Kerala

കലാലയങ്ങളെ കലാപ ഭൂമിയാക്കരുത്; ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ 

കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള സർക്കാർ തീരുമാനം നിരാശാജനകം...

സ്വന്തം ലേഖകൻ

എറണാകുളം : കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും, കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും ആർച്ച്ബിഷപ്പ്‌ ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു.

കോളേജുകളിലും സ്കൂളുകളിലും വിദ്യാർത്ഥിയൂണിയൻ പ്രവർത്തനത്തിന് നിയമസാധുത നൽകാനുള്ള സർക്കാർ തീരുമാനം നിരാശാജനകമാണ്. കാരണം വിദ്യാർത്ഥിരാഷ്ട്രീയത്തിന്റെ പേരിൽ കേരളം കണ്ടിട്ടുള്ള അക്രമങ്ങളും കൊലപാതകങ്ങളും നമ്മുടെ മനസ്സിൽ നിന്ന് ഇത് വരെ മാഞ്ഞിട്ടില്ല. 
തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും, എറണാകുളം മഹാരാജാസ് കോളേജിലും നടന്ന അതിക്രമങ്ങളും, നരഹത്യയും കണ്ണിൽനിന്ന് മായുംമുൻപേ ഇങ്ങനെയുള്ള നിയമ നിർമാണവുമായി സർക്കാർ മുന്നോട്ട് പോകുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. വിദ്യാലയങ്ങളും, കലാലയങ്ങളും വിദ്യാർത്ഥികളുടെ നന്മകൾ പുറത്തുകൊണ്ടുവരുന്ന വേദികളാണ്.

ബുക്കും പേനയും പിടിക്കേണ്ട കൈകളിൽ പാർട്ടി കൊടികളും കൊലകത്തികളും കൊടുത്ത് അവരുടെ ഉള്ളിലെ നന്മകളെ കെടുത്തിക്കളഞ്ഞു രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കലാണ് ഇന്നത്തെ വിദ്യാർത്ഥിരാഷ്ട്രിയം. സമീപകാല സംഭവങ്ങൾ അതാണ് വിളിച്ചുപറയുന്നത്. മാതാപിതാക്കൾ മക്കളെ വിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും അയക്കുന്നത് അവർക്കു നല്ലൊരു ഭാവി സ്വപ്‌നം കണ്ടുകൊണ്ടാണ്, അല്ലാതെ കലാലയ രാഷ്ട്രീയത്തിന്റെ ഇരകളായി മരിച്ചു വീഴാനാല്ല.

ഓരോ വിദ്യാർത്ഥിയും രാജ്യത്തിന്റെ പ്രതീക്ഷയാണ്. അവർക്കു വേണ്ടതും, നമ്മൾ കൊടുക്കേണ്ടതും മൂല്യങ്ങളും സന്മാർഗവുമാണ്, അവരുടെ ഉള്ളിലേക്ക് പകയും വെറുപ്പും കുത്തിവെച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ  നമ്മൾ ഇനിയും അവരെ വിട്ടുകൊടുക്കരുത്. ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരിൽ നേതാക്കൾ കുട്ടികളെ ആയുധമാക്കുന്നതു പൊറുക്കാനാവാത്ത തെറ്റാണ്. വിദ്യാലയങ്ങളിൽ പഠനത്തിന് പ്രാധാന്യം കൊടുക്കേണ്ടതിനു പകരം രാഷ്ട്രീയത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസികളായി അവയെ മാറ്റിയാൽ അത് നാടിനെ നാശത്തിലേക്ക് നയിക്കും. അതുകൊണ്ടു കലാലയങ്ങളെ കലാപ ഭൂമിയാക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണം ആർച്ച്‌ ബിഷപ്പ്‌ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker