ഓർമയായത് ആത്മീയ സംഗീതത്തിൽ മാസ്മരികത തീർത്ത വൈദികൻ
ഓർമയായത് ആത്മീയ സംഗീതത്തിൽ മാസ്മരികത തീർത്ത വൈദികൻ
അനിൽ ജോസഫ്
തുറവൂർ: ക്രിസ്ത്യൻ ആത്മീയ സംഗീതലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ‘കൊച്ചു രാജു അച്ചൻ’ എന്ന ഫാ. രാജു കാക്കരിയിൽ. ഇരുന്നുറോളം ഭക്തിഗാനങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്.
രൂപതാധ്യക്ഷന്മാരുടേയും വൈദികരുടേയും മറ്റ് എഴുത്തുകാരുടേയും വരികൾക്ക് അദ്ദേഹം ഈണം നൽകി. 25-ലധികം സംഗീത ആൽബങ്ങളാണ് അച്ചന്റെ സംഗീത സംവിധാനത്തിൽ പുറത്തിറക്കിയിട്ടുള്ള
ഗായകരായ കെസ്റ്റർ, മർക്കോസ്, ചിത്ര, ദലീമ തുടങ്ങി നിരവധിപേർ അദ്ദേഹം സംഗീതം നൽകിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ അച്ചനും നല്ലൊരു ഗായകനായിരുന്നു. നിരവധി ദിവൃബലി ഗാനങ്ങളും ആരാധനാഗാനങ്ങളും വിശുദ്ധരെ കുറിച്ചുള്ള ഗാനങ്ങളും രാജു അച്ചന്റെ സംഗീതത്തിൽ പുറത്തിറങ്ങി.
ഫാ. ജോയി പുത്തൻവീടിന്റെ നൂറോളം ഗാനങ്ങൾക്ക് സംഗീതം നൽകി. ഇവർ ഇരുവരും ചേർന്നാണ് അർത്തുങ്കൽ ദേവാലയത്തെ ബസിലിക്കയാക്കി പ്രഖ്യാപിക്കുന്ന സമയത്തെ തീം സോംഗ് ചിട്ടപ്പെടുത്തിയത്. ആലപ്പുഴ രൂപതയുടെ പുതിയ സഹായ മെത്രാൻ ജെയിംസ് ആനാപറമ്പിലിന്റെ സ്ഥാനാരോഹണത്തിനു രൂപതയിൽ നിന്ന് തെരഞ്ഞെടുത്ത നൂറോളം ഗായകരെ അണിനിരത്തിയത് ഇവരുടെ നേതൃത്വത്തിലായിരുന്നു.
വിദ്യാഭ്യാസകാലം മുതൽ സംഗീതത്തെ സ്നേഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സെന്റ് മൈക്കിൾസ് കോളജിൽ പഠിക്കുമ്പോഴും മംഗലപ്പുഴ സെമിനാരിയിൽ പഠിക്കുമ്പോഴും നിരവധി സംഗീതപരിപാടികൾക്ക് നേതൃത്വം നൽകി. കൂടാതെ സംഗീത ലോകത്തേക്ക് സഹപാഠികളെ കൈപിടിച്ചുയർത്തുവാനും അച്ചൻ ശ്രമിച്ചിട്ടുള്ളതായി സഹപാഠികൾ ഓർക്കുന്നു. തുറവൂർ മരിയാപുരം പള്ളി വികാരിയായി ഇരിക്കുന്പോഴാണ് വിശുദ്ധ മോനിക്കായെക്കുറിച്ചുള്ള ഗാനം ആദ്യമായി മലയാളഭാഷയിൽ ഇറക്കുന്നത്.
ഹർമോണിയം, തബല, വയലിൻ, ഓർഗൺ തുടങ്ങിയ വാദ്യഉപകരങ്ങളിൽ കൈവിരൽ കൊണ്ട് മാസ്മരികത സൃഷ്ടിച്ച രാജു അച്ചന്റെ വേർപാടിലൂടെ സംഗീത ലോകത്തിന് വലിയ നഷ്ടമാനുണ്ടാകുന്നത്.
സംഗീതലോകത്തെ സഹപ്രവർത്തകനായ ഫാ. ജോയി പുത്തൻവീട്ടിലിന്റെ വാക്കുകളിൽ പറഞ്ഞാൽ: ഈ ലോകത്തെ മാനവരൊന്നിച്ച് സംഗീതത്തിലൂടെ ദൈവത്തെ സ്തുതിച്ച അച്ചൻ, സ്വർഗലോകത്ത് മാലാഖമാരൊത്ത് സംഗീതമാലപിക്കുവാനായി സംവഹിക്കപ്പെട്ടു.