കുമ്പസാരത്തിനെതിരെയും മിഷണറീസ് ഓഫ് ചാരിറ്റിക്കുമെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിൽ കമുകിന്‍കോട് ദേവാലയത്തിന്റെ പ്രതിഷേധ കൂട്ടായ്‌മ
കുമ്പസാരത്തിനെതിരെയും മിഷണറീസ് ഓഫ് ചാരിറ്റിക്കുമെതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടിൽ കമുകിന്‍കോട് ദേവാലയത്തിന്റെ പ്രതിഷേധ കൂട്ടായ്‌മ
അനിൽ ജോസഫ്
ബാലരാമപുരം ; കുമ്പസാരത്തിനെതിരെയും വിശുദ്ധ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്കുമെതിരെയുളള കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ വിശ്വാസികള്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്‌മ ഇടവക വികാരി ഫാ.ജോയ് മത്യാസ് ഉദ്‌ഘാടനം ചെയ്യ്‌തു.
കുമ്പസാരത്തെ നിരോധിക്കാനുളള തീരുമാനം ഭരണഘടനാ ലംഘനമാണെന്നും, കത്തോലിക്ക സഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ ഭാഗമായുളള കുമ്പസാരത്തെ വിലകുറച്ച് കാണിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സജീവ ശ്രമം നടക്കുന്നെന്നും ഫാ.ജോയ് മത്യാസ് പറഞ്ഞു. വിശുദ്ധ മദര്‍ തെരേസയുടെ സന്യാസ സഭയായ മിഷണറീസ് ഓഫ് ചാരിറ്റിയോട് വൈരാഗ്യ പൂര്‍ണ്ണമായ പ്രവര്‍ത്തനം അപലപനീയമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ദിവ്യബലിക്ക് ശേഷം പളളിമുറ്റത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മയില്‍ ഫാ.മൈക്കിള്‍, ബ്രദര്‍ ടുട്ടു സേവ്യര്‍, സെക്രട്ടറി ആനന്തകുട്ടന്‍, വൈസ് പ്രസിഡന്റ് കരുണാകരന്‍, കോ-ഓഡിനേറ്റര്‍ ജോണ്‍. കെ. ജെ., ട്രഷറര്‍ ഭദ്രകുമാര്‍, കെ.എല്‍.സി.എ. പ്രസിഡന്റ് മംഗളാസാനു, എല്‍.സി.വൈ.എം. പ്രസിഡന്റ് ഇഗ്‌നേഷ്യസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കത്തിച്ച മെഴുകുതിരികളും കുരിശും പിടിച്ചാണ് വിശ്വാസികള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത്.