കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ബുളളറ്റില്‍ ജോബിയച്ചന്‍റെ ഭാരത പര്യടനം
കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ബുളളറ്റില്‍ ജോബിയച്ചന്‍റെ ഭാരത പര്യടനം
അനിൽ ജോസഫ്
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുളള ലൈംഗീക അതിക്രമങ്ങള്‍ക്കെതിരെ സന്ദേശവുമായി ജോബി പയ്യംപിളളി അച്ചന്‍റെ ഭാരതയാത്ര വ്യത്യസ്തമായി. ലാസ്ലെറ്റ് സഭാഗമായ വൈദികന്‍ സെപ്റ്റംബര്‍ 11-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
യാത്രക്ക് മുന്നോടിയായി അങ്കമാലി അത്താണിയിലെ ബൈക്ക് മെക്കാനിക്ക് സജിമേസ്തിരിയുടെ ശിക്ഷണത്തില്‍ ബൈക്ക് റിപെയറിംഗില്‍ പരിശീലനനേടിയാണ് ഫാ.ജോബി ഉദ്യമത്തിന് തുടക്കം കുറിച്ചത്. കൂടാതെ ഒരുമാസം യോഗയും പ്രത്യേക ആയുര്‍വേദ ചികിത്സയും നടത്തിയാണ് യാത്ര ആരംഭിച്ചത്. മാഗ്ലൂര്‍, പൂന്നൈ, മുംബൈ, അഹമ്മദാബാദ്, ജയ്പൂര്‍, ഡല്‍ഹി, ഹരിയാന, ജലന്തര്‍, ജമ്മു, ശ്രീനഗര്‍, കാര്‍ഗില്‍, ലഡാക്ക് തുടങ്ങിയ ഇടങ്ങളിലെല്ലാം സന്ദേശം എത്തിച്ചാണ് അച്ചന്‍ തിരികെ കേരളത്തില്‍ എത്തിച്ചേര്‍ന്നത്.
യാത്ര ചെയ്ത 55 ദിവസവും പെട്രോള്‍ പമ്പുകളിലും റോഡ് വക്കിലും തങ്ങിയായിരുന്നു യാത്ര. ശരാശരി 320 കിലോമീറ്ററോളം ദിവസവും യാത്രചെയ്ത ജോബിയച്ചൻ, ഒറീസയില്‍ വച്ച് തെരുവുനായ റോഡിന് കുറുകെ ചാടി അപകടവും സംഭവിച്ചു. ബൈക്ക് മറിഞ്ഞ് കൈക്ക് സാരമായ പരിക്കേറ്റിട്ടും ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം യാത്ര തുടരുകയായിരുന്നു.
എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് യാത്ര ചെയ്ത അച്ചന്‍ കുര്‍ബാനയ്ക്കുളള വീഞ്ഞും ഓസ്തിയും കരുതിയിരുന്നു. കാശ്മീരില്‍ ശൈത്യത്തെ പ്രതിരോധിക്കാന്‍ നിരവധി പേര്‍ അച്ചന് വീടുകളില്‍ അന്തി ഉറങ്ങാന്‍ അവസരം നല്‍കി.
ലഡാക്കിലെ ഏക കത്തോലിക്കാ ദേവാലയമായ സെന്‍റ് പീറ്റര്‍ പളളിയില്‍ ദിവ്യബലി അര്‍പ്പിച്ചതും ഒറീസയില്‍ യുവാക്കള്‍ക്കൊപ്പം ഗണേശോത്സവത്തില്‍ പങ്കെടുത്തതും പ്രത്ര്യേക അനുഭവമായിരുന്നെന്ന് അച്ചന്‍ പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ആച്ചന്‍ 6 മാസത്തേക്ക് പ്രത്യേക അനുമതി വാങ്ങിയാണ് പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ഡല്‍ഹിയിലും ജമ്മുകാശ്മീരിലും പോലീസിന്‍റെയും സൈന്യത്തിന്‍റെയും തന്നോടുളള ഇടപെടല്‍ അഭിമാനകരമായ നിമിഷങ്ങളായിരുന്നെന്ന് ജോബി അച്ചന്‍ പറഞ്ഞു.
കല്‍ക്കട്ട, ആന്ധ്ര, ബംഗളൂരു വഴി ഇന്നലെ കേരളത്തില്‍ തിരിച്ചെത്തിയ ജോബി അച്ചന്‍ സഹവികാരിയായി സേവനം ചെയ്ത നെയ്യാറ്റിന്‍കര രൂപതയിലെ ആനപ്പാറ പളളിയിലാണ് തങ്ങിയത്. തുടര്‍ന്ന്, സുഹൃത്തായ ഫാ.ഷാജി ഡി. സാവിയോക്കൊപ്പം എത്തിയ അച്ചന് ഇന്ന്നെ യ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന്, അച്ചന്‍ സേവനമനുഷ്ടിച്ച കാക്കാമൂല പളളിയിലും സ്വീകരണം നല്‍കി.
തിരുവനന്തപുരം രൂപതയിലെ പരിത്തിയൂര്‍, പുതിയതുറ ഇടവകകളില്‍ അച്ചന്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്ന് വൈകി തിരുവനന്തപുരം ആര്‍ച്ച് ബിഷപ്സ് ഹൗസിലെത്തിയ ജോബിയച്ചനെ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യത്തിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
നാളെ വൈകിട്ട് അങ്കമാലിയില്‍ അച്ചന്‍റെ സന്യാസസഭ ആസ്ഥാനത്താണ് യാത്ര അവസാനിക്കുന്നത്. ഇരിങ്ങാലക്കുട രൂപതാഗാമയ ജോബി അച്ചന്‍ എറണാകുളം ഇളത്തിക്കരയില്‍ ജോസഫ് മേരി ദമ്പതികളുടെ മകനാണ്.
ബുളളറ്റില്‍ ഭാരത പര്യടനം പൂര്‍ത്തിയാക്കിയ ഫാ.ജോബിയ്ക്ക് നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ സ്വീകരണം
നെയ്യാറ്റിൻകര: സാമൂഹ്യ പ്രവര്‍ത്തനം ലക്ഷ്യമാക്കി ബുളളറ്റില്‍ ഭാരത പര്യടനം പൂര്‍ത്തിയാക്കിയ ഫാ.ജോബി പയ്യംപളളിക്ക് നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ സ്വീകരിച്ചു. രൂപത ചാന്‍സിലന്‍ ഡോ.ജോസ് റാഫേലിന്‍റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
എല്‍.സി.വൈ.എം. നു വേണ്ടി രൂപത പ്രസിഡന്‍റ് അരുണ്‍ തോമസ് സ്വീകരണം നൽകി. അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍, ഫാ.സാബുവര്‍ഗ്ഗീസ്, ഫാ.രാഹുല്‍ലാല്‍, ഫാ.റോബിന്‍ സി. പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.