ഒഴിഞ്ഞ കല്ലറ ഒന്നു പരിശോധിച്ചാലോ?
ഒഴിഞ്ഞ കല്ലറയെപ്രതി ആദിമുതലേ പ്രചാരത്തില്‍വന്ന നുണക്കഥ പല രൂപത്തിലും ഇന്നും പരക്കുന്നുണ്ടെങ്കിലും, "ക്രൈസ്തവന്റെ നിസ്സംഗതയെ" വെല്ലാന്‍പോന്ന ഒരു നുണക്കഥയും ഇതുവരെ ഉണ്ടായിട്ടില്ല
യേശുവിന്റെ ഉത്ഥാനത്തിന് ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉള്ളതായി വിശുദ്ധഗ്രന്ഥകാരന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല. രണ്ടാം നൂറ്റാണ്ടില്‍ വിരചിതമായ ‘പത്രോസിന്റെ സുവിശേഷം’ എന്ന അപ്പോക്രിഫല്‍ ഗ്രന്ഥം മാത്രമാണ് അത്തരമൊരു ശ്രമംനടത്തിയത്. അതത്ര ക്ലച്ചുപിടിച്ചതുമില്ല. യേശുവിന്റെ വിശദീകരണാതീതമായ ഉത്ഥാനത്തിന്റെ ദൃക്‌സാക്ഷിവിവരണത്തിനു പകരമായി സുവിശേഷകന്മാര്‍ അവതരിപ്പിച്ചത് ഉത്ഥിതന്റെ പ്രത്യക്ഷങ്ങളും ഒഴിഞ്ഞ കല്ലറയുടെ പ്രതീകവുമാണ്. കഴിഞ്ഞ പോസ്റ്റില്‍ നാം പ്രത്യക്ഷവിവരണങ്ങള്‍ വിശകലനംചെയ്തു. അപ്പസ്‌തോലന്‍ ഉത്ഥിതന്റെ സാക്ഷി എന്ന നിഗമനത്തിലേക്കും നിര്‍വചനത്തിലേക്കുമാണ് അതു നമ്മെ കൊണ്ടെത്തിച്ചത്. ഇത്തവണ ഒഴിഞ്ഞ കല്ലറ എന്ന ബൈബിള്‍ പ്രതീകത്തെ അടുത്തുനിന്നു കാണാന്‍ ശ്രമിക്കാം.
”അവന്‍ ഇവിടെയില്ല”
നാലു സുവിശേഷകന്മാരും ഒഴിഞ്ഞ കല്ലറയെന്ന പ്രതീകം തങ്ങളുടെ സുവിശേഷങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. സമാന്തരസുവിശേഷങ്ങള്‍ മൂന്നിലും ”അവന്‍ ഇവിടെയില്ല” എന്ന വാക്യം പൊതുവായി കാണാം.
ആദ്യം സുവിശേഷം രചിച്ച മര്‍ക്കോസിന്റെ വിവരണമനുസരിച്ച് യേശുവിന്റെ മൃതദേഹം സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് അഭിഷേകംചെയ്യാനുദ്ദേശിച്ച് അതിരാവിലേ ശവകുടീരത്തിങ്കലേക്കു പോയ മഗ്ദലേന മറിയവും മറ്റു രണ്ടു സ്ത്രീകളും പോകുംവഴി ആകുലപ്പെട്ടത് കല്ലറയുടെ കല്ല് ആര് ഉരുട്ടിമാറ്റും എന്നതിനെക്കുറിച്ചായിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ അവര്‍ കണ്ടത് മൂടിക്കല്ലു മാറ്റപ്പെട്ട കല്ലറയാണ്. അവിടെ അവര്‍ കേട്ടത് ”അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല” (16,6) എന്ന സന്ദേശവും.
കല്ലറയ്ക്ക് ഏര്‍പ്പെടുത്തിയ കാവലും (27,62-66) ചില കാവല്ക്കാര്‍ക്കു ലഭിച്ച കൈക്കൂലിയും (28,12) പിന്നാലേ പരന്ന കള്ളക്കഥയുമെല്ലാം (28,13-15) മത്തായിയുടെ സുവിശേഷത്തിലേയുള്ളൂ. സ്വര്‍ഗത്തിന്റെ ദൂതന്‍ കല്ലുരുട്ടിമാറ്റി അതിന്മേല്‍ ഇരുന്നത്രേ! ”അവനെക്കുറിച്ചുള്ള ഭയംനിമിത്തം കാവല്ക്കാര്‍ വിറപൂണ്ട് മരിച്ചവരെപ്പോലെയായി”. കുറിക്കുകൊള്ളുന്ന ഗൂഢോക്തിയാണിതെന്നു വ്യക്തമാണല്ലോ. ഈ വിവരണത്തില്‍ മഗ്ദലേന മറിയവും മറ്റേ മറിയവും മാത്രമാണ് ഒഴിഞ്ഞ കല്ലറ കണ്ടവര്‍.
വി. ലൂക്കായുടെ സുവിശേഷത്തില്‍, ഒഴിഞ്ഞ കല്ലറയുടെ വാര്‍ത്ത മഗ്ദലേന മറിയവും മറ്റു സ്ത്രീകളും അപ്പസ്‌തോലന്മാരെ അറിയിച്ചപ്പോള്‍ അവര്‍ക്ക് ”ഈ വാക്കുകള്‍ കെട്ടുകഥപോലെയേ” തോന്നിയുള്ളത്രേ (24,11). എങ്കിലും പത്രോസ് കല്ലറയിങ്കലേക്ക് ഓടി കച്ച (‘ഒഥോണിയോണ്‍’) തനിയേ കിടക്കുന്നതു നേരിട്ടു കണ്ടു മനസ്സിലാക്കി ”സംഭവിച്ചതിനെപ്പറ്റി വിസ്മയിച്ചുകൊണ്ട് തിരിച്ചുപോയി”. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര്‍ വഴിയില്‍വച്ചു കൂട്ടുചേര്‍ന്നവനോട് ഇക്കാര്യങ്ങള്‍ വിവരിക്കുന്നതും കാണാം (24,22-24). ”എന്നാല്‍ അവനെ അവര്‍ കണ്ടില്ല” എന്ന് അവര്‍ എടുത്തുപറയുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വി. യോഹന്നാന്റെ സുവിശേഷത്തിലാകട്ടെ, അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ത്തന്നെ കല്ലറയ്ക്കുമുന്നിലെത്തിയ മഗ്ദലേന മറിയം ശവകുടീരത്തിന്റെ കല്ല് മാറ്റപ്പെട്ടിരിക്കുന്നതു കണ്ട് ഓടി പത്രോസിനെയും യോഹന്നാനെയും വിവരമറിയിച്ചതായാണ് വിവരിച്ചിരിക്കുന്നത്. രണ്ട് അപ്പസ്‌തോലന്മാരും ഒഴിഞ്ഞ കല്ലറയിലെത്തി വസ്തുതകള്‍ നേരില്‍ കണ്ടു ബോധ്യപ്പെട്ടതിന്റെ വിവരണം യോഹ 20,3-10-ല്‍ കാണാം. ”കച്ച (‘ഒഥോണിയോണ്‍’) അവിടെ കിടക്കുന്നതും തലയില്‍ കെട്ടിയിരുന്ന തൂവാല (‘സുദാരിയോണ്‍’) കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും അവര്‍ കണ്ടു”.
‘ഒഥോണിയോണ്‍’, ‘സുദാരിയോണ്‍’
സംസ്‌കാരത്തിനുമുമ്പ് ജഡത്തെ പൊതിയാനുപയോഗിക്കുന്ന ശീലകള്‍ക്കുവേണ്ടിയാണ് പുതിയനിയമം ‘ഒഥോണിയോണ്‍’ എന്ന പദം ഉപയോഗിക്കുന്നത് (ലൂക്കാ 24,12; യോഹ 19,40; 20,5). ‘സുദാരിയോണ്‍’ എന്ന ഗ്രീക്കുപദം ലത്തീനില്‍നിന്നും കടമെടുത്തതാണ്. ലത്തീനില്‍ ‘സുദോര്‍’ എന്ന വാക്കിനര്‍ത്ഥം വിയര്‍പ്പ് എന്നാണ്. വിയര്‍പ്പു തുടയ്ക്കുന്ന തുണിക്കഷണം എന്നാണ് ‘സുദാരിയും’ എന്ന പദം അര്‍ത്ഥമാക്കുന്നത്. ലൂക്കാ 19,20-ലും അപ്പ 19,12-ലും ഈയര്‍ത്ഥം വ്യക്തമാണ്. എന്നാല്‍ ലാസറിനെ ഉയിര്‍പ്പിക്കുന്ന വേളയില്‍ മൃതന്റെ മുഖാവരണം എന്നയര്‍ത്ഥത്തില്‍ ഈ പദം കാണുന്നുണ്ട് (യോഹ 11,44). ശവശരീരത്തിന്റെ മുഖം ശീലകൊണ്ടു മറയ്ക്കുന്ന യഹൂദരീതിയെപ്പറ്റി മിഷ്‌നായില്‍ (മൊഏദ് കാതാന്‍, 27a) പരാമര്‍ശമുണ്ട്. യേശുവിന്റെ ശവസംസ്‌കാരം വിവരിക്കുന്നിടത്ത് (യോഹ 19,40) ഈ തൂവാലയെക്കുറിച്ചു പരാമര്‍ശമില്ലാത്തത് സംക്ഷിപ്തവിവരണത്തില്‍ സൂക്ഷ്മാംശങ്ങള്‍ക്കു പ്രാധാന്യമില്ലാത്തതുകൊണ്ടാകാം.
യേശുവിന്റെ ശരീരം കട്ടുകൊണ്ടുപോയി എന്ന കള്ളപ്രചാരണത്തിനുള്ള ആദിമസഭയുടെ മറുപടിയായിരിക്കണം കച്ചയും മുഖാവരണവും കല്ലറയില്‍ കണ്ടെന്ന വിവരണം. ജഡം മോഷ്ടിക്കാനായി ഒരു കല്ലറക്കള്ളനും കച്ചയഴിച്ചു കഷ്ടപ്പെടാന്‍ മെനക്കെടില്ലല്ലോ. ദൈവശാസ്ത്രപരമായ അര്‍ത്ഥംകൂടി അതിനുണ്ട്. കച്ചകളില്‍ ബന്ധിതനായി കല്ലറയ്ക്കുപുറത്തു വന്ന ലാസറിനെ സ്വതന്ത്രനാക്കാന്‍ യേശുവാണ് കല്പന നല്കിയതെങ്കില്‍, യേശുവിന്റെ കാര്യത്തില്‍ (യോഹ 20,6.7) അവിടത്തെ കച്ചയും മുഖാവരണവും കല്ലറയ്ക്കകത്തു കിടക്കുന്നു. മറിയത്തിന്റെ തെറ്റിദ്ധാരണയ്ക്കുള്ള ദൈവശാസ്ത്രപരമായ പരിഹാരമാണ് അത്: ആരും യേശുവിനെ എടുത്തുകൊണ്ടു പോയിട്ടില്ല; അവിടന്ന് മരണത്തെ ഉപേക്ഷിച്ചുപോയിരിക്കുന്നു!
ഒഴിഞ്ഞ കല്ലറയും ഒഴിയാത്ത സംശയങ്ങളും
ക്രൈസ്തവരും യഹൂദരും തമ്മില്‍ A.D. 80-ല്‍ നിലനിന്നിരുന്ന ഒരു തര്‍ക്കത്തിന്റെ സൂചികയാണ് മത്താ 28,15: ”ഇത് ഇന്നും യഹൂദരുടെയിടയില്‍ പ്രചാരത്തിലിരിക്കുന്നു”. യേശുവിന്റെ കല്ലറ ഒഴിഞ്ഞതായി കണ്ടെത്തിയെന്ന് ഇരുകൂട്ടര്‍ക്കും അറിയാമായിരുന്നുവെന്ന് ആ ഭാഗത്തുനിന്നു വ്യക്തമാണ്. ഒഴിഞ്ഞ കല്ലറയുടെ വ്യാഖ്യാനത്തില്‍മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. ഒഴിഞ്ഞ കല്ലറ അതില്‍ത്തന്നെ ഉത്ഥാനത്തിന്റെ ഉറപ്പോ തെളിവോ ആകുന്നില്ല. ചരിത്രത്തില്‍ ചിലരെങ്കിലും ഒഴിഞ്ഞ കല്ലറ മുന്‍നിറുത്തി ഉത്ഥാനത്തിന്റെ വാസ്തവികതയെക്കുറിച്ച് സംശയങ്ങളുന്നയിക്കാന്‍ മുതിര്‍ന്നിട്ടുണ്ട്. അവയില്‍ പലതും ബാലിശവും ചിലതു പ്രത്യയശാസ്ത്രപരവുമാണെന്നു കാണാന്‍ Jesus Risen എന്ന ഗ്രന്ഥത്തിലെ ജെറാള്‍ഡ് ഒ. കൊള്ളിന്‍സിന്റെ വിശകലനം വായിച്ചാല്‍ മതിയാകും.
യേശുവിന്റെ ഉത്ഥാനത്തെപ്പറ്റി ആദ്യം സുവിശേഷം രചിച്ച മര്‍ക്കോസും (16,1-8) പിന്നീടു വന്ന സുവിശേഷകന്മാരും ഒരു കെട്ടുകഥ ചമയ്ക്കുകയായിരുന്നെങ്കില്‍ അതിന് അവര്‍ സ്ത്രീകളെ സാക്ഷികളായി അവതരിപ്പിക്കുമായിരുന്നില്ല. കാരണം, A.D. ഒന്നാം നൂറ്റാണ്ടിലെ പലസ്തീനായില്‍ സ്ത്രീകളുടെയും അടിമകളുടെയും സാക്ഷ്യം അസാധുവായി കരുതപ്പെട്ടിരുന്നതിനാല്‍ (cf. ജെ. ജെറമിയാസ്, Jerusalem in the Time of Jesus, 374-375) അത്തരമൊരു വിവരണം ആരും മുഖവിലയ്‌ക്കെടുക്കുമായിരുന്നില്ല.
യേശുവിന്റെ ഒഴിഞ്ഞ കല്ലറ പഴയനിയമത്തെ ആധാരമാക്കി കെട്ടിച്ചമച്ചതാണെന്നും വാദിക്കാനാവില്ല. കാരണം, പഴയനിയമത്തില്‍ മിശിഹാ മരിക്കണമെന്നും ഉയിര്‍ക്കണമെന്നും കൃത്യമായി പറഞ്ഞിട്ടില്ല. സങ്കീ 16 പോലെയുള്ള ചില പഴയനിയമഭാഗങ്ങള്‍ യേശുവിന്റെ ഉത്ഥാനസൂചകങ്ങളായി പില്ക്കാലത്ത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മിശിഹായുടെ മരണോത്ഥാനങ്ങളുടെ പ്രവചനമായി അവയെ യഹൂദരാരും കരുതിയിരുന്നില്ല.
അപ്പോസ്തലന്മാരിലും ശിഷ്യരിലും യേശുവിന്റെ ഉത്ഥാനാനുഭവം ഉളവാക്കിയ ഉണര്‍വും ധൈര്യവും ഉത്ഥാനമെന്ന ചരിത്രവസ്തുതയുടെ തെളിവായി മാര്‍ട്ടിന്‍ ഡിബേലിയൂസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭയപ്പെട്ട് ഒളിച്ചുകഴിഞ്ഞിരുന്നവര്‍ തങ്ങളുടെ ജീവന്‍ ത്യജിക്കാന്‍പോലും സന്നദ്ധരായി ഉത്ഥിതനെ പ്രഘോഷിക്കാന്‍ മുന്നോട്ടുവന്നത് വെറുമൊരു കെട്ടുകഥയുടെ പുറത്താകാന്‍ തരമില്ലല്ലോ.
ഒഴിഞ്ഞ കല്ലറയുടെയും ഉത്ഥിതന്റെ പ്രത്യക്ഷത്തിന്റെയും വിവരണങ്ങളില്‍ കാണുന്ന തികഞ്ഞ മിതത്വവും സ്വാഭാവികതയുമാണ് അവയുടെ വിശ്വാസ്യതയ്ക്കുള്ള ഏറ്റവും വലിയ തെളിവായി നമുക്കു കരുതാവുന്നത്. നാലു സുവിശേഷകന്മാരും ഇക്കാര്യത്തില്‍ അപ്പസ്‌തോലന്മാരെയും ക്രിസ്തുശിഷ്യരെയും സംശയാലുക്കളായിത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭയം അവരെ വല്ലാതെ വലച്ചിരുന്നു (മത്താ 28, 8.10; മര്‍ക്കോ 16, 8; ലൂക്കാ 24, 36). അവിശ്വാസവും വിസ്മയവും അവരെ പൊതിഞ്ഞു (മത്താ 28, 17; മര്‍ക്കോ 16, 6.8.11.13.14; ലൂക്കാ 24, 11.12.22.41; യോഹ 20, 25). ഉത്ഥിതന് തങ്ങളെ രൂക്ഷമായി ശാസിക്കേണ്ടിവരുന്നിടത്തോളം അവിശ്വാസം ശിഷ്യര്‍ക്കുണ്ടായിരുന്നു! മഗ്ദലേന മറിയത്തിന്റെ സങ്കടവും എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരുടെ മ്ലാനവദനത്വവും ദീദിമോസിന്റെ ശാഠ്യംനിറഞ്ഞ അവിശ്വാസവും ഒഴിഞ്ഞ കല്ലറ വിവരണത്തിന്റെ വസ്തുനിഷ്ഠതയിലേക്കുതന്നെയാണ് നമ്മെ നയിക്കുന്നത്.
ഒഴിഞ്ഞ കല്ലറയെപ്രതി ആദിമുതലേ പ്രചാരത്തില്‍വന്ന നുണക്കഥ പല രൂപത്തിലും ഇന്നും പരക്കുന്നുണ്ടെങ്കിലും ഉത്ഥിതനെക്കുറിച്ചുള്ള ക്രൈസ്തവന്റെ നിസ്സംഗതയെ വെല്ലാന്‍പോന്ന ഒരു നുണക്കഥയും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണു വാസ്തവം. ഒഴിഞ്ഞ കല്ലറയെ ബോധത്തില്‍നിന്നും പ്രഘോഷണത്തില്‍നിന്നും ആചാരങ്ങളില്‍നിന്നും ഒഴിവാക്കി ജീവിക്കുന്നവനാണ് ശരാശരി ക്രൈസ്തവന്‍! ആ കല്ലറയെ ഒഴിവാക്കിനടക്കുന്നത് അതിനുചുറ്റും ചോദ്യങ്ങളോടെ നടക്കുന്നതിനെക്കാള്‍ ക്രൂരമാണ്!