ഒളിംപ്യന് ആദരവേകി നെയ്യാറ്റിൻകര രൂപതാ കെ.സി.വൈ.എം.
തിരുവന്തപുരം അതിരൂപതയിലെ സെന്റ് ജേക്കബ് പുല്ലുവിള ഇടവകാംഗവും, കെ.സി.വൈ.എം. യൂണിറ്റിലെ അംഗവുമാണ് ഒളിംപ്യൻ...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ഇന്ത്യയെ പ്രതിനിധീകരിച്ച് 2021 ടോക്കിയോ ഒളിംപിക്സിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ പങ്കെടുത്ത ഒളിംപ്യൻ ശ്രീ.അലക്സ് ആന്റണിക്ക് കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ സമിതിയുടെ നേതൃത്വത്തിൽ അനുമോദനങ്ങൾ. നെയ്യാറ്റിൻകര രൂപതാ കെ.സി.വൈ.എം. ഡയറക്ടർ ഫാ.റോബിൻ സി.പീറ്ററിന്റെ നേതൃത്വത്തിൽ ഒളിംപ്യന്റെ വീട്ടിലെത്തി മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചുമാണ് അനുമോദനങ്ങളും ആദരവും അറിയിച്ചത്. തിരുവന്തപുരം അതിരൂപതയിലെ സെന്റ് ജേക്കബ് പുല്ലുവിള ഇടവകാംഗവും, കെ.സി.വൈ.എം. യൂണിറ്റിലെ അംഗവുമാണ് ഒളിംപ്യൻ ശ്രീ.അലക്സ് ആന്റണി.
യുവജനങ്ങൾ പ്രാർത്ഥനയെയും പഠനത്തെയും ചേർത്തു പിടിച്ചുകൊണ്ട്, തങ്ങളുടെ മറ്റ് കഴിവുകൾ തിരിച്ചറിയുകയും, പരിപോഷിപ്പിക്കുകയും ചെയ്യണമെന്ന് ശ്രീ അലക്സ് ആന്റണി യുവജനങ്ങളോടായി ആഹ്വാനം ചെയ്തു. 59-ാമത് ദേശീയ-അന്തർ സംസ്ഥാന സീനിയർ 400 മീറ്ററിൽ കേരളത്തിനുവേണ്ടി സ്വർണ്ണമെഡൽ ജേതാവായിരുന്ന അലക്സ്, ടോക്കിയോ ഒളിംപിക്സിൽ 4×400 മീറ്റർ മിക്സഡ് റിലേ വിഭാഗത്തിലെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിനും ലത്തീൻ സമുദായത്തിനും കെ.സി.വൈ.എം. പ്രസ്ഥാനത്തിനും അഭിമാനതാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് കെ.സി.വൈ.എം. ഡയറക്ടർ ഫാ.റോബിൻ സി.പീറ്റർ പറഞ്ഞു.
കെ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ പ്രസിഡന്റ് ശ്രീ.ജോജി ടെന്നീസൻ, മണിവിള സഹവികാരി ഫാ.തോമസ്സ് ജൂസ്സ, രൂപതാ ട്രെഷറർ ശ്രീ.അനുദാസ്, ജനറൽ സെക്രട്ടറി ശ്രീ.മനോജ് എസ്. എന്നിവർ സന്നിഹിതരായിരുന്നു.
മത്സ്യത്തൊഴിലാളിയായ ആന്റണിയുടെയും, സർജിയുടെയും മകനായ അലക്സ് ആന്റണി ഇന്ത്യൻ എയർഫോഴ്സ് താരമാണ്. ജൂനിയർ നാഷണൽ, ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി, ഇന്റെർ സോൺ നാഷണൽ, സൗത്ത് സോൺ എന്നീ മത്സരങ്ങളിൽ നിരവധി തവണ സ്വർണ്ണമെഡൽ ജേതാവാണ്. നാഷണൽ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ ജേതാവുമാണ്. ഇന്ത്യയ്ക്ക് വേണ്ടി ഗോവയിൽ നടന്ന ലുസഫോണിയ (അണ്ടർ പോർച്ചുഗീസ്) 4×400 മീറ്റർ റിലേയിലെ വെങ്കലമെഡൽ ജേതാവാണ്. ഇന്ത്യൻ ഗ്രാൻഡ് പ്രിക്സ് 5 നാഷണൽ മീറ്റിൽ 400 മീറ്ററിൽ കേരളത്തിന് വേണ്ടി ഗോൾഡ് മെഡൽ ജേതാവായിരുന്നു.