Articles

കുരിശിന്റെ മഹത്വത്തെക്കുറിച്ച് ജോസഫ് അന്നംക്കുട്ടി ജോസ്

പ്രാര്‍ത്ഥനയെ ലോജിക്കുകളുടെ ത്രാസ്സില്‍ ഇട്ട് അളക്കരുത്‌; അവന്‍ മരിച്ച ആ കുരിശിന്റെ മറുപുറം എനിക്കും നിനക്കുമായി കാത്തിരിക്കുന്നു... നമ്മളില്‍ നിന്നും ഒരു ക്രിസ്തു ഉണ്ടാകട്ടെ...

ജനിച്ചു വീണത്‌ നല്ലൊരു ക്രിസ്ത്യന്‍ കുടുംബത്തിലാണ്, അള്‍ത്താര ബാലന്‍ ആയിരുന്നു, സണ്‍‌ഡേ ക്ലാസ്സില്‍ പോയിട്ടുണ്ട്, ഒരു ബോണസ് എന്ന നിലയില്‍ രണ്ടു വര്‍ഷം സെമിനാരിയില്‍ പോയിട്ടുണ്ട് എന്നിട്ടും ഒരു സംശയം ചെറുപ്പം തുടങ്ങി ഉള്ളില്‍ ഉണ്ടായിരുന്നു.

‘യേശു നിങ്ങള്‍ക്ക് വേണ്ടി കുരിശില്‍ തൂങ്ങി മരിച്ചു’; ഇതില്‍ എന്ത് ലോജിക് ആണ് ഉള്ളത്? രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരാള്‍ ഞാന്‍ ഉള്‍പ്പെടെയുള്ള മനുഷ്യവര്‍ഗത്തിന് വേണ്ടി മരിച്ചിരിക്കുന്നു. എന്‍റെ പാപങ്ങള്‍ക്കും, വേദനകള്‍ക്കും പരിഹാരമായി അവിടുന്ന് പീഡസഹിച്ച് മരിച്ചു. അതുകൊണ്ട് എന്‍റെ വേദനകള്‍ക്ക് എന്ത് പരിഹാരം? എന്‍റെ പാപങ്ങള്‍ക്ക്‌ എന്ത് മോചനം? തടവറയില്‍ കൂടെ ഉണ്ടായിരുന്ന, തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട ഒരു കുറ്റവാളിക്ക് പകരം ‘എന്നെ തൂക്കിലേറ്റുക എന്ന് പറഞ്ഞ്‌ മരണത്തെ ഏറ്റുവാങ്ങിയ ഫാ.മാക്സ് മില്യൻ കോൾബെ ചെയ്തത് യേശുവിന്റെ മരണത്തെക്കാള്‍ കൂടുതല്‍ അര്‍ത്ഥമുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.

പലരുടെയും മുന്‍പില്‍ ഈ ചോദ്യം ഞാന്‍ ഉന്നയിച്ചിട്ടുണ്ട്… ‘ഈ ചിന്ത പോലും പാപമാണ്’ എന്ന് പറഞ്ഞാണ് പലരും അതിനെ നേരിട്ടത്. ചിലര്‍ എന്തൊക്കയോ പറഞ്ഞ് ഒഴിഞ്ഞു മാറി. ഒടുവില്‍ അപ്രതീക്ഷിതമായി കയ്യില്‍ വന്നുപെട്ട ‘നിലത്തെഴുത്ത്’ എന്ന ബുക്കിലെ ഒരു വരിയാണ് എനിക്ക് വെളിച്ചം തന്നത്.

‘പ്രാര്‍ത്ഥനയെ ലോജിക്കുകളുടെ ത്രാസ്സില്‍ ഇട്ട് അളക്കരുത്‌’. ഞാന്‍ പരീക്ഷക്ക്‌ പോകുന്ന സമയത്ത് അമ്മ തിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതിനു എന്തു ലോജിക് ആണ് ഉള്ളത്? ജയിലില്‍ ആയിരിക്കുന്ന മകനെ ഓര്‍ത്ത്… കിടക്ക ഉപേക്ഷിച്ച്… ‘അവനും കിടക്കയില്ലല്ലോ’ എന്ന് പറഞ്ഞ് സിമെന്റ് തറയില്‍ ഉറങ്ങുന്ന അമ്മയ്ക്ക് എന്ത് ലോജിക് ആണ് ഉള്ളത്? മകന് രോഗമാണ്, അവന്‍റെ ആരോഗ്യം കാക്കണമെങ്കില്‍ പുളിയിലിട്ട കഞ്ഞി മാത്രമേ കൊടുക്കാവു എന്ന് വൈദ്യന്‍ പറഞ്ഞിരിക്കുന്നു… ഒരു മീന്‍ കഷണം ഇല്ലാതെ ഒരു ഉരുള ഭക്ഷണം പോലും ഇറക്കാനാവാത്ത ആ പിതാവ് അവനൊപ്പം പുളിയില ഇട്ട കഞ്ഞി കുടിക്കുന്നു… ഇതിനൊക്കെ ബുദ്ധിയുടെ തലത്തില്‍ ചിന്തിച്ചാല്‍ നല്ല ഒന്നാംതരം ‘വട്ട്’ എന്നെ വിളിക്കനാകു…

പക്ഷെ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഒരു തരത്തില്‍ നമ്മളെ ശക്തിപ്പെടുതുന്നില്ലേ? അമ്മ തിരി കത്തിച്ച് പ്രാർത്ഥിക്കുന്നത് പരീക്ഷയ്ക്ക് പോകുന്ന പയ്യന് വല്ലാത്തൊരു ആത്മവിശ്വാസം നല്‍കുന്നുണ്ട്. തറയില്‍ കിടന്നുറങ്ങുന്ന അമ്മ പറയുന്നതെന്താണ്? ‘മകനേ, ഞാനും നിന്‍റെ ദുരിതത്തിന്‍റെ ഒരു ഭാഗമാകുന്നു’. പുളിയില കഞ്ഞി കുടിക്കുന്ന പിതാവ് മകന് നല്‍കുന്ന ഒരു ബലമുണ്ട് ‘കുഞ്ഞേ നീ ഒറ്റയ്ക്കല്ല ഈ കയ്പും പുളിയും അനുഭവിക്കുന്നത്, ഞാനും നിന്നോടൊപ്പം ഉണ്ട്’ എന്ന ബലം.
ഇനി ആ കുരിശിലേക്കു നോക്കുമ്പോള്‍ എനിക്ക് ചോദ്യങ്ങളില്ല… സംശയങ്ങളില്ല… കണ്ണീരു മാത്രമാണ് ബാക്കിയുള്ളത്. കാരണം ചില സഹനങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനുള്ള വലിയ ഒരു ബലമാണ്‌ അവന്‍റെ കുരിശ് വെച്ച് നീട്ടുന്നത്…

അവന്‍ ദൈവത്തിന്‍റെ പുത്രനായിരുന്നു…                                                                         മാലഖമാരാല്‍ പരിസേവിതനായി സ്വര്‍ഗത്തില്‍ വാഴേണ്ട രാജകുമാരന്‍ ആയിരുന്നു…
അവന്‍ ഒരു മനുഷ്യരൂപം എടുക്കാന്‍ തയ്യാറായി…
ഈ ഭൂമിയില്‍ ഏറ്റവും കഠിനമായ എല്ലാ സാഹചര്യങ്ങളില്‍ കൂടിയും കടന്ന് പോയി…
മാനസികമായും ശാരിരികമായും…
അവന്‍ പിറന്ന് വീണത്‌ വെറുമൊരു പശു തൊഴുത്തില്‍…
അവന്‍ എടുത്ത ജോലി വെറുമൊരു ആശാരിയുടെ തൊഴില്‍…
അവന് കൂട്ടായിരുന്നത്‌ കുറച്ചു മീന്‍ പിടുത്തക്കാര്‍…
തങ്ങളുടെ രാജാവിനു ഓശാന പാടിയപ്പോള്‍ അവന്‍ വന്നത് ഒരു കഴുതപ്പുറത്ത്…
സ്വന്തം സഹോദരനെ പോലെ കൊണ്ട് നടന്ന യൂദാസ് 30 വെള്ളിക്കാശിനു ഒറ്റി കൊടുക്കും എന്നറിഞ്ഞിട്ടും അവന് വേണ്ടി പെസഹാ അപ്പം ഒരുക്കേണ്ടി വന്നവന്‍…
‘നിനക്ക് വേണ്ടി മരിക്കാന്‍ വരെ ഞാന്‍ തയ്യാറാണ്’ എന്ന് പറഞ്ഞ അരുമ ശിഷ്യനാല്‍ മൂന്ന് പ്രാവശ്യം തള്ളി പറയപ്പെട്ടവന്‍…
ഇന്നേ വരെ മനുഷ്യന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മൃഗീയമായ നിലയില്‍ കൊല്ലപ്പെട്ടവന്‍…
തന്റെ നെഞ്ചില്‍ കൂര്‍ത്ത കുന്തം കൊണ്ട് കുത്തിയ, ഒരു കണ്ണിനു കാഴ്ച ഇല്ലാത്ത ആ പടയാളിക്കും കാഴ്ച കൊടുത്തവന്‍…

ഈ കുരിശ് എനിക്ക് തരുന്ന ബലം എത്ര വലുതാണെന്ന് ഞാന്‍ ഇന്ന് മനസ്സിലാക്കുന്നു…
ഇന്ന് മറ്റുള്ളവര്‍ എന്നെ തള്ളി പറയുമ്പോള്‍ ഈ കുരിശിലെ ചെറുപ്പക്കാരന്‍ പറയും ‘ഞാനും തള്ളി പറയപ്പെട്ടവനാണ്’…
എന്നെ ചിലര്‍ വഞ്ചിച്ചു എന്ന് ഞാന്‍ നെടുവീര്‍പ്പെടുമ്പോള്‍ അവന്‍ പറയും ‘ഞാനും വഞ്ചിക്കപ്പെട്ടവനാണ്’…
മറ്റുള്ളവര്‍ വാക്കുകള്‍ കൊണ്ട് എന്നെ കുത്തി മുറിവേല്‍പ്പിക്കുമ്പോള്‍ അവന്‍റെ നെഞ്ചിലെ മുറിപ്പാട് എന്നോട് പറയുന്നു ‘എന്നെ മുറിപ്പെടുതിയവനെ അനുഗ്രഹിച്ചവനാണ് ഞാന്‍’…
ആകുലതകള്‍ കൊണ്ട് എന്‍റെ ജീവിതം വഴിമുട്ടുന്നു എന്ന് ഞാന്‍ കരുതുമ്പോള്‍ അവന്‍ പറയും ‘ആകുലതകള്‍ കൊണ്ട് ഗതെസ്മന്‍ തോട്ടത്തില്‍ ചോര വിയര്‍ത്തവനാണ് ഞാന്‍’…

അതേ ഈ കുരിശ് പറയുന്നത് ഇത്രമാത്രമാണ്… നീ ഒറ്റയ്ക്കല്ല ഞാനുമുണ്ട്, തെറ്റ് ചെയ്തവന് ശിക്ഷയുണ്ട്… നിന്‍റെ തെറ്റുകള്‍ക്ക് ഉള്ള ശിക്ഷ നിനക്ക് പകരം എന്നേ ഞാന്‍ ഏറ്റു വാങ്ങിയിരിക്കുന്നു…

പെസഹാ രാത്രി ഈശോ പറഞ്ഞത് ഓര്‍ക്കുന്നില്ലേ ? ‘ഞാനീ ചെയ്തത് നിങ്ങള്‍ എന്‍റെ ഓര്‍മ്മക്കായി ചെയ്യുവിന്‍’ അത് വെറുതെ അപ്പവും വീഞ്ഞും കുടിക്കല്‍ മാത്രം അല്ല മറിച്ച്, അവന്‍ മറ്റുള്ളവരെ സ്നേഹിച്ചത് പോലെ ആഴമായി സ്നേഹിക്കുക… അവന്‍ ക്ഷമിച്ചത് പോലെ ക്ഷമിക്കുക… അവന്‍ നമുക്ക് ബലമായത് പോലെ… നമ്മള്‍ മറ്റുള്ളവര്‍ക്കും ഒരു ബലമാകുക… കുരിശ് അവന്‍റെ സ്നേഹത്തിന്‍റെ അടയാളമാണ്…

അവന്‍ മരിച്ച ആ കുരിശിന്റെ മറുപുറം എനിക്കും നിനക്കുമായി കാത്തിരിക്കുന്നു… നമ്മളില്‍ നിന്നും ഒരു ക്രിസ്തു ഉണ്ടാകട്ടെ…
ആമ്മേന്‍

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker