Articles

കടലിലെ അശാസ്ത്രീയ നിർമാണത്താൽ തീരശോഷണം സംഭവിച്ചിട്ടുണ്ട്… സംഭവിക്കുന്നുണ്ട് ഇനിയും സംഭവിക്കും… മുഖ്യനുള്ള മറുപടി

നമുക്ക് ഇനിയും അവശേഷിക്കുന്ന ചൊരിമണലിരുന്നു സംസാരിക്കാം... ശോഷണവും നിര്‍മാണവും പഠിക്കാം...

ഫാ. ജോൺസൺ പുത്തൻവീട്ടിൽ

വൈദികനായതിനുമുമ്പു തീരവാസിയായും ഇപ്പോൾ അവരോടു ചേര്‍ന്നു വസിച്ചു അവരുടെ നൊമ്പരമറിഞ്ഞും അവരോടൊപ്പം 14 ഭാഗം കടലിൽ പോയി മീന്‍പിടിച്ചതിന്റെ തിരിച്ചറിവിലാണ് ഈ ക്ഷണം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ മറുപടിയില്‍ പറഞ്ഞ 4 കാര്യങ്ങളെ ഞങ്ങള്‍ തീരവാസികൾ ഗൗരവമായി കാണുന്നു.

1. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് തീരശോഷണം ഉണ്ടായിട്ടില്ല.

മുഖ്യനുള്ള മറുപടി: നിര്‍മാണത്തിനുമുമ്പും നിര്‍മാണത്തിനുശേഷവുമുള്ള വിഴിഞ്ഞത്തെ അവസ്ഥ തദ്ദേശവാസികള്‍ക്കറിയാം. മുഖ്യനും മുഖ്യനെ പഠിപ്പിക്കുന്നവര്‍ക്കും അസത്യം ആവര്‍ത്തിക്കുന്നവര്‍ക്കും അതു അറിയില്ല. ഓഖി ദുരന്തമുണ്ടായപ്പോള്‍ ഞങ്ങളെയും കൂടി ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുകയെന്നു തീരവാസികൾ കേണുപറഞ്ഞിട്ടും മുഖ്യന്‍റെ പിണിയാളുകള്‍ അതു കേട്ടില്ല… കേട്ടിരുന്നെങ്കില്‍ ഒരു വേള കുറേ ജീവനുകളെങ്കിലും കടലാഴങ്ങളിലും, മുങ്ങി ഇനിയും കിട്ടാതെ പോകുമായിരുന്നില്ല. ഒടുക്കം ബോധമുദിച്ച് കടലോരവാസികളേയും കൂട്ടിയുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു ഫലം കണ്ടത്. അതു തീരദേശം കണ്ടവന്‍റെ, കടലറിയുന്ന, കടലിലിറങ്ങുന്നവന്‍റെ അറിവാണ്… മനസ്സാണ്… വികാരമാണ്…! അന്നും തീരവാസികളെ തള്ളിപ്പറഞ്ഞ മുഖ്യനും മന്ത്രിമാര്‍ക്കും പിന്നീട് തീരത്തണയാന്‍ പറ്റിയില്ല എന്ന ചരിത്രം, ദൃശ്യ പത്രമാധ്യമങ്ങളിലുള്ളത് എടുത്തുനോക്കാവുന്നതാണ്.

അദാനിയുടെ പണത്തിനു അടിയറവ് പറഞ്ഞിട്ടില്ലെങ്കില്‍, യാഥാര്‍ത്ഥ്യം അംഗീകരിക്കുക. തീരശോഷണം വിഴിഞ്ഞത്ത് മാത്രമല്ല അശാസ്ത്രീയമായി കടലിനുള്ളിലേക്ക് നിര്‍മാണം നടത്തിയിട്ടുള്ള തീരങ്ങളിലെല്ലാം സംഭവിച്ചിട്ടുണ്ട്. കോച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ വികസനമാണ് ചെല്ലാനത്തെ പ്രധാന വിഷയം. അര്‍ത്തുങ്കല്‍ ഹാര്‍ബറാണ് ഒറ്റമശ്ശേരിയുടെ തീരശോഷണം, ചെത്തി ഹാര്‍ബറാണു ചേന്നവേലിയിലെ തീരശോഷണം പുന്നപ്രയില്‍ ചള്ളി കടപ്പുറത്തുവരെയുള്ള സംരക്ഷണമുറപ്പിക്കുമ്പോള്‍ വടക്കോട്ട് വിയാനി മുതല്‍ ആലപ്പുഴ വരെ ശോഷണത്തിനുള്ള സാധ്യത ഇപ്പോള്‍ തന്നെ തെളിഞ്ഞുകഴിഞ്ഞു.

ശോഷണമെന്നാല്‍ നിലവിലുണ്ടായിരുന്ന… കണ്‍മുമ്പിലുണ്ടായിരുന്നത് നഷ്ടമാകുന്നത് എന്നാണ് നിഘണ്ടുവില്‍ അര്‍ത്ഥമായികാണുന്നത്. ഞങ്ങളുടെ വള്ളങ്ങള്‍ തീരത്ത് വച്ചിരുന്ന, മീന്‍ ഉണക്കാനായി പരത്തിയിരുന്ന, കൂടങ്ങളും കൂരപ്പുരകളുമുണ്ടായിരുന്ന, കുട്ടികള്‍ ആവോളം കളിച്ചിരുന്ന തീരമൊന്നും വിഴിഞ്ഞത്തും ഇങ്ങു ആലപ്പുഴയിലും മറ്റിടങ്ങളിലും ഇല്ലാതായതിന്‍റെ  പ്രധാന കാരണം അശാസ്ത്രീയ നിര്‍മാണമെന്നത് പകല്‍പോലെ വ്യക്തമായിട്ടും ആടിനെ പട്ടിയാക്കുന്ന പ്രയോഗവുമായി മുഖ്യന്‍ സംസാരിക്കുന്നത് തീരദേശത്തുനിന്നു, തീരത്തെയറിഞ്ഞു വോട്ടുവാങ്ങിപ്പോയ ജനപ്രതിനിധികള്‍ പ്രതികരിക്കാതെ കേള്‍ക്കുന്നത്, ജനാധിപത്യത്തില്‍ നിന്നു ഏകാധിപത്യത്തിലേക്ക് ഭരണമാറ്റമെത്തിയതിന്‍റെ തെളിവായികാണണം. ചെല്ലാനത്തിനായി കെ.ആർ.എൽ.സി.സി.യും കടൽ ഇവയൊക്കെ തീരദേശത്തെ അറിവും അനുഭവവുമുള്ളവർ ചേർന്നു പഠിച്ചു സമർപ്പിച്ച ജനകീയ രേഖ ഒന്നു വായിക്കുക.

2. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനാവില്ല.

മുഖ്യനുള്ള മറുപടി: മാറിമാറിവന്ന ഭരണങ്ങളും  ഇപ്പോഴത്തെ കേന്ദ്ര – കേരള ഭരണാധികാരികളും കുത്തകയ്ക്കു കൂട്ടാകുമ്പോള്‍ മുഖ്യന്റെ മറുപടി സ്വാഭാവികമെന്നു സാധാരണക്കാരനു വ്യക്തമാണ്. സാധാരണക്കാര്‍ ആരംഭിച്ചതു പലതും അവസാനിപ്പിക്കാന്‍ കൊടികള്‍ കുത്തിയ ചരിത്രം നാട്ടിന്‍പുറത്തും പട്ടണത്തിലും പാവപ്പെട്ടവര്‍ കണ്ടിട്ടുള്ള രാഷ്ട്രിയ നേതൃത്വത്തിന്‍റെ അമരക്കാരനായിരിക്കുന്ന മുഖ്യന് ആരംഭിച്ചത് നിര്‍ത്താനാവില്ല എന്നു പറയാന്‍ ഇത്തിരി ഉളുപ്പുവേണ്ടേ? നിര്‍മാണത്തിന്‍റെ തുടക്കത്തില്‍ എതിര്‍പ്പുമായിവന്ന വൈദികരെയും സാധാരണക്കാരെയും നിങ്ങളുടെ കണക്കിലെയും അശാസ്ത്രിയതയിലെയും വൈദഗ്ദ്യം കൊണ്ടും ഒപ്പം രാഷ്ട്രീയമായും സാമുദായികമായും ധ്രുവീകരണം നടത്തിയും ഇതു വരെ എത്തിച്ചു. തത്ക്കാലം നിര്‍മാണം നിര്‍ത്തി നിജസ്ഥിത തദ്ദേശവാസികളേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തിയതിനുശേഷമാകട്ടെ നിര്‍മാണത്തിന്‍റെ തുടര്‍ച്ചയെന്നു, കടലിലായിപ്പോയ തീരവാസിയുടെ രോദനം കേള്‍ക്കില്ല എന്നു പറയുന്ന മുഖ്യന്റെ പിടിവാശി എല്ലാവരോടുമില്ലല്ലൊ?

ഒരു റെയില്‍പദ്ധതിയുമായി കല്ലിടാന്‍ ഇറങ്ങിയിടത്തെല്ലാം പിഴുതുമാറ്റിയപ്പോള്‍ ഇനി അതു നിര്‍ത്തി മറ്റുരീതിയിലാകാമെന്നു പറഞ്ഞില്ലെ? വീടുകളില്‍ കയറിച്ചെന്ന മന്ത്രിമാരുള്‍പ്പടെയുള്ളവരെ ഇറക്കിവിട്ട വീട്ടമ്മമാരുടെ സ്വരവും രൂപവും മാധ്യമങ്ങളിലെത്രവേണമെങ്കിലുമുണ്ട്. പാവപ്പെട്ട തീരവാസിക്ക് വിശ്വാസവും ആത്മാര്‍ത്ഥയും കൂടുതലാണ്. അതുകൊണ്ട് അവനെ പറഞ്ഞുപറ്റിച്ചതാണ് ഈ നിര്‍മാണവും നിയമസഭയിലെ നിരയൊപ്പിച്ചുള്ള ഭരണനേതാക്കളുടെ ഇരിപ്പും. പക്ഷേ തീരമൊന്നു തിരിഞ്ഞാല്‍ അതു സുനാമിയാകുമെന്നു ഓര്‍മയില്‍ സൂക്ഷിക്കുക.

3. സമരം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ്

മുഖ്യനുള്ള മറുപടി: മുഖ്യന്‍ പാര്‍ട്ടി സെക്രട്ടറിയും നേതാവുമായിരുന്ന ആളല്ലെ, എന്തുകാര്യവും മുന്‍കൂട്ടി തയ്യാറാക്കാതെ നടത്താന്‍ ആവില്ല എന്നു മനസ്സിലാക്കാന്‍ സാധിക്കണമല്ലൊ! മുഖ്യനും കൂട്ടരും തീരദേശവാസികളെ വിലയിരുത്തിയതില്‍ അല്പം പിഴച്ചുപൊയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷത്തായിരുന്നപ്പോൾ നടത്തിയ രാപ്പകല്‍സമരത്തിന്‍റെ ചൂടും ചൂരുമായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ഓരോ ദിനവും സമരവീര്യം കൂടുന്നത് ഇരട്ട ചങ്കിലേല്‍ക്കുന്ന പ്രഹരമായത് ഞങ്ങളറിഞ്ഞില്ല.

