Kerala

കെ.എല്‍.സി.എ.യുടെ ദ്വിദിന സംസ്ഥാന നേതൃക്യാമ്പ് സമാപിച്ചു

കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളിലും നിന്ന് പ്രതിനിധികൾ പങ്കെടുത്തു

സ്വന്തം ലേഖകൻ

മൂന്നാർ: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ലത്തീന്‍ രൂപതകളില്‍ നിന്നും സമുദായ നേതാക്കള്‍ പങ്കെടുത്ത ദ്വിദിന സംസ്ഥാന നേതൃ ക്യാമ്പ് മൂന്നാര്‍ മൗണ്ട് കാര്‍മലില്‍ സമാപിച്ചു. കേരളത്തിലെ എല്ലാ രൂപതകളിലും നിന്ന് പ്രതിനിധികൾ പങ്കെടുത്തു.

മെയ് 18-ന് വൈകിട്ട് അഞ്ചിന് ആരംഭിച്ച ക്യാമ്പ് വൈദ്യുതി വകുപ്പ്മന്ത്രി എം.എം.മണിയാണ് ഉദ്ഘാടനം ചെയ്തത്. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് എന്ത് വിഷയം ഉണ്ടായാലും സംരക്ഷണത്തിന് സർക്കാർ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സമുദായം നേരിടുന്ന വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ആന്റെണി നൊറോണ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്, ട്രഷറര്‍ എബി കുന്നേപറമ്പില്‍, മോണ്‍.ജോസ് നവാസ്, ഫാ.ജോഷി പുതുപ്പറമ്പില്‍, ജോസഫ് സെബാസ്റ്റ്യന്‍, ആല്‍ബിന്‍ തോമസ് എന്നിവരും പ്രസംഗിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ സംഘടനാ ശാക്തീകരണം, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങള്‍, രാഷ്ട്രീയ ഇടപെടലുകള്‍, സമുദായം നേരിടുന്ന വിഷയങ്ങള്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങൾ. കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്‍റ് ഷാജി ജോര്‍ജ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ.ജി.മത്തായി, ടി.എ.ഡാല്‍ഫിന്‍, അലക്സ് താളുപാടത്ത് എന്നിവര്‍ പ്രധാന സെഷനുകള്‍ കൈകാര്യം ചെയ്തു.

സമുദായ പ്രവർത്തനവും രാഷ്ട്രീയവും എന്ന വിഷയത്തെ ആസ്പദമാക്കി പത്രപ്രവർത്തകനായ കെ.ജി.മത്തായിയും, ക്രിസ്തീയ നേതൃത്വം എന്ന വിഷയം മോൺ.ജോസ് നവാസും, തദ്ദേശ തെരഞ്ഞെടുപ്പും മുന്നൊരുക്കങ്ങളും എന്ന വിഷയത്തെക്കുറിച്ച് ടി.എ.ഡാൽഫിനും അലക്സ് താളുപാടത്തും, സംഘടനാ ശാക്തീകരണവുമായി ബന്ധപ്പെട്ട് ആൻറണി നൊറോണയും അഡ്വ.ഷെറി ജെ.തോമസും, സമുദായം നേരിടുന്ന വിഷയങ്ങളെപ്പറ്റി കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡൻറ് ഷാജി ജോർജും ക്ലാസുകൾ കൈകാര്യം ചെയ്തു. അതേസമയം, സംഘടനാ ചർച്ചയ്ക്കും ഭാവിപരിപാടികളുടെ രൂപീകരണ ചർച്ചകൾക്കും ആന്റെണി നൊറോണ, ഉഷാകുമാരി, ജെ.സഹായദാസ്, ഷെറി ജെ.തോമസ്, എബി കുന്നേപറമ്പിൽ തുടങ്ങിയ സെക്രട്ടറിയേറ്റ് അംഗങ്ങൾ നേതൃത്വം നൽകി.

ദ്വിദിന സംസ്ഥാന നേതൃക്യാമ്പിന്റെ സമാപനം കൂട്ടായ വിലയിരുത്തലോടുകൂടിയായിരുന്നു. ഈ ക്യാമ്പ് കെ.എൽ.സി.എ.യുടെ വരുംകാല വളർച്ചയ്ക്ക് വലിയ പങ്കുവഹിക്കുമെന്നതിൽ സംശയമില്ല. വരുന്ന തദ്ദേശീയ തെരെഞ്ഞെടുപ്പിൽ കെ.എൽ.സി.എ. ശക്തമായ ഇടപെടൽ നടത്തുവാനാണ് തീരുമാനം. ലത്തീൻ കത്തോലിക്കാ സമുദായത്തിന് കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടിൽ കൃത്യമായ സാന്നിധ്യമാകാൻ വരും നാളുകളിൽ കഴിയും.

ഈ ദ്വിദിന സംസ്ഥാന നേതൃക്യാമ്പ് വിജയകരമായി പൂർത്തിയാക്കുവാൻ വേണ്ട സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സംഘാടക സമിതി ജനറൽ കൺവീനറായ വിജയപുരം രൂപത പ്രസിഡന്റ് ജോസ് സെബാസ്റ്റ്യനും, ആൽബിൻ തോമസ് മൂന്നാറും ആയിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker