കെ.സി.വൈ.എം. സംസ്ഥാനതല സ്ഥാപകദിന ആഘോഷം നടത്തി
4-മത് സ്ഥാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങൾ കൊച്ചി തോപ്പുംപടിയിലെ കാത്തലിക് സെന്ററിൽ നടത്തി...
ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.ബി.സി. യുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (കെ.സി.വൈ.എം.) 44-മത് സ്ഥാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങൾ കൊച്ചി തോപ്പുംപടിയിലെ കാത്തലിക് സെന്ററിൽ നടത്തി. കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് എഡ്‌വേർഡ് രാജു പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
തുടർന്ന്, എഡ്വേർഡ് രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം കൊച്ചി രൂപതാ വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി നിർവഹിച്ചു. കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി ഫിലോമിന സിമി ഫെർണാണ്ടസ്, കൊച്ചി രൂപത ഡയറക്ടർ ഫാ.മെൽട്ടസ് ചാക്കോ, കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന, കൊച്ചി രൂപത മുൻ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ, സംസ്ഥാന സിൻഡിക്കേറ്റംഗങ്ങളായ എം.ജെ. ഇമ്മാനുവൽ, ഡാനിയ ആന്റണി തുടങ്ങിയവർ സംസാരിച്ചു.
1978-ൽ മാന്നാനം കെ.ഇ. കോളേജിൽ വെച്ച് രൂപപ്പെട്ട കെ.സി.വൈ.എം. ക്രൈസ്തവ ദർശനങ്ങളിൽ അതിഷ്ഠിതമായി കത്തോലിക്കാ യുവജനങ്ങളുടെ സമഗ്രവികസനം, സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനം എന്നീ ലക്ഷ്യങ്ങളുമായി കഴിഞ്ഞ 43 വർഷക്കാലം കേരള സമൂഹത്തിലേയും, കത്തോലിക്കാ സഭയിലെയും സമസ്ത മേഖലകളിലും സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. റീത്തുകൾക്കൾക്കും, കക്ഷി രാഷ്ട്രീയത്തിനും അതീതമായി സഹോദര്യത്തിന്റെയും സഹപ്രവർത്തനത്തിന്റെയും സമീപനം സ്വീകരിച്ചുകൊണ്ട് ഇന്നും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്നു.
കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആതിഥേയത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ കേരളത്തിലെ വിവിധ രൂപതാ, മേഖല, യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു.