കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്‍റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ വിശുദ്ധ അന്തോണീസ് ദേവാലയത്തിന്‍റെ തീര്‍ത്ഥാടന തിരുനാളിന് തുടക്കമായി. കൊച്ചുപളളിയില്‍ നടന്ന തീര്‍ഥാടന സമാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത വികാരിജനറല്‍ മോണ്‍.യൂജിന്‍ എച്ച്. പെരേര മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പാളയം സെന്‍റ് ജോസഫ് കത്തിഡ്രല്‍ വികാരി മോണ്‍.നിക്കോളസ് വചന സന്ദേശം നല്‍കി. ഫാ.അജി അലോഷ്യസ്, ഫാ.തോമസ് ഈനോസ്, ഫാ.സുജേഷ്ദാസ്, ഫാ.പോള്‍ വി.എല്‍., ഇടവക വികാരി ഫാ.ജോയി മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ദിവ്യബലിക്ക് ശേഷം മോണ്‍.യൂജിന്‍ എച്ച്. പെരേര വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. 10 -ന് നടന്ന സമൂഹദിവ്യബലിക്ക് ഫാ.സാബു ക്രിസ്റ്റി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡോ.ഡൈസന്‍ യേശുദാസ് വചനം പങ്കുവച്ചു.
വൈകിട്ട് 3 മണിക്ക് ഇടവക വികാരി ഫാ.ജോയി മത്യാസ് വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപം ആശീര്‍വദിച്ചു. തുടര്‍ന്ന്, വലിയപളളിയിലേക്ക് തിരുസ്വരൂപവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം നടന്നു. രാത്രി വൈകി ഇടവക വികാരി ഫാ.ജോയി മത്യാസ് തീര്‍ത്ഥാടന തിരുനാളിന് കൊടിയേറ്റി.
തിരുനാള്‍ ദിനങ്ങളില്‍, നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍, പത്തനംതിട്ട രൂപത മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, പാറശാല രൂപത മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസ്, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. മാര്‍ച്ച് 13 -ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് തിരുനാളിന് സമാപനമാവുന്നത്.
തീര്‍ത്ഥാടന ദിനങ്ങളില്‍ വലിയ പളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപവും, പാദുവയില്‍ നിന്ന് എത്തിച്ച തിരുശേഷിപ്പും വണങ്ങുന്നതിനുളള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാ.ജോയി മത്യാസ് അറിയിച്ചു.