ആണ്ടുവട്ടം എട്ടാം ഞായര്‍
ഒന്നാം വായന : പ്രഭാഷകന്‍ 27:4-7
രണ്ടാം വായന : 1 കൊറി. 15:54-58
സുവിശേഷം : വി. ലൂക്ക 6:39-45
ദിവ്യബലിക്ക് ആമുഖം
“ചിന്തയുടെ പ്രകടനം മനുഷ്യന്റെ സ്വഭാവത്തെ വെളിവാക്കുന്നുവെന്ന്” ഇന്നത്തെ ഒന്നാം വായനയില്‍ നാം ശ്രവിക്കുന്നു. “ഹൃദയത്തിന്‍റെ നിറവില്‍ നിന്ന് അധരം സംസാരിക്കുന്നു”വെന്ന് ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. ഇത്തരത്തില്‍ മനുഷ്യന്‍റെ സ്വഭാവവും, സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ട തിരുവചനങ്ങളാണ് ഈ ഞായറാഴ്ച തിരുസഭ നമുക്ക് വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത്.
തിരുവചനം ശ്രവിക്കാനും ദിവ്യബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.
ദിവ്യവചന പ്രഘോഷണ കര്‍മ്മം
കുരുടനു കുരുടനെ നയിക്കാന്‍ സാധിക്കുമോ? സ്വന്തം കണ്ണിലെ തടിക്കക്ഷണം, അന്യന്‍റെ കണ്ണിലെ കരട്, ഫലത്തില്‍ നിന്ന് വൃക്ഷത്തെ അറിയുക തുടങ്ങിയ
മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും ദൈവവും തമ്മിലുളള ബന്ധത്തെ
വെളിപ്പെടുത്തുന്ന തിരുവചനങ്ങളാണ് നാം ഇന്ന് ശ്രവിച്ചത്. ഇന്നത്തെ സുവിശേഷത്തെ “കണ്ണാടി” എന്നു വിശേഷിപ്പിക്കാം. നമ്മുടെ വീട്ടിലെ കണ്ണാടിക്കു മുമ്പില്‍ നിന്ന് നാം നമ്മെ തന്നെ മോടിപിടിപ്പിക്കുന്നതുപോലെ, ഇന്നത്തെ സുവിശേഷത്തിനു മുമ്പിലും നമ്മുടെ ജീവിതത്തെ അഭിമുഖമായി പിടിച്ച് ആത്മീയ ജീവിത്തെ നമുക്ക് മോടി
പിടിപ്പിക്കാം.
അന്ധന് അന്ധനെ നയിക്കാന്‍ സാധിക്കുമോ?
ഈ ചോദ്യത്തിന്‍റെ ഉത്തരം നമുക്കെല്ലാവര്‍ക്കും അറിയാം. യേശുവും
ഇതിനുളള ഉത്തരം പറയുന്നുണ്ട്. ഇത് കേള്‍ക്കുന്ന ഭൂരിഭാഗംപേരും കരുതുന്നത് നമ്മള്‍ അന്ധരല്ലല്ലോ പിന്നെ മറ്റുളളവരെ നയിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം? യേശു പറയുന്നത് ആത്മീയ അന്ധതയെക്കുറിച്ച് അഥവാ ഹൃദയാന്ധതയെക്കുറിച്ചാണ്. ഹൃദയത്തിന്‍റെ കണ്ണുകള്‍ കൊണ്ട് സമൂഹത്തെയും സഹജീവികളെയും സഹപ്രവര്‍ത്തകരെയും മാതാപിതാക്കളെയും ബന്ധുക്കളെയും നോക്കാത്തവന് ഒരിക്കലും ആരെയും നയിക്കാന്‍ സാധിക്കില്ല. അവന്‍ നേതൃത്വം നല്‍കുന്നുവെന്ന് തോന്നിയാലും, അവസാനം എല്ലാവരും കുഴിയില്‍ വീഴുന്ന അവസ്ഥയിലേ എത്തുകയുളളൂ. ഹൃദയത്തിന്‍റെ
കണ്ണുകള്‍ കൊണ്ട് മറ്റുളളവരുടെ ജീവിതം മനസ്സിലാകാത്തവന് ഒരിക്കലും ഒരു നല്ല നേതാവാകാന്‍ കഴിയുകയില്ല. കാഴ്ചശക്തി തന്നെ പലവിധമുണ്ട്. പൂര്‍ണമായും കാഴ്ചശക്തിയുളളവര്‍ കുറച്ചുപേരെയുളളൂ. കാഴ്ചശക്തിയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം.
ചിലരുടെ കാഴ്ചശക്തി ഭാഗീകമാകാം, അപൂര്‍ണ്ണമാകാം. അതുകൊണ്ടാണല്ലോ നാം കണ്ണട ഉപയോഗിക്കുന്നത്. മറ്റുളളവരെ നയിക്കുന്നവര്‍ എപ്പോഴും ഓര്‍മ്മിക്കേണ്ട യാഥാര്‍ഥ്യമിതാണ്: ‘എന്‍റെ കാഴ്ചശക്തി പൂര്‍ണമല്ല. എന്നെക്കാള്‍ കാഴ്ചശക്തി
യുളളവര്‍ ഈ ലോകത്തിലുണ്ട്. എല്ലാം പൂര്‍ണമായും കാണുന്നവന്‍ യേശു
മാത്രമേയുളളൂ. നാം എല്ലാം അവന്‍റെ ശിഷ്യന്മാര്‍ മാത്രമാണ്’.
വിമര്‍ശനമാകാം പക്ഷേ…
സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളയാന്‍ നമ്മെ അര്‍ഹരാക്കത്തക്ക വിധം നമ്മുടെ കണ്ണിലെ തടിക്കഷണം എടുത്തുമാറ്റാന്‍ യേശു നമ്മെ ആഹ്വാനം ചെയ്യുന്നു. മറ്റുളളവരെ വിമര്‍ശിക്കുന്നതിനു മുമ്പ് സ്വയം വിമര്‍ശനത്തിന് വിധേയമാകുക.
മറ്റുളളവരെ തിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യേണ്ട സാഹചര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കുമാകാം. ചിലപ്പോഴെല്ലാം തിരുത്തലുകളും വിമര്‍ശനങ്ങളും നിര്‍ബന്ധമായും ചെയ്യേണ്ടതുണ്ട്. മറ്റുളളവരെ തിരുത്തരുതെന്ന് യേശു ഒരിക്കലും പറയുന്നില്ല. എന്നാല്‍, ‘മറ്റുളളവരെ തിരുത്തുന്നതിന് മുമ്പ് സ്വയം തിരുത്താന്‍’ യേശു പറയുന്നു. നാം പ്രധാനമായും പരിഗണിക്കേണ്ടത് ‘നാം എങ്ങനെ വിമര്‍ശിക്കുന്നു’ എന്നാണ്. ‘എന്തിനുവേണ്ടി വിമര്‍ശിക്കുന്നു’ എന്നാണ്. അപരനോടുളള അസൂയ കൊണ്ടാണോ അവനെ നാം വിമര്‍ശിക്കുന്നത്? അപരനെ തിരുത്തുമ്പോള്‍ അവന്‍റെ നന്മയും നല്ല ഭാവിയുമാണോ നാം ആഗ്രഹിക്കുന്നത് അതോ അവനെ സമൂഹമധ്യത്തില്‍ അവഹേളിതനാക്കാന്‍
വേണ്ടിയാണോ? ഞാന്‍ അപരനെ വിമര്‍ശിക്കുന്നത് അവന്‍ എന്നില്‍ നിന്ന് വ്യത്യസ്തമായ ആശയം വച്ചുപുലര്‍ത്തുന്നതുകൊണ്ട് മാത്രമാണോ? രണ്ടാമതായി, മറ്റൊരുവനെ തിരുത്തുമ്പോള്‍ ഞാന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ എന്തൊക്കെയാണ്? എന്‍റെ ശൈലി എന്താണ്. അത് അവനെ മാനസികമായി തളര്‍ത്തുന്നതാണോ? അതോ അവനെ
കൂടുതല്‍ ഊര്‍ജ്ജസ്വലനാക്കി ശക്തിപ്പെടുത്തുന്നതാണോ? സ്വന്തം കണ്ണിലെ
തടിക്കഷണം എടുത്ത് മാറ്റുന്നതിന്‍റെ ഭാഗമായി ഈ ചോദ്യങ്ങളും നമുക്ക് സ്വയം ചോദിക്കാം. തിരുത്തലിന്‍റെയും വിമര്‍ശനങ്ങളുടെയും കാര്യം വരുമ്പോള്‍
നമുക്കെല്ലാവര്‍ക്കും മനസ്സില്‍ വരുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും ടെലിവിഷനിലും സഭ വിമര്‍ശിക്കപ്പെടുന്നതും. വിമര്‍ശനത്തിന് വിധേയരാക്കപ്പെടുമ്പോള്‍ വിമര്‍ശിക്കുന്നവരുടെ ആത്മാര്‍ത്ഥതയെപ്പറ്റി നമുക്ക് ചിന്തിക്കാം. നമ്മെ
വിമര്‍ശിക്കുന്നവര്‍ ഞായറാഴ്ച ദിവ്യബലിയില്‍ പങ്കെടുക്കുന്നവരാണോ? നമുക്ക് വേണ്ടി, സഭയ്ക്കു വേണ്ടി ഒരു നിമിഷമെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണോ? ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ നമ്മെ വിമര്‍ശിക്കുന്നവരുടെ ആത്മാര്‍ത്ഥതയെന്താണ്?
