രകടമാക്കേണ്ടത്. അന്നേ ദിവസം ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അജപാലന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പരിമിതമായ സാഹചര്യങ്ങളില്‍ ജീവന്‍ പോലും പണയം വച്ച് ത്യാഗത്തോടെ ശുശ്രൂഷ ചെയ്യുന്ന നമ്മുടെ നിരവധിയായ മിഷണറിമാര്‍ക്കായി പ്രാര്‍ത്ഥിക്കുവാനും നമ്മുക്കു സാധിക്കണം. നമ്മുടെ കഷ്ടപ്പാടുകളുടെയും വേദനകളുടെയും നടുവില്‍ ദൈവം നമുക്ക് നല്‍കുന്ന ചെറിയ വരുമാനത്തില്‍ നിന്ന് നമ്മുടേതായ ത്യാഗത്തിന്റെ ഒരു പങ്ക് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനും നമുക്ക് കഴിയേണ്ടിയിരിക്കുന്നു. നമ്മുടെ ചെറുതും വലുതുമായ സംഭാവനകള്‍ ഭാരതത്തിലെ ലത്തീന്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായമായിരിക്കും. ആയതിനാല്‍, 2019-മാര്‍ച്ച് 10-നുശേഷം വരുന്ന ഞായറാഴ്ച ദിവ്യബലിമദ്ധ്യേ നടത്തുന്ന സ്തോത്രക്കാഴ്ച “കമ്മ്യൂണിയോ ഇന്ത്യ” അതായത് “കൂട്ടായ്മ ഞായര്‍” എന്ന പേരില്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ശേഖരിക്കുന്ന തുക ഈസ്റ്ററിനുശേഷം അതിരൂപതാകച്ചേരിയില്‍ ഏല്പിക്കേണ്ടതാണ്.

നമ്മുടെ എളിയ പ്രാര്‍ത്ഥനയിലൂടെയും ത്യാഗപൂര്‍ണമായ പങ്കുവയ്ക്കലിലൂടെയും കമ്മ്യൂണിയോ ഇന്ത്യ ഞായറിന്റെ സമുചിതമായ ആചരണത്തിലൂടെയും സഭയുടെ പ്രേഷിത പ്രവര്‍ത്തനത്തില്‍ പങ്കുകാരാകാന്‍ നമുക്ക് സാധിക്കട്ടെ.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

സ്നേഹത്തോടെ,

വെളളയമ്പലം                                                                                                    + സൂസപാക്യം എം.
05-03-2019                                                                             തിരുവനന്തപുരം മെത്രാപ്പോലീത്ത

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker