കൊല്ലം: വികാരി ജനറാൾ, ജുഡീഷൽ വികാരി, രൂപതാ ചാൻസലർ, മതബോധന ഡയറക്ടർ, സെമിനാരി റെക്ടർ, വിവിധ ഇടവകകളിൽ വികാരി എന്നിങ്ങനെ കൊല്ലം രൂപതയിൽ ദീർഘകാലത്തെ സേവനപാരമ്പര്യമുള്ള വൈദികനാണു രൂപതയുടെ പുതിയ ബിഷപ്പായി നിയമിക്കപ്പെട്ട മോൺ. പോൾ ആന്റണി മുല്ലശേരി.
കാഞ്ഞിരകോട് സെന്റ് മാർഗരറ്റ് എൽപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1969-ൽ സെന്റ് റഫേൽ സെമിനാരിയിലെ അപ്പസ്തോലിക് സ്കൂളിൽ ചേർന്നു. 70 മുതൽ 76 വരെ കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിൽ പഠിച്ച് ഐഎസ്സി ഒന്നാം ക്ലാസോടെ പാസായി.
1978-ൽ ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ ചേർന്നു. 84 ഡിസംബർ 22-ന് കൊല്ലം മെത്രാൻ ജോസഫ് ജി. ഫെർണാണ്ടസിൽ നിന്നു തങ്കശേരി ഇൻഫന്റ് ജീസസ് പ്രൊ -കത്തീഡ്രലിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പുനലൂർ, കുമ്പളം ഇടവകകളിൽ സഹവികാരിയായും പിന്നീട് മരുതൂർകുളങ്ങര, വടക്കുംതല ഇടവകകളിലും പടപ്പക്കര ഇടവകയിലും വികാരിയായി സേവനമനുഷ്ഠിച്ചു.
റോമിൽ 1990 മുതൽ 95 വരെ കാനൻ നിയമത്തിൽ ഉപരിപഠനം നടത്തി. തുടർന്ന് തങ്കശേരി ഇൻഫന്റ് ജീസസ് പ്രൊ-കത്തീഡ്രൽ, ഹോളിക്രോസ് പള്ളികളിൽ വികാരിയായി. സെന്റ് റഫേൽ സെമിനാരിയിൽ 88 മുതൽ 90 വരെ പ്രീഫെക്ടായും 2004 മുതൽ 2006 വരെ റെക്ടറായും 2015 മുതൽ 17 വരെ ആത്മീയ ഗുരുവായും പ്രവർത്തിച്ചു.
മതബോധന ഡയറക്ടറായി 1988 മുതൽ 1990 വരെയും രൂപതാ ചാൻസലറായി 97 മുതൽ 2006 വരെയും എപ്പിസ്കോപ്പൽ വികാരിയായി 2006 മുതൽ 2010 വരെയും രൂപതാ ജഡ്ജിയായി 1995 മുതൽ 2015 വരെയും ജുഡീഷൽ വികാരിയായി 2013 മുതൽ 2018 വരെയും സേവനമനുഷ്ഠിച്ചു.
രൂപതാ വികാരി ജനറലായി 2017 മുതൽ പ്രവർത്തിച്ചുവരുന്നു. 2016-17 കാലയളവിൽ ഫാത്തിമ മാതാ തീർഥാടനകേന്ദ്ര റെക്ടറായി മാതാവിന്റെ ദർശന ശതാബ്ദിക്ക് നേതൃത്വം നൽകി.
Related