കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ
കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ
സ്വന്തം ലേഖകൻ
ആലുവ: കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ. ഇപ്പോഴത്തെ റെക്‌ടർ റവ. ഡോ. ജേക്കബ് പ്രസാദ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ റെക്‌ടറായി റവ. ഡോ. ചാക്കോ പുത്തൻപുരക്കൽ നിയമിതനായത്.
1998 മുതൽ അദ്ദേഹം കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ബൈബിൾ പഠിപ്പിച്ചു വരികയായിരുന്നു.
ബൈബിൾ, ദൈവശാസ്ത്രം, തത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന് ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, ഇറ്റാലിയൻ, ജർമൻ തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട്.
കേരള ലത്തീൻ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.ആർ.എൽ.സി.ബി.സി.) പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യമാണ് റോമിൽ നിന്നുള്ള പുതിയ നിയമനം പ്രഖ്യാപിച്ചത്.
വിജയപുരം രൂപതയിലെ മൂന്നാർ ഇടവകയിൽ പരേതരായ പുത്തൻപുരക്കൽ തങ്കച്ചൻ – ക്ലാര ദമ്പതികളുടെ മൂത്തമകനായി 27/02/1967 – ൽ ആയിരുന്നു റവ. ഡോ. ചാക്കോ പുത്തൻപുരയ്‌ക്കലിന്റെ ജനനം, 19/12/1991- വൈദികപട്ടം സ്വീകരിച്ചു.
‘ബൈബിൾ പദകോശ’മാണ് പ്രസിദ്ധമായ രചന.
മലയാളത്തിൽ ഇത് ആദ്യസംരംഭമായി വിലയിരുത്തപ്പെടുന്നു. ധാരാളം മതാധ്യാപകസഹായകഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
കെ. പി അപ്പന്റെ ‘ബൈബിൾ: വെളിച്ചത്തിന്റെ കവചം’ എന്ന കൃതിയുടെ ഇറ്റാലിയൻ പരിഭാഷ ഏറെ പ്രശംസ നേടിയിരുന്നു. കൂടാതെ, വിവിധ ഭാഷകളിൽ ഒരു ഡസനോളം പുസ്തകങ്ങളുടെ എഡിറ്ററാണ്.
അദ്ദേഹം, തന്റെ ബൈബിൾ ഗവേഷണപഠനം റോമിലെ ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലും പോസ്റ്റ് ഡോക്ടറൽ പഠനം ലാറ്ററൻ യൂണിവേഴ്‌സിറ്റിയിലും പൂർത്തിയാക്കി.