ജോസ് മാർട്ടിൻ
കുറച്ചു ദിവസങ്ങളായി ‘മുഖ പുസ്തകത്തില്‍’ ചുറ്റികറങ്ങുന്ന ഒരു കുറിപ്പിന്റെ തലക്കെട്ടാണ് “കുര്‍ബാന മോഷണം”. എഴുതിയ വ്യക്തിയുടെ അഞ്ജതയാണോ, അതോ കത്തോലിക്കാ സഭയെയും, പുരോഹിതരേയും പൊതു സമൂഹത്തില്‍ അപമാനിക്കുക എന്ന ലക്ഷ്യമാണോ എന്ന് അറിയില്ല.
വിശ്വാസികള്‍ തങ്ങളുടെ നിയോഗങ്ങള്‍, മരിച്ചവരുടെ ഓര്‍മ്മദിവസകുർബാന തുടങ്ങിയവയ്ക്കു നല്കുന്ന കുര്‍ബാന പണം, ഒരു കുര്‍ബാനയില്‍ തന്നെ കുറേ പേരുകള്‍ ഒരുമിച്ചു പറഞ്ഞിട്ട് പണമെല്ലാം വൈദീകര്‍ എടുക്കുന്നു… ഇതാണ് വാദമുഖം.
ഓർക്കുക, മിക്കവാറും പള്ളികളില്‍ വൈദീകന് നേരിട്ടല്ല കുര്‍ബാന പണം സ്വീകരിക്കുന്നത്. അഥവാ നേരിട്ട് മേടിച്ചാല്‍ തന്നെ, അതിന്റെ രസീദ് നൽകുന്നുണ്ട്. വലിയ പള്ളികളിലാണെങ്ങിലോ, തീർത്ഥാടന കേന്ദ്രങ്ങളാണെങ്കിലോ അതിനു പ്രത്യേക കൗണ്ടര്‍ ക്രമീകരണങ്ങളുമുണ്ടാകും.
പലപ്പോഴും നമ്മൾ അറിയാതെ പോകുന്നതോ, അല്ലെങ്കിൽ അറിയേണ്ടാ എന്ന് ഭവിക്കുന്നതോ ആയ ഒരു സത്യം ഇതാണ്: ഒരു വൈദീകന് ഒരു ദിവസം എത്ര കുര്‍ബാനകള്‍ അര്‍പ്പിച്ചാലും, ആ വൈദികന് ഒരു ദിവസം ഒരു കുര്‍ബാനയുടെ വിഹിതം മാത്രമേ സ്വന്തമായി എടുക്കാന്‍ കഴിയുള്ളൂ.
വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലായാലും, കൂടുതൽ നിയോഗങ്ങൾ ലഭിക്കുന്ന ഇടവകകളയാലും, ലഭിക്കുന്ന അധിക കുര്‍ബാന പണം രൂപതയിൽ ഏല്‍പ്പിക്കുകയും, അവിടെ നിന്നു സമീപത്തുള്ള ചെറിയ പള്ളികള്‍ക്ക് ആവശ്യാനുസരണം, ദൈനംദിന ചെലവുകൾക്ക് നല്‍കുകയുമാണ് ചെയ്യുന്നത്. ഇതിനെല്ലാം കണക്കുമുണ്ട്.
പിന്നെ, ‘ഒരു കുര്‍ബാനയില്‍ പല പേരുകള്‍ ഒരുമിച്ചു പറയുന്നു’ എന്ന വാദം. ഉദാഹരണത്തിനു ഒരേ ദിവസം തന്നെ പലരുടെ ഓര്‍മ്മ ദിവസം വന്നേക്കാം. അപ്പോള്‍ ആ ദിവസം എങ്ങനെയാണ് ഒന്നിലധികം വരുന്ന പേരുകള്‍ പറയാതിരിക്കുന്നത്. ചിലർക്ക് പകരദിവസം കിട്ടിയാലും മതിയാകും. എന്നാൽ എല്ലാവരും അങ്ങനെയല്ല, ചിലർക്ക് ആ ദിവസം മറ്റു വ്യക്തികളോടൊപ്പം നിയോഗം സമർപ്പിക്കുവാൻ സമ്മതവുമാണ്. കാരണം, അവർ ആ ദിവസത്തിന് അത്രയും പ്രാധാന്യം നൽകുന്നു എന്ന് സാരം.
അല്ലാതെ വൈദീകർ മന:പ്പൂർവം അങ്ങനെ ഒരവസ്ഥ സൃഷ്ടിക്കുകയോ, കുർബാന കച്ചവടം നടത്തുകയോ അല്ല. പത്തു പേരുകള്‍ ഒരു കുര്‍ബാനയില്‍ ഒരുമിച്ചു പറഞ്ഞിട്ട് അധിക തുക പോക്കറ്റില്‍ ഇടുകയല്ല, മറിച്ച് രൂപത നിർദ്ദേശം അനുസരിച്ച് വൈദീകർ അധിക കുർബാന പണം മറ്റ് ഇടവകകളെ സഹായിക്കുവാൻ നൽകുകയാണ് ചെയ്യുന്നത്.
അതുപോലെ തന്നെ ഓർക്കേണ്ട മറ്റൊരു കാര്യം. “കുർബാന പണം” എന്ന പ്രയോഗം പോലും പാടില്ല എന്നുള്ളതാണ്. അതായത്, പാപ്പായുടെ ഉത്തരവ് പ്രകാരം വിശ്വാസികള്‍ നൽകുന്ന നിയോഗങ്ങള്‍, മരിച്ചവരുടെ ഓര്‍മകുര്‍ബാനകൾ തുടങ്ങിയവയ്ക്ക് “കുര്‍ബാന പണ”മായല്ല നൽകേണ്ടത്, മറിച്ച് വൈദികന്റെ ആ ദിവസത്തെ ചിലവിന്റെ ഭാഗമായി “കാണിക്ക, സംഭാവന, സമ്മാനം” എന്ന പേരിൽ സാധിക്കുന്ന തുക നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
GREAT