‘മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു.
'മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു.
ഒന്നാം വായന : ഏശ. 40:1-5, 9-11
രണ്ടാംവായന : തിമോ. 2:11-14, 3:4-7
സുവിശേഷം : വി. ലൂക്ക 3:15-16, 21:22
ദിവ്യബലിക്ക് ആമുഖം
‘മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ജനതകൾക്ക് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു’, എന്ന ജെറമിയ പ്രവാചകന്റെ വാക്കുകളോട് കൂടിയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. സ്നേഹം എല്ലാറ്റിലും വലുതാണെന്ന് പ്രഖ്യാപിക്കുന്ന പൗലോസാപ്പൊസ്തലന്റെ സ്നേഹഗാഥ നാമിന്ന് രണ്ടാം വായനയിൽ ശ്രവിക്കുന്നു. നിക്ഷേധാത്മക സമീപനം മൂലം ദൈവാനുഗ്രഹങ്ങളെ നഷ്‌ടമാക്കുന്ന ആധുനിക സമൂഹത്തിന്റെ ആദിമ രൂപം നാമിന്ന് സുവിശേഷത്തിൽ കാണുന്നു. തിരുവചനം ശ്രവിക്കാനും കർത്താവിന്റെ ബലിയർപ്പിക്കുവാനുമായി നമ്മുക്കൊരുങ്ങാം.
ദൈവവചന പ്രഘോഷണ കര്‍മം
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരി സഹോദരന്മാരെ,
അനുഗ്രഹങ്ങളെ തടയുന്ന വിമര്‍ശനം: ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നത് തന്‍റെ സ്വന്തം നാടായ നസ്രത്തിലെ സിനഗോഗില്‍ തന്‍റെ പരസ്യ ജീവിതം ആരംഭിച്ചുകൊണ്ട് തന്‍റെ ദൗത്യം പ്രഖ്യാപിക്കുന്ന യേശുവിനോടുള്ള ശ്രോതാക്കളുടെ പ്രതികരണമാണ്. എല്ലാവരും യേശുവിനെ പ്രശംസിക്കുകയും അവന്‍റെ കൃപാവചസുകൾ കേട്ട് അത്ഭുതപ്പെടുകയും ചെയ്തു. എന്നാല്‍ അതോടൊപ്പം അവിശ്വാസത്തിന്‍റെയും വിമര്‍ശനത്തിന്‍റെയും പ്രതികരണങ്ങളും ജനങ്ങളുടെയിടയിലുണ്ടായി. ഇവന്‍ ജോസഫിന്‍റെ മകനല്ലേ? എന്ന് ജനങ്ങള്‍ ചോദിച്ചു. യേശുവിന്‍റെ വളര്‍ത്തുപിതാവായ ജോസഫാകട്ടെ മരപ്പണിക്കാരനും, സ്വഭാവികമായും യേശു ഗുരുകുലം സന്ദര്‍ശിക്കുകയോ, യഹൂദ വിശ്വാസത്തില്‍ ഉന്നത പഠനം നടത്തുകയോ ചെയ്തിട്ടില്ലെന്ന് സാരം. ജനങ്ങളുടെ ഈ ചിന്തകള്‍ക്കും പ്രതികരണത്തിനും യേശുമറുപടി നല്‍കുന്നത് പഴയനിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തിലെ ശക്തരായ പ്രവാചകന്മാരായ ഏലിയായുടെയും എലീഷായുടെയും കാലത്തെ ഉദാഹരണങ്ങള്‍ പറഞ്ഞുകൊണ്ടാണ്.
ഇസ്രായേലിന്റെ മതപരവും സാമ്പത്തിക പരവുമായ വികസന കാലഘട്ടത്തില്‍ സാമൂഹ്യ നീതിക്കും ഏകദൈവ വിശ്വാസത്തിനും വേണ്ടി നിലകൊണ്ട്, വിജാതീയ പ്രവാചകന്മാരെ നിലംപരിശാക്കിയ പ്രവാചകനാണ് ഏലിയ. എലീഷാ പ്രവാചകന്‍ ഏലിയായുടെ ശിഷ്യത്വം സ്വീകരിച്ച് ഏകദൈവ വിശ്വാസത്തെ സംരക്ഷണം തുടര്‍ന്നു. ഈ രണ്ട് പ്രവാചകന്മാര്‍ക്കും സ്വന്തം നാട്ടില്‍ വിമര്‍ശകരുണ്ടായിരുന്നു. ഇവര്‍ രണ്ട് പേരും സ്വന്തം നാട്ടില്‍ യാതൊരു അത്ഭുതവും പ്രവര്‍ത്തിച്ചില്ല. എന്നാല്‍ ഇവരുടെ പ്രവാചക ദൗത്യത്തിലെ അത്ഭുതത്തിന് പാത്രമായി തീര്‍ന്നവര്‍ വിദേശികളായിരുന്നു.
ഏലിയാ പ്രവാചകന്‍റെ കാലത്ത് രൂക്ഷമായ ക്ഷാമം ഉണ്ടായപ്പോള്‍ വിദേശിയായ, യഹൂദയല്ലാത്ത സെറപ്തായിലെ വിധവയ്ക്ക് പ്രവാചകന്റെ സാന്നിധ്യത്താലും അത്ഭുതത്താലും ഭക്ഷണത്തിന് കുറവ് വന്നില്ല. എലീഷാ പ്രവാചകന്‍റെ കാലത്ത് ധാരാളം കുഷ്ഠം രോഗികളുണ്ടായിരുന്നെങ്കിലും അവരാരും പ്രവാചകനാല്‍ സൗഖ്യമാക്കപ്പെട്ടില്ല. എന്നാല്‍ സിറിയക്കാരനായ വിദേശിയായ, യഹൂദനല്ലാത്ത നാമാന്‍ സൗഖ്യമാക്കപ്പെട്ടു. ഇപ്രകാരം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഏകദൈവത്തിന്റെ ശക്തി യഹൂദവിശ്വാസ മതില്‍ക്കെട്ടുകള്‍ക്കപ്പുറം മറ്റ് ജനതകളെയും സ്പര്‍ശിച്ചു. ഏലിയാ പ്രവാചകനെയും എലീഷാ പ്രവാചകനെയും ആവര്‍ത്തിച്ചുകൊണ്ട് യേശു തന്റെ ദൗത്യവും എപ്രകാരമാണെന്ന് പ്രഖ്യാപിക്കുന്നു. അതായത് തന്റെ സ്വന്തം നാട്ടില്‍ യേശു വിമര്‍ശിക്കപ്പെടുകയാണെങ്കില്‍ തന്റെ പ്രവര്‍ത്തനവും ശക്തിയും അത്ഭുതങ്ങളും യേശു മറ്റുജനതകളിലേക്കും വ്യാപിപ്പിക്കുമെന്ന് സാരം.
ബൈബിള്‍ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഈ സുവിശേഷ ഭാഗം വിജാതീയരുടെ ഇടയിലുളള സുവിശേഷവല്‍ക്കരണത്തെ സാധൂകരിക്കുകയാണ്. യേശുവിന്റെ ശക്തി ഒരു ജനതയ്ക്കോ വര്‍ഗ്ഗത്തിനോ പാരമ്പര്യത്തിനോ മാത്രം കുത്തകയല്ല മറിച്ച്, അത് മറ്റുളളവരെയും സ്പര്‍ശിക്കുന്നു. അവിടെയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സ്വന്തം അറിവിനെ മാത്രം ആശ്രയിച്ച് ഇവന്‍ ജോസഫിന്‍റെ മകനല്ലേ? എന്ന മുന്‍വിധിയോടു കൂടി യേശുവിന്‍റെ വാക്കുകളെ സമീപിച്ച് അനുഗ്രവും അത്ഭുതങ്ങളും നഷ്ടപ്പെടുത്തുന്ന ഒരു സമൂഹം ഇന്നുമുണ്ട്. പ്രത്യേകിച്ച് നവസമൂഹമാധ്യമത്തില്‍ യേശുവിന്റെ വാക്കുകളെ യുക്തിഹീനമായി വിമര്‍ശിച്ചുകൊണ്ട് സഭയെയും സഭാപ്രവര്‍ത്തനങ്ങളെയും വിലകുറച്ച് കാണിയ്ക്കുന്ന, മുന്‍വിധിയോടു കൂടി ചോദ്യങ്ങളുന്നയിക്കുന്ന ഒരു സമൂഹം. നമുക്കോര്‍മ്മിക്കാം യേശുവിനെയും സഭയെയും കൂദാശകളെയും ബാലിശമായ വിമര്‍ശനങ്ങളോടു കൂടി മാത്രം സമീപിക്കുകയാണെങ്കില്‍ സിനഗോസിലെ ശ്രോതാക്കളെപ്പോലെയാണ് നാം. നമ്മുടെ അവിശ്വാസം കാരണം ഒരിക്കലും നമ്മുടെ ജീവിതത്തില്‍ മാറ്റംവരുത്താനോ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനോ യേശുവിന് സാധിക്കുകയില്ല. എന്നാല്‍ യേശുവിന്റെ വചനങ്ങളെയും യേശുവിനെയും വിശ്വാസ പൂര്‍ണമായ ഹൃദയത്തോടെ സ്വാഗതം ചെയ്താല്‍ നമ്മുടെ ജീവിതത്തിലും അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും.
സ്നേഹഗാഥ: സ്നേഹഗാഥ എന്ന് വിശേഷിപ്പിക്കാവുന്ന തിരുവചനഭാഗമാണ് നാമിന്ന് രണ്ടാമത്തെ വായനയില്‍ ശ്രവിച്ചത്. ചില പാരമ്പര്യം പറയുന്നത് വൃദ്ധനായ പൗലോസപ്പസ്തോലന്‍ കോറിന്തോസുകാര്‍ക്കുളള എഴുത്ത് തന്റെ ശിഷ്യന് പറഞ്ഞ് കൊടുത്ത് എഴുതിക്കൊണ്ടിരുന്നപ്പോള്‍ സ്നേഹത്തെക്കുറിച്ചുളള ഈ തിരുവചനഭാഗമെത്തിയപ്പോള്‍ വി. പൗലോസ് അപ്പസ്തോലന്റെ മുഖം ഒരു മാലാഖയുടെതുപോലെ കാണപ്പെട്ടുവെന്നാണ്.
കോറിന്തോസിലെ സഭ സകല കഴിവുകള്‍ കൊണ്ടും സമ്പന്നമായിരുന്നു. ജ്ഞാനവും ഭാഷാവരവും പ്രവചനവരവും ദാനശീലവും തുടങ്ങി ഒരു സമൂഹത്തെ ആത്മീയമായും സാംസ്കാരികമായും സമ്പന്നമാക്കുന്നതെല്ലാം അവിടെയുണ്ടായിരുന്നു. പ്രത്യേകിച്ച് പ്രവചനവരവും ഭാഷാവരവും മലകളെ മാറ്റുന്ന വിശ്വാസവും ആത്മാവിന്റെ ദാനങ്ങളൊണ്. എന്നാല്‍ അവരുടെ ഇടയില്‍ സ്നേഹമില്ലായിരുന്നു. അതുകൊണ്ട് തന്നെ സ്നേഹമില്ലായ്മയില്‍ നിന്നുറവെടുക്കുന്ന അനൈക്യവും വിഭാഗീയതയും അവിടെപിടിമുറുക്കി. മുഴങ്ങുന്ന ചേങ്ങലയും ചിലമ്പുന്ന കൈത്താളയും വിജാതീയ ക്ഷേത്രങ്ങളിലെ വാദ്യോപകരണങ്ങളെയും പോലെയായിരുന്നു. മാലാഖമാരുടെ ഭാഷയില്‍ സംസാരിക്കാനറിയുന്ന മനുഷ്യനാണെങ്കിലും അവന് സ്നേഹമില്ലെങ്കില്‍ വിജാതീയ ക്ഷേത്രങ്ങളിലെ നിര്‍ജീവ ദൈവങ്ങളെ ആരാധിക്കുന്ന ശൂന്യമായ വാദ്യോപകരണങ്ങളായി അവന്റെ ശബ്ദം മാറുമെന്നാണ് അപ്പസ്തോലന്‍ പറഞ്ഞത്.
നമ്മുടെ സമൂഹങ്ങളിലും ഇടവകകളിലും ഇന്ന് കോറിന്തോസിലെ സഭയെപ്പോലെ ധാരാളം വരങ്ങളും ദാനങ്ങളും കഴിവുകളും ഉളളവരുണ്ടെന്ന് നമുക്കോര്‍മ്മിക്കാം. സ്നേഹമാണ് എല്ലാറ്റിലും വലുത്.
ആമേന്‍
Nice homily
Extra ordinary and new point of view…