കാരക്കാമല പള്ളിയിൽ നടന്ന ലൂസിത്തരം
പിന്താങ്ങാനും പണം മുടക്കാനും ആളുകളും പിന്നെ സോഷ്യൽ മീഡിയായും ചേർന്നാൽ എന്തതിക്രമവും എന്തന്ന്യായവും ആർക്കെതിരെയും ചെയ്യാവുന്ന നാടാണ് നമ്മുടേതെന്ന് തെളിയിക്കുന്നു...
ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ
കഴിഞ്ഞ ദിവസം കാരക്കാമല പള്ളിയിൽ നടന്ന ‘ലൂസിത്തരം’* ലോകം മുഴുവൻ കണ്ടുകഴിഞ്ഞല്ലോ. ഈ സംഭവം വഴി ചിലരെങ്കിലും യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുകയും ആ ജന്തുവിനെ (ക്ഷമിക്കുക, അതിനെ വിശേഷിപ്പിക്കാൻ മറ്റൊരു പേര് ഇപ്പോഴും കിട്ടാത്തതുകൊണ്ടാണ് ഈ വാക്ക് ആവർത്തിക്കുന്നത്) പിന്താങ്ങുന്നതിൽനിന്നു പിന്മാറുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും നേരം വെളുക്കാത്തവർ ആ ഇടവകയിൽപോലുമുണ്ടെന്ന് തെളിയിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് അവിടുത്തെ വികാരിയച്ചനെ ചോദ്യം ചെയ്യാൻ ചെന്ന കുറേയാളുകൾ.
സഭയും പൊതുസമൂഹവും കണ്ണുതുറന്നു മനസിലാക്കേണ്ട ചില യാഥാർത്ഥ്യങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. പിന്താങ്ങാനും പണം മുടക്കാനും ആളുകളും പിന്നെ സോഷ്യൽ മീഡിയായും ചേർന്നാൽ എന്തതിക്രമവും എന്തന്ന്യായവും ആർക്കെതിരെയും ചെയ്യാവുന്ന നാടാണ് നമ്മുടേതെന്ന് ഈ സംഭവം തെളിയിക്കുന്നു. ഇരയെന്ന നാട്യത്തിൽ അലറിക്കൂവി മറ്റുള്ളവർക്കവകാശപ്പെട്ട നീതിയും ന്യായവും നിരന്തരം തട്ടിത്തെറിപ്പിക്കുന്ന ഇതുപോലുള്ള വികൃതജന്മങ്ങൾക്ക് തീറ്റയും വളവും നല്കുന്നവരെക്കുറിച്ച് അന്വേഷിച്ചാൽ മതി ഇതിന്റെയൊക്കെ സത്യാവസ്ഥകളെ തിരിച്ചറിയാൻ. കഴിഞ്ഞ ദിവസം എന്റെയൊരു കുറിപ്പിനെ വളച്ചൊടിച്ച് എനിക്കെതിരെ പോസ്റ്റിട്ട, മുകളിൽപറഞ്ഞ ആ ജീവിയെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന, ഒരു സത്യക്രിസ്ത്യാനിയുടെ പോസ്റ്റുകളിലൂടെ വെറുതേ ഒരു കൌതുകത്തിനു ഞാനൊന്നു കടന്നുപോയി. അയാളുടെ പോസ്റ്റുകളുടെ ചില സ്ക്രീൻഷോട്ടുകൾ ഞാൻ താഴെ കൊടുക്കുന്നുണ്ട്. അതുമാത്രംമതി ബോധമുള്ളവർക്ക് കണ്ണുതുറക്കാൻ.
ഈ കളികളെല്ലാം ഇപ്പോഴും നിസംഗതയോടെ നോക്കിക്കാണുകയും നിർവികാരതയോടെ ജീവിക്കുകയും ചെയ്യുന്നവർ ആത്മീയതയെന്നാൽ നിർവികാരതയും നിസംഗതയുമല്ലെന്നും, ഈ ജനാധിപത്യരാജ്യത്തിൽ പ്രതികരണമെന്നാൽ പ്രാർത്ഥന മാത്രമല്ലെന്നും തിരിച്ചറിയണം. ഇങ്ങനെയുള്ള നിസംഗതകൾക്കൊണ്ട് നിരവധി സന്ന്യസ്ഥരുടെയും അവരുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ആത്മാഭിമാനത്തിന് വിലപറയിപ്പിക്കാൻ അവസരമുണ്ടാക്കുന്നതിനെ ദയവായി പുണ്യം എന്നു വിളിക്കരുത്.
*മുകളിൽ ഞാൻ ലൂസിത്തരം എന്ന് കുറിച്ചിരിക്കുന്നത് ഈ ലോകത്തിലുള്ള ഏറ്റവും വലിയ തെറിവാക്കിന്റെ അർത്ഥത്തിലാണ്. ഇങ്ങനെയൊരസഭ്യ വാക്ക് എഴുതിയത് ക്ഷമിക്കുക.