കുമ്പസാരക്കൂടിനെ അധിക്ഷേപിച്ച മഴവിൽ മനോരമ ചാനലിനോട് ദുഃഖത്തോടെ…
കുമ്പസാരക്കൂടിനെ അധിക്ഷേപിച്ച മഴവിൽ മനോരമ ചാനലിനോട് ദുഃഖത്തോടെ...
ഫാ.മാർട്ടിൻ ആന്റണി
നമ്മോട് എന്നും സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു കുഞ്ഞനുജത്തി ഉണ്ടാവുക എന്നത് ഒരു അനുഗ്രഹമാണ്. എനിക്കുമുണ്ടൊരു കുഞ്ഞനുജത്തി. ചിരിച്ചും കളിച്ചും ഇണങ്ങിയും പിണങ്ങിയും ഒത്തിരി കശപിശ സംസാരിക്കുന്ന ഒരു കുഞ്ഞനുജത്തി. കുറച്ചു വാക്കുകളുമായി പിറന്നവർക്ക് അനുജത്തിമാർ വാഗ്ദേവത തന്നെയാണ്. ഒരിക്കൽ ഒത്തിരികാര്യങ്ങൾ സംസാരിച്ചിരിക്കുന്ന കൂട്ടത്തിൽ അവൾ എന്നോട് ചോദിച്ചു: “ചേട്ടായിക്ക് ഒരു കുമ്പസാരക്കൂട് ആകുവാൻ സാധിക്കുമോ?” ചോദ്യം കേട്ട മാത്രയിൽ എന്റെ ഉള്ളിൽ ഒരു ആന്തൽ ആണ് ഉണ്ടായത്. ദൈവമേ, കുമ്പസാരക്കൂട്… ‘കണ്ണീരും അനുഗ്രഹവും കൂടി പിണഞ്ഞു കിടക്കുന്ന ഇടം. ഒത്തിരി ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുത്തുകളെ ശേഖരിച്ച് തമ്പുരാന് നൽകേണ്ട ഇടം’.
ഈ കുഞ്ഞിന്റെ ചോദ്യത്തിന് ഞാൻ എന്തുത്തരം നൽകും? എന്റെ ഉത്തരം മറു ചോദ്യമായി: “എന്താണ് മോളെ അങ്ങനെ ചോദിച്ചത്?” അവളുടെ മുഖം തിളങ്ങി. “കുമ്പസാര കൂടിന് ക്ഷമിക്കുവാനും മറക്കുവാനും സാധിക്കും. അവ ഒന്നും ഓർക്കുന്നില്ല. ആരെയും ഒന്നിനെയും സ്വന്തമാക്കുന്നുമില്ല. അണയുന്നവർക്ക് കൃപ മാത്രം നൽകുന്നു”. എന്നിട്ട് തിളങ്ങുന്ന കണ്ണുകളോടെ അവൾ എന്നെ നോക്കി ചിരിച്ചു.
ഏകദേശം അഞ്ചുമാസം ആയിട്ട് റോമിലെ തിരക്കുള്ള പള്ളിയിലാണ് ഈയുള്ളവൻ സേവനം ചെയ്യുന്നത്. ഒപ്പം പഠനവും നടക്കുന്നുണ്ട്. ദിവസവും മൂന്നു കുർബാനയും, ഞായറാഴ്ച ദിവസങ്ങളിൽ ആറ് കുർബാനയും ഉള്ള പള്ളിയാണ്. ഞായറാഴ്ച മുഴുവൻ സമയവും കുമ്പസാരക്കൂട്ടിൽ ഇരിക്കുകയും വേണം. പല ഭാഷകളിൽ ഉള്ളവർ കുമ്പസാരിക്കാൻ വരുന്നുണ്ട്. വലിയ സങ്കടങ്ങൾ വലിയ ഭാരങ്ങൾ അവർ വന്ന് ഇറക്കി വയ്ക്കുമ്പോൾ അവരോടൊപ്പം കരഞ്ഞു കണ്ണ് കലങ്ങിയ ദിവസങ്ങളും ഉണ്ടായിട്ടുണ്ട്. പലരും അവരുടെ കുറ്റങ്ങളും കുറവുകളും ദൗർബല്യങ്ങളും വന്നു പറയുമ്പോൾ, ദൈവമേ ഇതുതന്നെയല്ലേ എന്റെയും കുറവും ദൗർബല്യവും എന്ന് ഞാനും ചിന്തിച്ചു പോയിട്ടുണ്ട്.
ആത്മീയ വിമലീകരണം ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത് കുമ്പസാരക്കൂട്ടിൽ നിന്നാണ്. ഒരു കുഞ്ഞിനെയും അവിടെനിന്ന് വിധിച്ചിട്ടില്ല. ഒരു കുഞ്ഞും ദൈവകരുണയുടെ നന്മ അനുഭവിക്കാതെ അവിടെ നിന്ന് തിരിച്ചു പോയിട്ടുമില്ല. ഒപ്പം കുമ്പസാരക്കൂട്ടിൽ ഇരുന്നുകൊണ്ട് ഒരു കൗൺസിലർ ആകാൻ ശ്രമിച്ചിട്ടുമില്ല. മറിച്ച് വിശുദ്ധഗ്രന്ഥത്തിലെ കരുണയുടെ സന്ദേശത്തെ എല്ലാവർക്കും പകുത്തു നൽകുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇത് ഹൃദയത്തിൽ തൊട്ടുള്ള ഏറ്റുപറച്ചിലാണ്. ഇത് ഒരു പരിഭവം കൂടിയാണ്. കുമ്പസാരം എന്ന വിശുദ്ധ കൂദാശയും വിശ്വാസികളെയും പുരോഹിതരെയും അങ്ങ് തമാശരൂപേണ ആക്ഷേപിക്കുന്നത് കാണുമ്പോൾ ഉള്ള വേദന കൂടിയാണ്. ശരിയാണ് പുരോഹിതന്മാർക്ക് കുറവുകളുണ്ട്, അവരും നിങ്ങളെപ്പോലെ മാനുഷികമായ ദൗർബല്യങ്ങൾ അനുഭവിക്കുന്നവരും ആണ്. വീഴ്ചകൾ സംഭവിക്കുമ്പോൾ തിരുത്തുക. ആ തിരുത്തലുകളെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കും. പക്ഷേ, വിശുദ്ധമായി കരുതുന്ന കൂദാശകളെ ആക്ഷേപിക്കുകയും, ഒപ്പം അത് പരികർമ്മം ചെയ്യുന്നവരെയും വിശ്വാസികളെയും വെറും നാലാംകിട രൂപത്തിൽ ചിത്രീകരിക്കുന്നതും കാണുമ്പോൾ സങ്കടമുണ്ട്.
പ്രിയ കോമഡി ചേട്ടന്മാരെ ചേച്ചിമാരെ, പ്രിയ “മഴവിൽ മനോരമ ചാനലേ”, ഞങ്ങൾ നിങ്ങൾക്കെതിരെ മുദ്രാവാക്യം വിളിക്കില്ല. ഞങ്ങൾ നിങ്ങളുടെ ഒന്നും തല്ലി പൊളിക്കുകയും ഇല്ല. ഞങ്ങൾ പ്രതിനിധീകരിക്കുന്ന കുമ്പസാരക്കൂട് അത് കരുണയുടെ കൂടാരമാണ്. ഞങ്ങൾക്കറിയാം നിങ്ങളെ സംബന്ധിച്ച് കലയും സർഗാത്മകതയും ഉപജീവനമാർഗ്ഗം ആണെന്ന്. പക്ഷേ ഒരു കാര്യം ചിന്തിക്കുന്നത് നല്ലതായിരിക്കും: “നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഈ കലയ്ക്കും വേണ്ടേ ഇത്തിരിയോളമെങ്കിലും എത്തിക്സ്”?
Really touching article.
Ethics actually was murdered within the office of every news channels long ago .we are in the time of religious torture by every Dick Tom and Harry.manorama is not an exemption.
Excellent message.
Channels are not for value but for rating. Sooo pity…..!!!!
കിട്ടാത്ത മുന്തിരി പുളിക്കും…കുമ്പസാര കൂദാശയുടെ വില അറിയാത്തവർ മാത്രമേ ഇങ്ങനെ പറയൂ. ഈ കൂദാശ തരുന്നത്ര ആശ്വാസവും പ്രതീക്ഷയും മറ്റൊന്നിനും തരാൻ പറ്റില്ല. ചിലർ അതു ദുരുപയോഗിച്ചു എന്ന് കരുതി ക്രിസ്തു തന്റെ ജീവൻ കൊടുത്ത് ,തന്റെ തിരുചോരയാൽ അടിസ്ഥാനമിട്ട ഒന്നിനെ അവഹേളിക്കാൻ ആർക്കും അവകാശമില്ല..ആർക്കും!!
Excellent message.
Channels are not for value but for rating!!!!
Hi father may God bless you
Only a person who tastes the fruit knows the value if it.