Kerala

കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരണവും ബിഷപ്പ് അലക്സ് വടക്കുംതലയുടെ പുസ്തക പ്രകാശനവും

കണ്ണൂർ രൂപതയുടെ ചരിത്ര പാരമ്പര്യം കേരള സഭയിലെ തന്നെ നാഴികകല്ലുകളിൽ ഒന്ന്...

രതീഷ് ആന്റണി

കണ്ണൂർ: കണ്ണൂർ രൂപതയുടെ 22-Ɔο സ്ഥാപനദിനാഘോഷവും, കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരണവും, ബിഷപ്പ് അലക്സ് വടക്കുംതലയുടെ ഏഴാമത്തെ പുസ്തക പ്രകാശനവും നടന്നു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്പ്സ് ഹൌസിൽ വച്ച് നടന്ന പരിപാടി തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനിയുടെ സാന്നിധ്യത്തിൽ കണ്ണൂർ രൂപതാ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.

കണ്ണൂർ രൂപതയുടെ ചരിത്ര പാരമ്പര്യം കേരള സഭയിലെ തന്നെ നാഴികകല്ലുകളിൽ ഒന്നാണെന്നും, ഈശോ സഭാ വൈദീകനായ വിശുദ്ധ ഫ്രാൻസിസ് സേവ്യർ കണ്ണൂരിൽ വന്നു സഭ സ്ഥാപിച്ചതുമുതൽ തുടങ്ങിയ ക്രൈസ്തവ പാരമ്പര്യം കണ്ണൂരിന് അവകാശപ്പെടാവുന്നതാണെന്നും സ്ഥാപനദിന ആഘോഷവേളയിൽ ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അനുസ്മരിച്ചു.

തുടർന്ന്, ബിഷപ്പ് അലക് സിന്റെ ഏഴാമത്തെ പുസ്തകമായ “ഒപ്പരം” തലശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംപ്ലാനി പ്രകാശനം ചെയ്തു. പോർച്ചുഗീസ് മിഷനറിമാർ സ്ഥാപിച്ച രണ്ടാമത്തെ ആശുപത്രി കണ്ണൂരിലാണെന്നും, ആദ്യകാല കുടിയേറ്റ ക്രൈസ്തവർക്ക് അത്താണിയും ആലംബവുമായത് കണ്ണൂർ രൂപതയാണെന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് രതീഷ് ആന്റണി അധ്യക്ഷത വഹിച്ചു. പിലാത്തറ സെന്റ് ജോസഫ്സ് കോളേജ് മലയാളം വിഭാഗം മേധാവി ഡോക്ടർ സുഭാഷ് ജോൺ “ഒപ്പരം” പുസ്തകം പരിചയപ്പെടുത്തി.

മോൺസിഞ്ഞോർമാരായ ദേവസ്സി ഈരത്തര, ക്ലാരെൻസ് പാലിയത്ത്, കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, രൂപതാ ഡയറക്ടർ ഫാ.മാർട്ടിൻ രായപ്പൻ, കെ.എൽ.സി.ഡബ്ല്യൂ.എ. രൂപതാ പ്രസിഡന്റ് ഷേർലി സ്റ്റാൻലി, ഗോഡ്സൺ ഡിക്രൂസ് എന്നിവർ സംസാരിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker