നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക (യോഹ. 13, 27) – നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ വിളിയാണത്.
എന്താണ് വിളി?
വിശുദ്ധ വാരത്തിന്റെ ദിനങ്ങളിലെ ഈ ദിനത്തിൽ നമ്മുടെ വിളിയെ ധ്യാനിക്കാം. ദൈവം നൽകിയ ജീവിതം അവിടുത്തെ വിളിയാണ്, അത് ഏതു ജീവിതാന്തസ്സിൽ ജീവിക്കുന്നവരായാലും. ആ വിളി അനാദികാലം മുതലേ ദൈവം നമുക്കായി ഒരുക്കിവച്ചിട്ടുണ്ടള്ളതാണ്; ഏശയ്യായുടെ പുസ്തകത്തിൽ പ്രവാചകൻ പറയുന്നപോലെ: “അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു” (ഏശ. 49:1).
എന്താണ് വിളിയുടെ ലക്ഷ്യം?
ദൈവം തന്ന വിളിയുടെ ഭാഗമാണ് നമ്മുടെ ജീവിതമെങ്കിൽ നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമെന്താണ്? പ്രവാചകൻ തന്നെ പറയുന്നു, “കർത്താവു പറയുന്നു: എന്റെ രക്ഷ ലോകാതിർത്തികൾവരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിന്റെ പ്രകാശമായി നൽകും” (ഏശ. 49:6). ലോകത്തിനു പ്രകാശമായി തീരാൻ നമ്മെ അവിടുന്ന് വിളിച്ചിരിക്കുന്നു.
എന്താണ് വിളി പൂർത്തീകരിക്കാനുള്ള മാർഗ്ഗം?
“എന്റെ നാവിനെ മൂർച്ചയുള്ള വാലുപോലെയാക്കി” (ഏശ. 49:2). ദൈവത്തിന്റെ ലക്‌ഷ്യം നമ്മിൽ പൂർത്തിയാക്കുവാൻ നമ്മയുടെ നാവു മൂർച്ചയുള്ള വാളുപോലെയാവണം. വാള് എന്നുപറഞ്ഞാൽ ദൈവവചനമാണ്. എഫോസോസുകാർക്കുള്ള ലേഖനത്തിൽ അപ്പോസ്തോലൻ പറയുന്നുണ്ട്, “ദൈവവചനമാകുന്ന ആത്മാവിന്റെ വാൾ എടുക്കുകയും ചെയ്യുവിൻ” (എഫോ. 6:17 b). അവിടുത്തെ വചനം ഇരുതലാവാളിനേക്കാൾ മൂർച്ഛയേറിയതാണെന്ന് അപ്പോസ്തോലൻ വീണ്ടും പറയുന്നു (ഹെബ്രാ. 4:12 b). ആ ദൈവത്തിന്റെ വചനം എന്റെ ജീവിതത്തിനെ ഭാഗമാകുമ്പോൾ എന്റെ വാക്കുകൾക്കും വചനത്തിന്റെ മൂർച്ച ലഭിക്കും.
സുവിശേഷത്തിൽ രണ്ടുപേരുടെ വിളിയെ നമുക്കു ധ്യാനിക്കാം
1) യേശുവിനെ അസ്വസ്ഥമാക്കിയ, ഒറ്റിക്കൊടുത്ത ശിഷ്യൻ യൂദാസ്: യൂദാസിന് ദൈവവചനത്തിന്റെ കൂടെ നടന്നിട്ടും ആ വചനംകൊണ്ടു മുറിയപ്പെടാൻ സാധിച്ചില്ല. മുറിയപ്പെടാതെ സ്വയം മുറിവേറ്റവൻ എന്ന് യൂദാസിന്റെ ജീവിതത്തെ വിളിക്കാം. യൂദാസിന്റെ തെറ്റിന്റെ മൂന്നു ഘട്ടങ്ങൾ ഇവയാണ്.
ഒന്നാമതായി; യേശുവിനൊപ്പം ഭക്ഷണത്തിനിരുന്നിട്ടും അവന്റെ ചിന്ത മുഴുവൻ മാനുഷികമായിരുന്നു. ദൈവിക സാന്നിദ്ധ്യത്തിൽ കാലൂന്നിയിട്ടും മാനുഷികതയിൽ തലയുയർത്തി നിന്ന ശിഷ്യൻ. അവനെ രക്ഷിക്കാനുള്ള എല്ലാ അവസരവും നൽകുന്നുണ്ട്. വചനംകൊണ്ടു മുറിപ്പെടുത്തുന്നുണ്ട്. “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും” (യോഹ. 13:21 b). അതൊരു മുന്നറിയിപ്പാണ്. നീ എന്നെ ഒറ്റികൊടുക്കരുതേയെന്ന വചനത്തിന്റെ മുന്നറിയിപ്പ്.
രണ്ടാമതായി; അവന്റെ അപ്പം കൊണ്ട് ജീവൻ നൽകുന്നു. നിത്യജീവൻ നൽകുന്ന വചനവും നിത്യജീവൻ നൽകുന്ന അപ്പവും അവൻ നിരസിച്ചു. അപ്പോൾ അവനിൽ സാത്താൻ പ്രവേശിച്ചു. അധഃപതനത്തിന്റെ ആദ്യപടി. ചിന്തയാൽ തിന്മ ചെയ്തവനിൽ സാത്താൻ പ്രവേശിക്കപ്പെട്ടു.
മൂന്നാമതായി; യേശു അവനോടു പറയുന്നുണ്ട്, “നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക” (യോഹ. 13:27). അത് അവനുള്ള ഒരു തിരഞ്ഞെടുപ്പാണ്, അവന്റെ ഉള്ളിലുള്ളത് ചെയ്യാം, അല്ലെങ്കിൽ ഒരു മറുചിന്ത സാധ്യമാകാമെന്ന ഒരു ധ്വനികൂടി അതിലുണ്ട്. കാരണം ഒരാൾ ഒറ്റിക്കൊടുക്കും, അവനു ഞാൻ ഇപ്പോൾ അപ്പം മുക്കിക്കൊടുക്കും എന്ന് പറഞ്ഞ യേശുവിനു അവനോടു അതേപോലെതന്നെ തുറന്നു പറയാമായിരുന്നു, നീ പോയി ഒറ്റികൊടുക്കാനുള്ള കാര്യങ്ങൾ ചെയ്യുക എന്ന്. പക്ഷെ യേശു അവന് അവസാനമായി ഒരവസരം കൂടി നൽകുകയാണ്, ഒരു മറുചിന്തയ്ക്കുള്ള അവസരം, അനുതാപത്തിനും കരച്ചിലുനുമുള്ള അവസരം. പക്ഷെ, കരയുന്നതിനു പകരം അവൻ അനേകരെ കരയിപ്പിക്കും വിധം മരണത്തിലേക്ക് തന്നെ നീങ്ങി. വചനത്തിന്റെ മൂർച്ചയിൽ മുറിയപ്പെട്ട്, ലോകത്തിനുമുഴുവൻ വെളിച്ചമാകാൻ വിളിക്കപ്പെട്ട അപ്പോസ്തോലൻ നീചമായ മനുഷ്യനെപ്പോലെ കെട്ടിത്തൂങ്ങി മരിക്കുന്നു.
തള്ളിപ്പറഞ്ഞ അപ്പോസ്തോലനായ പത്രോസ്: പതോസിനും കുറവുണ്ടായിരുന്നു, അതുകൊണ്ടാണ് ക്രിസ്തു അവനോടു പറയുന്നത്, “ഇപ്പോൾ എന്നെ അനുഗമിക്കാൻ നിനക്ക് കഴിയുകയില്ല, പിന്നീട് അനുഗമിക്കും” (യോഹ 13:36 b). അതിനുള്ള കാരണവും യേശുതന്നെ പറയുന്നുണ്ട്, നീ എന്നെ മൂന്ന് പ്രാവശ്യം തള്ളിപ്പറയും. അത് പത്രോസിനുള്ള ഒരു അഗ്നി പരീക്ഷണംകൂടിയാണ്. കാരണം യൂദാസ് പുറത്തുപോയത് പെസഹാ തിരുന്നാളിനാവശ്യമായ സാധങ്ങൾ വാങ്ങാൻ പോയതാണെന്നാന്ന് ശിഷ്യർ കരുതിയിരുന്നത്. പക്ഷെ പത്രോസ് യേശുവിനെ തള്ളി പറയുമെന്നു യേശു പറയുമ്പോൾ തീർച്ചയായും മറ്റു ശിഷ്യന്മാർ കരുതിയിട്ടുണ്ടാകും പത്രോസാണ് യേശുവിനെ ഒറ്റിക്കൊടുക്കുന്നവനെന്ന്. സ്വാഭാവികമായും ശിഷ്യരുടെ ഇടയിൽ പതോസിനെ അവർ ഒറ്റപ്പെടുത്തിയ മണിക്കൂറുകളെയാണ് അവൻ അതിജീവിക്കാനുണ്ടായിരുന്നത്. പക്ഷെ ബലഹീനത പത്രോസിനെ അവസാനം കീഴടക്കി. പക്ഷെ യൂദാസിൽ നിന്നും വ്യത്യസ്‍തമായി പത്രോസിന്റെ അനുതാപ കരച്ചിൽ അവനെ രക്ഷയിലേക്കു നയിച്ച്, യേശുവിനെ അനുഗമിക്കുന്ന, സഭയെ നയിക്കുന്നവനായി മാറ്റപ്പെട്ടു.
“നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക” (യോഹ. 13:27). നമ്മോടു ഈ ദിവങ്ങളിൽ ക്രിസ്തു ആവശ്യപ്പെടുന്നതും അതാണ്. എന്താണ് നാം ചെയ്യേണ്ടത്? നിന്റെ വിളിയെന്തെന്ന് തിരിച്ചറിഞ്ഞ നീ തിരുത്തപ്പെടേണ്ട മേഖലകളെ തിരിച്ചറിയുവാനും തിരുത്തപ്പെടേണ്ട മേഖലകളെ തിരുത്തി നീ ചെയ്യണ്ടത് ചെയ്യുക. ആവശ്യമായ ഒരു കരച്ചിൽ പത്രോസിനെ പോലെ വേണ്ടിവന്നേക്കാം. സമയം അതിക്രമിച്ചു കഴിഞ്ഞു, നീ ചെയ്യേണ്ടത് വേഗം ചെയ്യുക.