Diocese

കുരിശുമലയില്‍ വിശുദ്ധകുരിശിന്‍റെ മഹത്വീകരണ തിരുനാളും മിഷന്‍ ക്രോസിന്‍റെ പ്രതിഷ്ഠയും

കുരിശുമലയില്‍ വിശുദ്ധകുരിശിന്‍റെ മഹത്വീകരണ തിരുനാളും മിഷന്‍ ക്രോസിന്‍റെ പ്രതിഷ്ഠയും

സാബു കുരിശുമല

കുരിശുമല: കേരള കത്തോലിക്കാസഭയില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച വല്ലാര്‍പ്പാടം മിഷന്‍ കോണ്‍ഗ്രസിന്‍റെ സ്മാരകമായി നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ 241 ദേവാലയങ്ങളില്‍ പ്രയാണം നടത്തിയ “മിഷന്‍ ക്രോസ്”, വിശുദ്ധ കുരിശിന്‍റെ മഹത്വീകരണ തിരുനാളിനോടനുബന്ധിച്ച് സെപ്റ്റംബര്‍ 14-ന് തെക്കന്‍ കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കും.

നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന മിഷന്‍ക്രോസ്, ഉച്ചയ്ക്ക് ഒരുമണിയോടെ രൂപതാ വൈദികരുടെയും അല്മായരുടെയും നേതൃത്വത്തിൽ കത്തീഡ്രല്‍ ഇടവകാംഗങ്ങളായ നൂറുകണക്കിന് വിശ്വാസികളുടെയും അകമ്പടിയോടെ, ആഘോഷമായ പ്രദക്ഷിണത്തോടെ കൂതാളി ക്രിസ്തുരാജ പാദപീഠത്തില്‍ എത്തിച്ചേരും.

നെടുമങ്ങാട് റീജിയന്‍റെയും ബോണക്കാട് സംരക്ഷണ സമിതിയുടെയും യുവജനങ്ങളുടെയും നേതൃത്വത്തില്‍ ബോണക്കാട് കുരിശുമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നാരംഭിക്കുന്ന ഇരുചക്ര വാഹന റാലിയും കത്തീഡ്രലില്‍ നിന്നുള്ള മിഷന്‍ക്രോസ് പ്രയാണവും വൈകുന്നേരം 3.00 മണിയോടെ കൂതാളിയില്‍ സംഗമിക്കും.

നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്തുദാസ് മിഷന്‍ക്രോസ് ഏറ്റുവാങ്ങും. തുടര്‍ന്ന് ഉണ്ടന്‍കോട് ഫൊറോനയിലെ വിവിധ ഇടവകകളുടെയും കുരിശുമല തീര്‍ത്ഥാടന കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പദയാത്രയായി കുരിശുമല സംഗമവേദിയില്‍ എത്തിച്ചേരും.

തുടര്‍ന്ന് മിഷന്‍ കോണ്‍ഗ്രസ് അനുഭവം പങ്കുവയ്ക്കല്‍, വിശുദ്ധ കുരിശിന്‍റെ നവനാള്‍, കുരിശുവന്ദനം എന്നിവയും നടക്കും.

നാലുമണിയോടെ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ സഹായ മെത്രാന്‍ റൈറ്റ്. റവ.ഡോ.ആര്‍.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയുമുണ്ടാകും. രൂപതാതലത്തിലുള്ള ആഘോഷപരിപാടികള്‍ക്ക് അടിസ്ഥാന ക്രൈസ്തവ സമൂഹകമ്മിഷനും. തീര്‍ത്ഥാടനകേന്ദ്രത്തിലെ ആഘോഷപരിപാടികള്‍ക്ക് സംഘാടകസമിതിയും ഉണ്ടന്‍കോട് ഫൊറോനയും നേതൃത്വം നല്കും.

വിവിധ കമ്മിറ്റികള്‍ക്കു നേതൃത്വം നല്കുന്നവര്‍: മോണ്‍സിഞ്ഞോര്‍ ജി.ക്രിസ്തുദാസ് (ജനറല്‍ കണ്‍വീനര്‍), ഫാ.അജീഷ് ക്രിസ്തുദാസ് (ജോ.ജനറല്‍ കണ്‍വീനര്‍) ഫാ.രതീഷ് മാര്‍ക്കോസ്, ഫാ.പ്രദീപ് ആന്‍റോ, ഫാ.ഡെന്നിസ് കുമാര്‍, ജയന്തി എസ്., ഷിബു വി.എം., ജ്ഞാനദാസ് (റിസപ്ഷന്‍), ഡോ. സിറില്‍ സി. ഹാരിസ്, ഫാ.സജി തോമസ്, ഫാ.ജോഷി രഞ്ജന്‍, ലൂയിസ് ഉപദേശി, മിഖായേല്‍ ഉപദേശി (ലിറ്റര്‍ജി), ഫാ.പ്രിന്‍സ്, ഫാ.ഷാജി ഡി.സാവിയോ, ഫാ.ക്രിസ്തുദാസ്, ജോയി, അനില്‍കുമാര്‍, വില്യംസ്, ജോയ്സണ്‍ (ഫിനാന്‍സ് & ഫുഡ്).

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker