ഓണത്തിന് ഇലകളില്‍ നിരാശവിളമ്പി ചെല്ലാനത്തുകാര്‍
ജനപ്രതിനിധികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ദുരന്ത ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല...
അഡ്വ.ഷെറി ജെ.തോമസ്
കൊച്ചി: ട്രിപ്പിള്‍ ലോക്ഡൗണും കടലാക്രമണവും ദുരിതത്തിലാക്കിയ ചെല്ലാനത്തെ ജനങ്ങള്‍ നിരാശയുടെ ഓണമുണ്ടു. സര്‍ക്കാര്‍, റേഷന്‍ കടകള്‍ വഴിയും ചില സന്നദ്ധ പ്രവര്‍ത്തകര്‍ തിരഞ്ഞെടുത്ത വീടുകളിലും ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. എന്നാല്‍ കടല്‍കയറ്റത്തില്‍ വാസയോഗ്യമല്ലാതായ പല വീടുകളും താമസ്സ യോഗ്യമല്ലാത്തതിനാല്‍, പലരും അയല്‍ വീടുകളിലും ബന്ധുവീടുകളിലുമാണ് കഴിച്ചുകൂട്ടുന്നത്. കോവിഡിന്റെയും ലോക്ഡൗണിന്റെയും പേരു പറഞ്ഞ് ജനപ്രതിനിധികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ദുരന്ത ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് കെ.എൽ.സി.എ. കുറ്റപ്പെടുത്തി. പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകളില്‍ മാത്രം രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ, പഞ്ചായത്തില്‍ മുഴുവനായി ഗ്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും ഇവിടെയ്ക്ക് കടന്നുവരാന്‍ കഴിഞ്ഞില്ല. അതു കൊണ്ട് ദുരിതങ്ങളുടെ യഥാര്‍ത്ത ചിത്രം പുറം ലോകം അറിഞ്ഞില്ലെന്ന് കെ.എൽ.സി.എ. പറഞ്ഞു.
ചെല്ലാനത്തെ ജനങ്ങളോട് ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും കാട്ടുന്ന അവഗണനയില്‍ കെ.എല്‍.സി.എ. സംസ്ഥാന സമിതി പ്രതിഷേധിച്ചു. ചെല്ലാനത്തെ കടല്‍ ഭിത്തി അറ്റകുറ്റ പണികള്‍ നടത്തുന്നതിലും തകര്‍ന്ന കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിലും സര്‍ക്കാരിനു സംഭവിച്ച വീഴ്ചയാണ് ദുരിതത്തിന് കാരണം. അതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ പൂര്‍ണ്ണമായി ഏറ്റെടുക്കണം. കടലാക്രമണത്തില്‍ തീരദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന് പ്രദേശവാസികളുടെ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സമിതിയെ ചുമതലപ്പെടുത്തുകയും ന്യായമായ നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യന്ത്രിക്ക് വീണ്ടും പരാതി നല്‍കുന്നതിന് യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്‍റ് ആന്റെണി നൊറോണ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ് പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.ഡാല്‍ഫിന്‍, സംസ്ഥാന സെക്രട്ടറി ബിജു ജോസി, ഫാ. ആന്‍റണി കുഴിവേലി, ഫാ.ജോണ്‍സന്‍ പുത്തന്‍വീട്ടില്‍, കൊച്ചി രൂപത പ്രസിഡന്റ് പൈലി ആലുങ്കല്‍, ആലപ്പുഴ രൂപത പ്രസിഡന്റ് ജോണ്‍ ബ്രിട്ടോ, ബാബു കാളിപ്പറമ്പില്‍, രാജു ഈരശ്ശേരി, ജോബ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.