മുന്നൊരുക്കമുണ്ട് പ്രിയ സഖാവേ, എല്ലാ പള്ളികളിലും മുട്ടിപ്പായുള്ള പ്രാര്‍ത്ഥന…
സുനാമിക്കു ശേഷവും, ഓഖിക്കുശേഷവും നിങ്ങളുടെ അശാസ്ത്രീയ നിര്‍മാണങ്ങളിലും കൈയേറ്റങ്ങളിലും  മനംമാറ്റത്തിനുവേണ്ടി മുന്നൊരുക്കമായി ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്…
തീരദേശ വിഷയങ്ങളെ ആധികാരികമായും അപഗ്രഥിച്ചും പഠിച്ചു ഞങ്ങള്‍ക്ക് മുന്നൊരുക്കമുണ്ട്…
ജനകീയ രേഖയും അതുപോലെ ഓരോ തുറയുടെയും പാഠങ്ങൾ ഞങ്ങൾക്ക് മുന്നൊരുക്കമായിട്ടുണ്ട്…
ജീവിതത്തിനും മരണത്തിനുമിടയിലുള്ള മുനമ്പില്‍ കടല്‍തീരത്ത് ഇനി പിന്മാറില്ല എന്ന മനസ്സുകളുടെ ഒത്തൊരുമ ഞങ്ങള്‍ക്ക് മുന്നൊരുക്കമായിട്ടുണ്ട്…
എല്ലാത്തിനും സമാധാനവും സന്ധിയുമായി വരുന്ന സഭാ നേതൃത്വം സമരപ്പന്തലിലും കൂടെതാമസിക്കുമെന്നുള്ള ഉറപ്പിന്റെ മുന്നൊരുക്കുമുണ്ട്…
എല്ലാ മാധ്യമങ്ങളും സത്യത്തിനായി നിലകൊള്ളുന്ന ധാര്‍മികതയുടെ മുന്നൊരുക്കമുണ്ട്…
അല്ലാതെ സൈബര്‍ സഖാക്കള്‍ പടച്ചുവിടുന്ന തീവ്രവാദവും രാജ്യദ്രോഹവും ഞങ്ങളുടെ മുന്നൊരുക്കമല്ല എന്നു കാലം മാറ്റിപറയിപ്പിക്കും.

4. തദ്ദേശവാസികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നത്.

മുഖ്യനുള്ള മറുപടി: ലത്തീന്‍ രൂപതകളിലെയും എല്ലാ രൂപതകളിലെയും മെത്രാന്മാര്‍ സമരക്കണ്ണികളായി….കെ.സി.ബി.സി. യിലെ മെത്രാന്മാരും വൈദികരും സന്യസ്തരും നാനാജാതി മതസ്ഥരും ഇതിലെ പങ്കാളികളാണ്. നവമാധ്യമങ്ങളിലൂടെ സ്വദേശത്തും വിദേശത്തും എണ്ണിത്തിട്ടപ്പെടുത്താനാവാത്ത ജനങ്ങള്‍ സമരത്തിന്റെ ഊര്‍ജമാണ്. അതു പക്ഷേ പാർട്ടി സമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കും ഭീഷണിപ്പെടുത്തിയൊ, പ്രതിഫലം നല്‍കിയൊ കണ്ണിചേര്‍ക്കുന്നതല്ല, സ്വമനസ്സാലെ തീരത്തിന്റെ അവകാശങ്ങളോടും അനീതിനിറഞ്ഞ ഭരണക്രമത്തിന്റെ ഇടപെടലുകളോടുമുള്ള സ്വാഭാവികമായ പ്രതികരണമാണ്.

നിയമസഭയില്‍ നിന്നു അസത്യത്തെയും അര്‍ദ്ധസത്യത്തേയും കൂട്ടുപിടിക്കുന്ന മുഖ്യനെ ഞാന്‍ കടലിലേക്കു ക്ഷണിക്കുന്നു. ആവശ്യത്തിലേറെ സുരക്ഷാഭടന്മാരെയും കൂട്ടിക്കൊള്ളുക… അപ്പോള്‍ മുഖ്യന്റെ ഭാഷയും ശൈലിയും മാറും…തീരദേശ ജനതയോടുള്ള മനോഭാവവും…!

വൈദികനായതിനുമുമ്പു തീരവാസിയായും ഇപ്പോൾ അവരോടു ചേര്‍ന്നു വസിച്ചു അവരുടെ നൊമ്പരമറിഞ്ഞും അവരോടൊപ്പം 14 ഭാഗം കടലിൽ പോയി മീന്‍പിടിച്ചതിന്റെയും തിരിച്ചറിവിലാണ് ഈ ക്ഷണം.

2018 ല്‍ മഹാപ്രളയത്തില്‍ ആലപ്പുഴയില്‍ മന്ത്രിയുടെ കരച്ചിലും ജില്ലാകളക്ടറുടെ നിസ്സഹായവസ്ഥയുമറിഞ്ഞ് കേരളത്തിലെ തീരദേശത്തുനിന്നു, കേരളത്തിലെ കടലോരങ്ങളിൽ നിന്നു, വള്ളങ്ങളുമായെത്തിയ മത്സ്യത്തൊഴിലാളികളോടൊപ്പമുണ്ടായിരുന്നു ഞാനും. അന്ന് ഭക്ഷണവും പണവും വച്ചുനീട്ടിയ പ്രളയത്തില്‍പ്പെട്ടുപോയ സഹോദരങ്ങളോട് തീരവാസിപറഞ്ഞത് ഒന്നുംമോഹിച്ചല്ല നിങ്ങളെ രക്ഷിക്കാനായി മാത്രം വന്നതാണ്. പട്ടിണിയിരുന്നു രാവോളം ജീവനുകളെ കോരിയെടുത്ത മത്സ്യത്തൊഴിലാളികളോടൊപ്പം കായല്‍പ്പരപ്പിലുണ്ടായിരുന്നതിന്റെ ഉറച്ചബോധ്യത്തിലാണ് മുഖ്യനെ തീരത്തേക്ക് ക്ഷണിക്കുന്നത്.

നമുക്ക് ഇനിയും അവശേഷിക്കുന്ന ചൊരിമണലിരുന്നു സംസാരിക്കാം…
ശോഷണവും നിര്‍മാണവും പഠിക്കാം…
ആസൂത്രണങ്ങളും ഏതെല്ലാമിടത്തുനിന്നു സമരത്തിലുണ്ടെന്നും വിലയിരുത്താം…

മുഖ്യനോട് ഒരു വാക്ക്… ഞാന്‍ വിഴിഞ്ഞംകാരനല്ല, ആലപ്പുഴക്കാരനാണ്. ഒരിക്കല്‍ വിഴിഞ്ഞത്ത് പോയിരുന്നു… ഇനിയും പോകും. കാരണം, വിഴിഞ്ഞത്ത് സംഭവിക്കുന്നതെല്ലാം ഇവിടെ ആലപ്പുഴയിലും കേരളത്തിലങ്ങോളവും സംഭവിക്കുന്നുണ്ട്. വിഴിഞ്ഞത്തും ആലപ്പുഴയിലും ഞാന്‍ കാണുന്നത് സാധാരണക്കാരായ തീരവാസികളായ മനുഷ്യരെയാണ്, അവരെല്ലാം ജാതിക്കും മതത്തിനുമതീതമായി എന്റെ സഹോദരങ്ങളാണ്. പ്രളയകാലത്ത് അങ്ങേക്ക് ഞങ്ങള്‍ കേരളത്തിന്റെ സൈനികരായിരുന്നു… ഇപ്പോള്‍ ആരൊക്കെയെ പറഞ്ഞുപരത്തുന്ന രാജ്യദ്രോഹികളെന്നും… പട്ടവും പദവിയും നല്‍കാതെ ജീവിക്കാനുള്ള ഭൂമിയും കൂരയും തൊഴിലിടങ്ങളും നല്‍കുക… അതുവരെയും ഈ ജനങ്ങളുടെ സമരത്തിനു തെക്കുനിന്നും വടക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും കൈകോര്‍ക്കാന്‍ ആളുണ്ടാവുക തന്നെ ചെയ്യും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker