പൊര്‍സ്യൂങ്കൊളയിലെ പൂർണ ദണ്ഡവിമോചനം; ഒരു വിശദീകരണകുറിപ്പ്
പൊര്‍സ്യൂങ്കൊളയിലെ പൂർണ ദണ്ഡവിമോചനം; ഒരു വിശദീകരണകുറിപ്പ്
സ്വന്തം ലേഖകൻ
റോം: ഓഗസ്റ്റ് 2-ന് തിരുസഭ നൽകുന്ന പൊര്‍സ്യൂങ്കൊളയിലെ പൂർണ ദണ്ഡവിമോചനം കത്തോലിക്കാസഭയിൽ വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ദർശനവുമായി ബന്ധപ്പെട്ട് അനുഷ്‌ടിച്ച് വരുന്ന ഒരു ഭക്തികൃത്യമാണ്. ഒരുപക്ഷെ, അത്രയധികം ശ്രദ്ധിക്കപ്പെടാതെ ചെയ്തുപോന്നിരുന്ന ഒരു ഭക്തികൃത്യം. അതുകൊണ്ടുതന്നെ, തെറ്റിദ്ധാരണകൾക്കുള്ള
സാധ്യതയും കൂടുതലാണ്.
പൊര്‍സ്യൂങ്കൊളയിലെ പൂർണ ദണ്ഡവിമോചനം വ്യക്തമായി മനസിലാക്കുന്നതിന് അല്പം ചരിത്രം ശ്രദ്ധിക്കാം: അനുതാപത്തോടെ പൊര്‍സ്യൂങ്കൊള സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണപാപവിമോചനം നേടുന്നതിനുള്ള അനുമതി ഒനോരിയൂസ് മൂന്നാമന്‍ പാപ്പായെ (1216-1227) നേരില്‍ക്കണ്ട് വിശുദ്ധ ഫ്രാന്‍സിസ് കരസ്ഥമാക്കിയതാണ്. തുടർന്ന്, ദര്‍ശനത്തിന്‍റെ വാര്‍ഷികനാളുകളിൽ ആഗസ്റ്റ് 1-ന്‍റെ സായാഹ്നപ്രാര്‍ത്ഥന മുതല്‍,
2-Ɔο തിയതിയുടെ പ്രഭാതയാമംവരെ അസ്സീസിയിലേയ്ക്ക് ജാഗരം അനുഷ്ഠിച്ചു ജനങ്ങള്‍ പ്രവഹിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുമുതല്‍, ഇന്നും തുടരുന്ന ‘അസ്സീസിയിലെ പാപമോചനം’ (The Pardon of Assisi) എന്നറിയപ്പെടുന്ന പൊര്‍സ്യൂങ്കൊളയിലെ ദണ്ഡവിമോചന ലബ്ധി യാഥാർഥ്യമാണ്.
അങ്ങനെ 12-Ɔο നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സിസ് ആരംഭിച്ച അനുരഞ്ജനത്തിന്‍റെയും മാനസാന്തരത്തിന്‍റെയും ആഹ്വാനം ഉള്‍ക്കൊണ്ട് ദൈവത്തില്‍നിന്നും മാപ്പു തേടിയും, സഹോദരങ്ങളുമായി രമ്യതപ്പെട്ടും ജീവിക്കുവാനുള്ള പൂര്‍ണ്ണദണ്ഡവിമോചന ലബ്ധിക്കായി ആയിരങ്ങളാണ് ‘പൊര്‍സ്യൂങ്കൊള’യില്‍ ഇന്നും എത്തുന്നത്.
കാരുണ്യത്തിന്‍റെ ജൂബിലിവര്‍ഷത്തില്‍ പോര്‍സ്യൂങ്കൊള തീര്‍ത്ഥാടനത്തിന്‍റെ 800-Ɔο വാര്‍ഷികം അനുസ്മരിച്ചുകൊണ്ട് ആയിരങ്ങള്‍ക്കൊപ്പം 2015 ആഗസ്റ്റ് 4-ന് പാപ്പാ ഫ്രാന്‍സിസും അസ്സീസിയിലെ പോര്‍സ്യൂങ്കൊളയിലെത്തി പ്രാർത്ഥിച്ചിരുന്നു.
“പോര്‍സ്യൂങ്കൊള” എന്നത്, ഫ്രാന്‍സിസ് അസീസി പുതുക്കിയ പള്ളിയാണ്. അതായത്,
വീടുവിട്ടിറങ്ങിയ ഫ്രാന്‍സിസ് ക്രിസ്തുവിന്‍റെ പള്ളി നന്നാക്കണം എന്ന തീവ്രതയില്‍ സ്വന്തം കൈകൊണ്ടു പണിതു നന്നാക്കിയ
പുരാതനമായ കൊച്ചുകപ്പേളയാണ് അസ്സീസി പട്ടണത്തിന്‍റെ താഴ്വാരത്തെ പോര്‍സ്യൂങ്കൊള.
1216-മാണ്ട്, ആഗസ്റ്റ് 1-Ɔο തിയതി. പൊര്‍സ്യൂങ്കൊളയില്‍ പ്രാര്‍ത്ഥിക്കവെ ഫ്രാന്‍സിസ് അസ്സിസിയ്ക്ക് ക്രിസ്തുവിന്‍റെ ദര്‍ശനമുണ്ടായി. പരിശുദ്ധ കന്യകാനാഥയ്ക്കൊപ്പം മാലാഖമാരും ചേര്‍ന്നുള്ള ദര്‍ശനമായിരുന്നു അതെന്ന് പാരമ്പര്യവും, സമകാലീനരുടെ മൊഴികളും രേഖപ്പെടുത്തിയിരിക്കുന്നു. കപ്പേളയുടെ നിലത്ത് സാഷ്ടാംഗപ്രണമിതനായ ഫ്രാന്‍സിസിന് ക്രിസ്തുവിന്‍റെ ദര്‍ശനത്തോടൊപ്പം സന്ദേശവും ലഭിച്ചു. കിട്ടിയ സന്ദേശം, “ദൈവിക കാരുണ്യത്തിന്‍റെയും പാപമോചനത്തിന്‍റേതും” ആയിരുന്നു. ഫ്രാന്‍സിസിന്‍റെ സാക്ഷ്യവും, ഫ്രാന്‍സിസ്ക്കന്‍ പാരമ്പര്യവും അനുസരിച്ച് പൊര്‍സ്യൂങ്കൊളയില്‍ പിന്നീടു തീര്‍ത്ത ചുവര്‍ചിത്രവും അത് വ്യക്തമാക്കുന്നുമുണ്ട്. സഭ നല്കുന്ന പൂര്‍ണ്ണദണ്ഡവിമോചനം (Plenary Indulgence) അസ്സീസിയിലെ ദര്‍ശനത്തിന്‍റെ സ്ഥാനമായ പൊര്‍സ്യൂങ്കൊളയില്‍നിന്നും (Porziuncola) ജനങ്ങള്‍ക്ക് ലഭ്യമാക്കണം, അസ്സീസിയില്‍നിന്നും ദൈവികകാരുണ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കണം ഇതായിരുന്നു ഫ്രാൻസിസ് അസ്സീസിയുടെ ആഗ്രഹം.
ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴി കൈമാറ്റം ചെയ്യപ്പെട്ട ഇംഗ്ലീഷ് മെസ്സേജ് പിന്നീട് ചിലർ മലയാളത്തിൽ തർജ്ജിമ ചെയ്തപ്പോൾ ഉണ്ടായ പിശക് വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്.
Enchiridione of indulgences, 199 edition, Concession 33 പറയുന്നതനുസരിച്ച്,
ഓഗസ്റ്റ് 2 നോ അല്ലെങ്കിൽ, അതാത് രൂപതയിലെ ബിഷപ്പ് തീരുമാനിക്കുന്ന തീയതിയിലോ ഈ പൂർണ ദണ്ഡവിമോചനം നൽകാവുന്നതാണ്.
ചെയ്യേണ്ട കാര്യങ്ങൾ:
ശരിയായ അനുതാപതോടെ നല്ല കുമ്പസാരം നടത്തുക (ഓഗസ്റ്റ് 2- ന് 8 ദിവസം മുൻപോ, 8 ദിവസത്തിനുള്ളിലോ) മുഴുവൻ കുർബാനയിൽ പങ്കെടുക്കുക. അത് ഏതെങ്കിലും ഫ്രാൻസിസ്കൻ ദേവാലയത്തിലോ രൂപത നിർദ്ദേശിക്കുന്ന ബസലിക്കയിലോ, ഇടവക ദേവാലയത്തിലോ ആകാം. കുർബാന സ്വീകരിക്കുക.
വിശ്വാസ പ്രമാണം ചൊല്ലുക.
മാർപ്പാപ്പയുടെ നിയോഗങ്ങൾക്കായി സ്വർഗ്ഗസ്ഥനായ പിതാവേയും, നന്മ നിറഞ്ഞ മറിയവും, പിതാവിനും പുത്രനും ചൊല്ലി കാഴ്ച വയ്ക്കുക.
ശുദ്ധീകരണ സ്ഥലത്തുള്ള നമ്മുടെ പ്രിയപ്പെട്ടവർക്കും , അനാഥാർ ആയ ആത്മാക്കൾക്കും, പ്രാർത്ഥന ലഭിക്കാത്ത ആത്മാക്കൾക്കും വേണ്ടി കാഴ്ച വെയ്ക്കാം. ഈ ദണ്ഡവിമോചനം നിങ്ങൾക്കും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി നേടാവുന്നതാണ്.
ഈ പൂർണ ദണ്ഡവിമോചനം 2-ന് പാതിരാത്രിവരെയാണ് അനുവദിച്ചിട്ടുള്ള സമയം.