കെ.സി.വൈ.എം. ജീവാമൃതം പദ്ധതിക്ക് തുടക്കമായി
കൊടും വേനലിൽ പക്ഷികൾക്കായി ദാഹജലം കരുതിവയ്ക്കുക എന്ന ലക്ഷ്യത്തോടെ...
ജോസ് മാർട്ടിൻ
കൊച്ചി: കെ.സി.വൈ.എം. കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ “ജീവാമൃതം” എന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം ഫോർട്ട്കൊച്ചി ബിഷപ്സ് ഹൗസിൽ വച്ച് രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശ്ശേരി നിർവഹിച്ചു.
കൊടും വേനലിൽ ചൂടേറിക്കൊണ്ടിരിക്കുകയും ജലസ്രോതസ്സുകൾ വറ്റി വരണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം ജീവജാലങ്ങളുടെയും പക്ഷികളുടെയും ജീവനു വരെ ഭീഷണിയാകുമെന്ന യാഥാർത്ഥ്യം കണക്കിലെടുത്ത് കൊണ്ട് സഹജീവികളെ പരിഗണിക്കുകയും അവരെ സഹോദരതുല്യം സ്നേഹിക്കുകയും ചെയ്ത വിശുദ്ധ ഫ്രാൻസിസ് അസീസ്സിയെ പോലെ ജീവികളോടും കരുണ കാണിക്കണമെന്നും കെ.സി.വൈ.എം കൊച്ചി രൂപത നടത്തുന്ന ജീവാമൃതം പദ്ധതി ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.സി.വൈ.എം കൊച്ചി രൂപത പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിക്കുകയും രൂപതയിലെ എല്ലാ യൂണിറ്റുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുവാൻ ചട്ടികൾ വിതരണം ചെയ്യുമെന്നും പറഞ്ഞു. കൊടും വേനലിൽ പക്ഷികൾക്കായി ദാഹജലം കരുതിവയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ജീവാമൃതം പദ്ധതിയുടെ ഭാഗമായി രൂപതയിലെ അമ്പത് ഇടവകകളിലെയും കെ.സി.വൈ.എം. പ്രവർത്തകർ തങ്ങളുടെ വീടുകളിലും ദേവാലയാങ്കണത്തിലും പക്ഷികൾക്ക് ലഭ്യമാകുന്ന രീതിയിൽ ചട്ടികളിൽ വെള്ളം ക്രമീകരിച്ചു കൊണ്ട് ഈ പദ്ധതിയുടെ ഭാഗമാകും.
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, മുൻ സംസ്ഥാന ട്രഷറർ ബിനോയ് പി.കെ., രൂപത വൈസ് പ്രസിഡന്റ്മാരായ ടിഫി ഫ്രാൻസിസ്, ഡാനിയ ആന്റെണി, സെക്രട്ടറി ആന്റെണി നിതീഷ്, മെൽവിൻ പി.വി, ടോം കുരീത്തറ, സ്കോട്ട് എഡ്വേർഡ് എന്നിവർ പ്രസംഗിച്ചു.