ഓർഡർ ചെയ്യൂ, പലചരക്ക് സാധനങ്ങൾ വീട്ടിലെത്തും; ഹോം ഡെലിവറി സേവനവുമായി ഞാറക്കലിലെ സഹോദരിമാർ
സ്വന്തം ലേഖകൻ
ഞാറക്കൽ: കോവിഡ് പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയപ്പോൾ അതിജീവനത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണ് മരിയ മീനുവും ജെന്നിഫർ മീനുവും. വൻകിട കച്ചവടക്കാർ നടത്തുന്ന Home Delivery ഒരു ചെറിയ പലചരക്ക് കടയിൽ എങ്ങനെ പ്രാവർത്തികമാക്കാം എന്നുകൂടി വ്യക്തമാക്കിതരുകയാണ് സഹോദരിമാരായ മരിയ മീനുവും, ജെന്നിഫർ മീനുവും അടങ്ങുന്ന കുടുംബം.
ഞാറക്കൽ മഞ്ഞനക്കാട് സ്വദേശിയായ സഹോദരിമാർ, കോവിഡിന്റെ സാഹചര്യത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടത്തിനെ തുടർന്നാണ് ഇങ്ങനെ ഒരു ആശയം നടപ്പിലാക്കിയത്. പ്രാരംഭ ഘട്ടത്തിൽ മഞ്ഞനക്കാട് പ്രദേശത്തു തുടക്കം കുറിച്ച ഈ സേവനത്തിന്റെ ആശയത്തിനുടമയായ മരിയ മീനു മഞ്ഞനക്കാട് കെ.സി.വൈ.എം. യൂണിറ്റ് അംഗവും, മുൻ യൂണിറ്റ് സെക്രട്ടറിയുമാണ്.
പിതാവിനും കുടുംബത്തിനും സഹായമായി, ഹോം ഡെലിവറി സേവനം എന്ന ആശയവുമായി മുന്നോട്ട് വന്ന മരിയ മീനു മറ്റള്ളവർക്ക് ഒരു മാതൃകയും പ്രചോദനവുമായി മാറുകയാണ്. വൈറ്റ് കോളർ ജോലികളും പ്രതീക്ഷിച്ച് വീടുകളിൽ അടഞ്ഞിരിക്കുവാൻ ശ്രമിക്കുന്ന യുവതലമുറയ്ക്ക് വെല്ലുവിളി കൂടിയാണ് ഈ സഹോദരിമാർ.