വത്തിക്കാന്‍ സിറ്റി : പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യാലയമാണ് 104-Ɔമത് ആഗോളകുടിയേറ്റദിനം 2018 ജനുവരി 14-Ɔ൦ തിയതി ഞായറാഴ്ച ആചരിക്കാന്‍ ആഹ്വാനംചെയ്തിരിക്കുന്നത്. പാപ്പാ ഫ്രാന്‍സിസ് ഇക്കുറി പ്രബോധിപ്പിക്കുന്ന സന്ദേശം മാനവികതയുടെ കാലികമായ ഈ പ്രതിസന്ധിയില്‍ സഭയ്ക്കുള്ള പങ്കും, സഹാനുഭാവവും വീക്ഷണവും വെളിപ്പെടുത്തുന്നു.
“കുടിയേറ്റക്കാരെയും അഭയാര്‍ത്ഥിക്കളെയും സ്വീകരിക്കാം, സംരക്ഷിക്കാം, സഹായിക്കാം, പുനരധിവസിപ്പിക്കാം.” ഇതാണ് പാപ്പാ ഫ്രാന്‍സിസിസ് പ്രബോധിപ്പിച്ചിരിക്കുന്ന ഈ വര്‍ഷത്തെ സന്ദേശത്തിന്‍റെ പ്രതിപാദ്യവിഷയം. “പരദേശികളെ സ്വദേശികളെപ്പോലെ നിങ്ങളുടെ നാട്ടില്‍ സ്വീകരിക്കണം. നിങ്ങളെപ്പോലെതന്നെ അവരെയും സ്നേഹിക്കണം. കാരണം നിങ്ങളും പരദേശികളായിരിക്കുകയും അലഞ്ഞുതിരിയുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്,”
(ലേവ്യര്‍ 19, 24) എന്ന പഴയനിയമ ഗ്രന്ഥവാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ കുടിയേറ്റദിന സന്ദേശം ആരംഭിക്കുന്നത്.
ദാരിദ്ര്യം, അഭ്യാന്തരകലാപം, പ്രകൃതിക്ഷോഭം, പീഡനങ്ങള്‍, യുദ്ധം എന്നിവയാല്‍ നാടും വീടും വിട്ടിറങ്ങേണ്ടി വരുന്ന കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും അവരുടെ ശോചനീയമായ അവസ്ഥയെയുംകുറിച്ചുള്ള ആശങ്കയാണ് മനസ്സിലെന്നും, തന്‍റെ സഭാശുശ്രൂഷയുടെ ആരംഭംമുതല്‍ അവരെക്കുറിച്ച് ആവര്‍ത്തിച്ചു അനുസ്മരിപ്പിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പാപ്പാ പ്രസ്താവിച്ചു.
അഭയം തേടുന്നവര്‍ നമ്മുടെ വാതുക്കല്‍ വന്നു മുട്ടുമ്പോള്‍, പരിത്യക്തരും പരദേശികളുമായ എക്കാലത്തെയും മനുഷ്യരുമായി സാരൂപ്യപ്പെടുത്തി ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കു സഹായിക്കുന്ന അവസരമായി അതിനെ കാണേണ്ടതാണ്
(മത്തായി 25, 35-43). അങ്ങനെ സന്ദേശം തുടരുകയും, എപ്രകാരം കുടിയേറ്റത്തിന്‍റെയും അഭയാര്‍ത്ഥി നീക്കങ്ങളുടെയും ക്ലേശകരമായ സാഹചര്യങ്ങളില്‍ അവരെ സ്വീകരിക്കുകയും, സംരക്ഷിക്കുകയും, സഹായിക്കുകയും, പുനരധിവസിപ്പിക്കുകയും വേണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
കേരളസഭയില്‍ ജനുവരി 14-നു തന്നെയാണ് കുടിയേറ്റക്കാരുടെ ദിനം ആചരിക്കുന്നത്.
കടപ്പാട്: ഫാ.വില്ല്യം നെല്ലിക്കന്‍ (വത്തിക്കാന്‍ റേഡിയോ)