കാഞ്ഞിരംകുളം വിശുദ്ധ ഫ്രാന്‍സിസ് ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
കാഞ്ഞിരംകുളം വിശുദ്ധ ഫ്രാന്‍സിസ് ദേവാലയ തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
അനിൽ ജോസഫ്
കാഞ്ഞിരംകുളം: വർഷം ആഘോഷിക്കുന്ന ഈ വർഷത്തെ തിരുനാൾ വേറിട്ട അനുഭവമാക്കുകയാണ് കാഞ്ഞിരംകുളം വിശുദ്ധ ഫ്രാൻസിസ് ദേവാലയം. ട്രാൻസിത്തൂസ് ആഘോഷമാണ് ഒരു പ്രത്യേകത. അതായത്, വിശുദ്ധ ഫ്രാൻസിസിന്റെ അന്ത്യത്തിന്റെ തലേന്നാളെക്കുറിച്ചുള്ള പ്രാർത്ഥന ആവിഷ്കാരവും അപ്പം മുറിച്ചു പങ്കുവയ്കലും.
യുവാക്കൾക്കും അൽമായർക്കും ഏറെ പ്രചോദനം ആയ വിശുദ്ധന്റെ തിരുനാൾ ആഘോഷത്തിനാണ് കാഞ്ഞിരംകുളം ഒരുങ്ങുന്നത്. വിശ്വാസതീക്ഷ്ണതയും സാധുക്കളോടുള്ള സ്നേഹവും എളിമയും മുഖമുദ്രയാക്കിയ വിശുദ്ധൻ. ക്രിസ്തുവിനെ അനുകരിക്കാൻ ജീവിതത്തിൽ സ്വയം ദാരിദ്ര്യത്തെ മണവാട്ടിയായി സ്വീകരിച്ച വിശുദ്ധൻ. പുരോഹിതനായി തീരുവാൻ ക്ഷണിക്കപ്പെട്ടപ്പോൾ എളിമ കൊണ്ടത് നിരസിച്ച വിശുദ്ധൻ. എങ്കിലും അദ്ദേഹം രണ്ടാം ക്രിസ്തു എന്ന് അറിയപ്പെടുന്നു.
ഫ്രാൻസിസിനെപ്പോലെയുള്ള യുവാക്കൾ ആവശ്യമായിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതുപോലെ, ഈ തിരുനാൾ, പ്രളയത്തിന്റെ ദുരന്തങ്ങൾ വേട്ടയാടുന്ന നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി സമർപ്പിക്കുകയും, എല്ലാ യുവജനങ്ങളെയും ദൈവ കരങ്ങളിൽ സമർപ്പിക്കുകയും ചെയ്യുന്നുവെന്ന് ഇടവക വികാരി ഫാ. ബിനു പറഞ്ഞു.
തിരുനാൾ ആരംഭ ദിനമായ സെപ്റ്റംബർ 28 വെള്ളി 5. 30-നു പതാക പ്രയാണം കാഞ്ഞിരംകുളം അസ്സീസി റോഡ് വഴി ദേവാലയത്തിൽ എത്തിച്ചേരുകയും, 6 മണിക്ക് ഇടവക വികാരി തിരുനാൾ കോടിയേറ്റി തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന്, ആഘോഷമായ ആരംഭ ദിന സമൂഹ ദിവ്യബലിയ്ക്ക് മോൺ. വി.പി. ജോസ് മുഖ്യകാർമ്മികത്വം നൽകി, വെരി.റവ.ഫാ. അനിൽ കുമാർ എസ്.എം. വചനപ്രഘോഷണം നടത്തി.
രണ്ടാം ദിനമായ സെപ്റ്റംബർ 29 ശനിയാഴ്ച 5.30-ന് ആരംഭിച്ച ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികനായിരുന്നത് റവ.ഡോ. ക്രിസ്തുദാസ് തോംസണും, വചനപ്രഘോഷണം നൽകിയത് ഫാ. കിരൺ രാജ് ഡി. പി.യുമായിരുന്നു. മൂന്നാം ദിനമായ ഇന്ന് (സെപ്റ്റംബർ 30 ഞായർ) ദിവ്യബലിയ്ക്ക് മുഖ്യ കാർമ്മികൻ ഫാ. ജോസഫ് ഷാജിയും, വചനപ്രഘോഷണം ഫാ. ജോയി സാബു വൈ.യും നൽകി.
ഒക്ടോബർ 1 മുതൽ 5 വരെയുള്ള ദിനങ്ങളിൽ വൈകുന്നേരം 6 മണിക്ക് ദിവ്യബലിയും തുടർന്ന് ധ്യാനം, ആരാധന ഇവ ഉണ്ടായിരിക്കും. ഇവയ്ക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നത് ഫാ. ജോർജ് മച്ചിക്കുഴി, ഫാ. റോബിൻ സി.പീറ്റർ, ഫാ. ബിനു വർഗ്ഗീസ്, ഫാ. ഹെൻസിലൻ OCD, ഫാ. ജോസഫ് എൽകിൻ.
ഒക്ടോബർ 6 ശനി രാവിലെ 8 മണിക്ക് ദിവ്യബലി (തമിഴിൽ) മുഖ്യ കാർമ്മികൻ ഫാ. മൽബിൻ സൂസൈ. വൈകുന്നേരം 6-ന് മോൺ. ഡി.സെൽവരാജ് നേതൃത്വം കൊടുക്കുന്ന സന്ധ്യാവന്ദനം. തുടർന്ന്, 7 മണിക്ക്, അസ്സീസ്സി റോഡ് വഴി കാഞ്ഞിരംകുളം ജംഗ്ഷൻ ചുറ്റി നിത്യ സഹായമാതാ ദൈവാലയം എത്തി തിരികെ സെന്റ്. ഫ്രാൻസിസ് അസ്സീസ്സി ദേവാലയത്തിലേക്ക് എത്തിച്ചേരുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം.
തിരുനാൾ ദിനമായ ഒക്ടോബർ 7 ഞായർ രാവിലെ 10.30-ന് ആഘോഷമായ സമൂഹ ദിവ്യബലിയ്ക്ക് മുഖ്യകാർമ്മികൻ മോൺ. ജി. ക്രിസ്തുദാസ്, വചനപ്രഘോഷണം ഫാ. അജീഷ് ക്രിസ്തുദാസ്. ജോസഫ് തയ്യിൽ OCD, ഫാ.ബെൻഡ് OCD തുടങ്ങിയവർ സഹകാർമികരാകും. തുടർന്ന്, തിരുനാൾ കൊടിയിറക്കും സ്നേഹ വിരുന്നും.
ഒക്‌ടോബർ 3 ബുധനാഴ്ചയാണ് ട്രാൻസിത്തൂസ് ആഘോഷം. വിശുദ്ധ ഫ്രാൻസിസിന്റെ അന്ത്യത്തിന്റെ തലേന്നാൾ പ്രാർത്ഥന ആവിഷ്കാരവും അപ്പം മുറിച്ചു പങ്കുവയ്കലും ഉണ്ടാകും.