ദുഃഖവെള്ളി
സുവിശേഷങ്ങളിലെ ഏറ്റവും സുന്ദരവും രാജകീയവുമായ ആഖ്യാനം യേശുവിന്റെ കുരിശു മരണമാണ്. അവന്റെ ജീവിതം ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന ചമൽക്കാരത്തിനേക്കാൾ സുവിശേഷാഖ്യാനം അതിന്റെ ലാവണ്യം മുഴുവനും വാരി വിതറിയിരിക്കുന്നത് അവന്റെ മരണത്തെ ചിത്രീകരിക്കുമ്പോഴാണ്. ഇരുളിമ നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ സ്നേഹത്തിന്റെ കടുംനിറങ്ങൾ തെളിഞ്ഞുനിൽക്കുന്നത് അവിടെ കാണുവാൻ സാധിക്കും.
നമുക്കറിയാം മരണം ഒരു ധ്യാന വിഷയം എന്നതിനേക്കാളുപരി നമ്മുടെ തൊട്ടടുത്തു നിൽക്കുന്ന ഒരു സഹോദരസാന്നിധ്യമാണെന്ന കാര്യം. ദുഃഖവെള്ളിക്ക് മരണത്തിന്റെ ഒരു ഗന്ധമുണ്ട്. സഹനത്തിന്റെ പിടച്ചിലുകളുണ്ട്. ഗർഭപാത്രത്തിന്റെ വിങ്ങലുകളുണ്ട്. സൗഹൃദത്തിന്റെ നഷ്ടബോധമുണ്ട്. നമ്മുടെ ജീവിതത്തിന്റെ ഒരു ഏട് ദുഃഖവെള്ളിയിൽ അടങ്ങിയിട്ടുണ്ട്. സാധാരണ നമ്മൾ സഹനത്തിന്റെ നാളുകളിലാണ് ദൈവത്തെ അന്വേഷിക്കാറുള്ളത്. പക്ഷേ ഇന്നു നമ്മുടെ മുന്നിലുള്ളത് സഹിക്കുന്ന, വേദനിക്കുന്ന, മരിക്കുന്ന ഒരു ദൈവമാണ്. ഇനി നമുക്ക് എന്ത് ചെയ്യാൻ സാധിക്കും? ഒന്നും ചെയ്യാൻ സാധിക്കില്ല ആ കുരിശിനോട് ചേർന്ന് നിൽക്കുകയല്ലാതെ.
ദൈവത്തിന് തന്നെക്കുറിച്ച് നൽകാൻ സാധിക്കുന്ന ഏറ്റവും ശക്തവും വ്യക്തവുമായ ചിത്രം കുരിശാണ്. ദൈവം ആരാണെന്നറിയണമെങ്കിൽ ഒരു നിമിഷം ആ കുരിശിൻ കീഴിൽ മുട്ടുകുത്തി ധ്യാനിച്ചാൽ മതി. അപ്പോൾ നീ കാണും നഗ്നനായി കുരിശിൽ കിടക്കുന്ന ഒരുവനെ. ആരെയും ആലിംഗനം ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ കരങ്ങൾ വിരിച്ചു കിടക്കുന്നു ഒരുവനെ. തനിക്കുവേണ്ടി ഒന്നും ആവശ്യപ്പെടാത്ത, സഹായത്തിനായി അലമുറയിടാത്ത ഒരുവനെ. മരണത്തെ മുഖാമുഖം കാണുന്ന അവസാന നിമിഷം വരെ തന്റെ കൂടെയുള്ളവരെയോർത്ത് ആകുലപ്പെടുന്ന, സഹക്രൂശിതർക്ക് പ്രത്യാശ പകരുന്ന ഒരുവനെ.
ലോകത്തിലെ ഏറ്റവും സുന്ദരമായ സത്യമാണ് ക്രൈസ്തവവിശ്വാസത്തിന്റെ അടിത്തറ; സ്നേഹം. ജെറുസലേം പട്ടണത്തിനു വെളിയിലെ ഗോൽഗോത്ത എന്ന ആ കുന്നിൻമുകളിൽ തീർത്തും ദരിദ്രനും നഗ്നമായി കുരിശിൽ കിടക്കുന്ന ദൈവപുത്രൻ സ്നേഹത്തെ പ്രതി മരിക്കുന്ന നിമിഷം. അതാണ് ഭൂമി ദർശിച്ച ഏറ്റവും ധീരമായ പ്രവർത്തി. മണ്ണിന്റെ മാറിൽ കുരിശ് സ്വർഗ്ഗത്തിന്റെ കൂടൊരുക്കിയത് അപ്പോഴാണ്. ആ കുരിശിലൂടെയാണ് ദൈവീക സ്നേഹം ഒരു തീ തുള്ളിയായി ഭൂമിയിലേക്ക് പതിച്ചത്. പിന്നീട് ആളിക്കത്തിയതും. അങ്ങനെയാണ് കാൽവരിയിൽ അവന്റെ മുറിവുകളാകുന്ന അക്ഷരങ്ങളാൽ ഈ പ്രപഞ്ചം ഒരിക്കലും ആസ്വദിച്ചിട്ടില്ലാത്ത ഒരു സ്നേഹ കാവ്യം എഴുതപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2000 വർഷങ്ങൾക്ക് ശേഷവും കുരിശിൻ കീഴിലുണ്ടായിരുന്ന ആ സ്ത്രീജനങ്ങളെ പോലെ, ശതാധിപനെ പോലെ, നല്ലവനായ ആ കള്ളനെ പോലെ കുരിശിലും ക്രൂശിതനിലും ദൈവികമായ ഒരു ആകർഷണം അനുഭവപ്പെടുന്നത്.
എന്നെന്നേക്കുമായി തുറന്നുകിടക്കുന്ന വലിയൊരു ചോദ്യം തന്നെയാണ് കുരിശ്. പക്ഷെ ഓർക്കുക, അതിന്റെ മുന്നിൽ വന്നു നിൽക്കുന്നവരിലാണ് അതിന്റെ ഉത്തരം മുഴുവനും ഉള്ളത്. അന്തിമ വിജയം എന്നും കുരിശിനു മാത്രമാണ്. എന്തെന്നാൽ അതുമാത്രമാണ് വിശ്വസനീയം. അതിനു മാത്രമേ നിന്റെ ജീവിതത്തിന്റെ രഹസ്യാത്മകതയെ ബോധ്യപ്പെടുത്താൻ സാധിക്കു. കാരണം കുരിശിനുള്ളത് ഹൃദയത്തിന്റെ ഭാഷയും വാചാലതയുമാണ്. സ്നേഹിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന ഭാഷ.
അവന്റെ കുരിശിന്നരികിൽ നിന്നിരുന്ന എല്ലാവരും തന്നെ (പുരോഹിത പ്രമാണിമാരും പടയാളികളും കൂടെ ക്രൂശിക്കപ്പെട്ട ഒരു കള്ളനും) പറയുന്നുണ്ട്: “നീ ദൈവമാണെങ്കിൽ ഒരു അത്ഭുതം പ്രവർത്തിക്കുക. കുരിശിൽ നിന്നിറങ്ങി വരുക, എങ്കിൽ ഞങ്ങൾ വിശ്വസിക്കാം”. ഏതൊരു സാധാരണ മനുഷ്യനും ഇങ്ങനെയുള്ള വെല്ലുവിളികൾ സ്വീകരിച്ചു കുരിശിൽ നിന്നും ഇറങ്ങി വരും. പക്ഷേ യേശു അത് ചെയ്യുന്നില്ല. കുരിശിൽ നിന്നും ഇറങ്ങി വരുവാനുള്ള അധികാരവും ശക്തിയും ഉണ്ടായിട്ടും അവൻ അതിൽ നിന്നും ഇറങ്ങി വരുന്നില്ല. എന്തുകൊണ്ട് അവൻ കുരിശിൽ നിന്നും ഇറങ്ങിയില്ല? കാരണം അവന്റെ ശിഷ്യരും കുരിശിൽ നിന്നും ഇറങ്ങി വരാതിരിക്കുന്നതിന് വേണ്ടിയാണ്. അതിനുശേഷം ഒരു ക്രിസ്തുശിഷ്യനും കുരിശിൽ നിന്നും ഒളിച്ചോടിയട്ടില്ല. കുരിശിനു മാത്രമേ നമ്മുടെ അസ്തിത്വപരമായ എല്ലാ സംശയങ്ങളെയും ദുരീകരിക്കാൻ സാധിക്കു. ഓർക്കുക, കുരിശിലും ആണി പഴുതുകളിലും ചതിയില്ല. അവകൾ നമുക്ക് സ്നേഹത്തിന്റെ അനന്തതയിലേക്ക് പറക്കാനുള്ള ചിറകുകൾ നൽകും.
മനസ്സിലാക്കാൻ പറ്റാത്ത ചില സഹനങ്ങൾ, നൊമ്പരങ്ങൾ, കണ്ണീരുകൾ, വിമ്മിട്ടങ്ങൾ, കരച്ചിലുകൾ, പലപ്രാവശ്യവും നമ്മുടെ ജീവിതം ഒരു തോൽവി ആണെന്ന പ്രതീതിയുളവാക്കാറുണ്ട്. പക്ഷേ ആ നിമിഷങ്ങളിൽ കുരിശിനെ ഒന്ന് മുറുകെ പിടിക്കുകയാണെങ്കിൽ നമ്മിലേക്ക് ഉത്ഥാനത്തിന്റെ ശക്തി തുളച്ചു കയറുന്നത് അനുഭവവേദ്യമാകും. നമ്മൾ പോലും അറിയാതെ ആ ശക്തി നമ്മിലെ ശവകുടീരത്തിന്റെ കല്ലുകളെ ഇളക്കിമാറ്റി ഒരു പുതുപ്രഭാതത്തിന്റെ ശുദ്ധവായു നമ്മിൽ നിറയ്ക്കും. നാം ആലിംഗനം ചെയ്ത ആ കുരിശ് അപ്പോൾ പൂത്തുലഞ്ഞു നിൽക്കുന്നത് നമ്മൾക്ക് കാണുവാൻ സാധിക്കും.