ഫലത്തില്‍ നിന്ന് വൃക്ഷത്തെ അറിയാം
ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. നല്ല ഫലങ്ങളെയും ചീത്ത ഫലങ്ങളേയും യേശു വേർതിരിച്ചു കാണുന്നു. വൃക്ഷമെന്നത് മനുഷ്യനാണ്. അവനിൽ നിന്ന് പുറപ്പെടുന്നവ, പ്രത്യേകിച്ച് അവന്റെ വാക്കുകളും പ്രവർത്തികളും ആണ് ഫലങ്ങൾ. ആധുനിക മനഃശാസ്ത്രത്തിന്റെ ഏത് അളവുകോൽ വച്ച് നോക്കിയാലും, മനുഷ്യനെയും അവന്റെ സ്വഭാവ സങ്കീർണ്ണതയേയും പൂർണ്ണമായും മനസിലാക്കുവാൻ സാധിക്കുകയില്ല. ഒരു മനുഷ്യന്റെയും ഉള്ളിലേയ്ക്ക് ചൂഴ്ന്നിറങ്ങാനുള്ള കഴിവ് നമുക്കില്ല. എന്നാൽ, ഒരു മനുഷ്യനിൽ നിന്ന് പുറപ്പെടുന്ന വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും അവൻ നല്ലവനാണോ, ചീത്തയാണോ എന്ന് തിരിച്ചറിയാൻ കഴിയും. ഇന്നത്തെ സുവിശേഷം, മനുഷ്യന്റെമേൽ യേശു വർഷിക്കുന്ന വിധി വാചകങ്ങളല്ല, മറിച്ച് ഹൃദയത്തിൽ നന്മയുള്ള നിക്ഷേപമൊരുക്കി നന്മ പുറപ്പെടുവിക്കുന്നവരാകാനും, നന്മ ചെയ്യുന്നവരാകാനുമുള്ള യേശുവിന്റെ ക്ഷണമാണ്. എന്റെ വാക്കുകളും പ്രവർത്തികളും ഞാൻ ജീവിക്കുന്ന ഇടവകയ്ക്കും സമൂഹത്തിനും എന്ത് ഫലമാണ് നല്കുന്നത്? വൃക്ഷത്തിന്
ഫലമെന്നത് പോലെയാണ് ഹൃദയത്തിന് വാക്കുകളും പ്രവൃത്തികളും. നല്ല
ഫലങ്ങളില്‍ നിന്ന് വീണ്ടും നല്ല മുളകള്‍ വരുന്നതുപോലെ, നമ്മുടെ നല്ല വാക്കുകളും പ്രവൃത്തികളും സമൂഹത്തിലും നന്മയുടെ ഒരു തുടര്‍ച്ചയുണ്ടാകും. തിന്മയുടെ
ഫലങ്ങള്‍ നമൂഹത്തിലും തിന്മ ജനിപ്പിക്കുകയേയുളളൂ. തിന്മയുടെ വാക്കുകളെയും പ്രവര്‍ത്തികളെയും നമുക്കൊഴിവാക്കാം. പ്രാര്‍ത്ഥനയിലൂടെ ഹൃദയത്തില്‍ നന്മയുടെ നിക്ഷേപമുണ്ടാക്കാം.
ഇന്നത്തെ സുവിശേഷത്തിലെ എല്ലാ വാക്യങ്ങളും ഒരു പൊതുവായ ഉപദേശം സൂക്ഷിക്കുന്നത് അത് ഇതാണ്: “ആത്മപരിശോധന ചെയ്യുന്ന അഥവാ സ്വയം
പരിശോധനയ്ക്ക് വിധേയനാക്കുന്ന മനുഷ്യനാകുക”. തീര്‍ച്ചയായും ഈ
തിരുവചനങ്ങള്‍ നമ്മുടെ കുറവുകള്‍ തിരുത്തി നമ്മെ കൂടുതല്‍ മോടിപിടിപ്പിയ്ക്കുന്ന “കണ്ണാടി” തന്നെയാണ്. ഞാന്‍ എങ്ങനെയാണ് സംസാരിക്കേണ്ടത്, ഞാന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്? ഞാന്‍ എന്താണ് സംസാരിക്കേണ്ടത്? ഞാന്‍ എങ്ങനെയാണ് വിമര്‍ശിക്കേണ്ടത്? വിമര്‍ശിക്കുന്നതിന് മുമ്പ് ഞാന്‍ എന്താണ് ചെയ്യേണ്ടത്? തുടങ്ങിയ നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്ന പല ചോദ്യങ്ങള്‍ക്കും ഇന്നത്തെ തിരുവചനം ഉത്തരം നല്‍കുന്നു. കൂടാതെ, ഇന്നത്തെ സുവിശേഷം പറയാതെ പറയുന്ന മറ്റൊരു സന്ദേശമിതാണ്: “നീ ഈ ലോകത്തെ മാറ്റാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിന്നില്‍ നിന്ന് തന്നെ തുടങ്ങുക”.
ആമേന്‍.