ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കത്തോലിക്ക സഭാ വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവണത പൊതുസമൂഹം തിരിച്ചറിയണം; പ്രൊഫ. കെ.വി. തോമസ്
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കത്തോലിക്ക സഭാ വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവണത പൊതുസമൂഹം തിരിച്ചറിയണം; പ്രൊഫ. കെ.വി. തോമസ്
സ്വന്തം ലേഖകൻ
എറണാകുളം: ഒറ്റപ്പെട്ട ഏതാനും ചില സംഭവങ്ങളുടെ പേരിൽ കത്തോലിക്കാസഭാ വിശ്വാസങ്ങളെ അവഹേളിക്കുന്ന പ്രവണത പൊതുസമൂഹം തിരിച്ചറിയണമെന്ന് പ്രൊഫ. കെ.വി. തോമസ്. കെ.എൽ.സി.എ. വരാപ്പുഴ അതിരൂപതയുടെ ജനറൽകൗൺസിൽ നോടനുബന്ധിച്ച്, വരാപ്പുഴ അതിരൂപത മുൻ ആർച്ച് ബിഷപ്പ്
ഫ്രാൻസിസ് കല്ലറക്കലിന് ആദരവ് നൽകിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസമേഖലയിലും ആതുരശുശ്രൂഷ മേഖലയിലും ക്രൈസ്തവസഭ നൽകിയ സേവനങ്ങൾ പരസ്യപ്പെടുത്തേണ്ട കാലമായി എന്നും പ്രൊഫ. കെ.വി. തോമസ് സമ്മേളനത്തിന് ഒത്തുകൂടിയ കെ.എൽ.സി.എ. അംഗങ്ങളെ ഓർമ്മിപ്പിച്ചു.
കെ.എൽ.സി.എ പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മുൻ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
മൗലികാവകാശമായ വിശ്വാസ ആചാരങ്ങൾ സംബന്ധിച്ച് മതവികാരത്തെ അവഹേളിക്കുന്ന പ്രസ്താവനകൾ നടത്തുന്ന ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയെ ആ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് പ്രമേയവും സമ്മേളനം പാസാക്കി.
ബി.എ. ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാരളിൻ മേരി പാദുവ, ബി.എസ്.ഇ. കെമിസ്ട്രിയിൽ റാങ്ക് കരസ്ഥമാക്കിയ ബ്രദർ പീറ്റർ സി. വർഗീസ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
ഹൈബി ഈഡൻ എം.എൽ.എ., യേശുദാസ് പാറപ്പള്ളി, ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, ഷെറി ജെ. തോമസ്, ലൂയിസ് തണ്ണികോട്ട്, ഹെൻട്രി ഓസ്റ്റിൻ, റോയി ഡികുഞ്ഞ, റോയി പാളയത്തിൽ, സോണി സോസ, ബാബു ആൻറണി, മേരി ജോർജ്, എൻ.ജെ. പൗലോസ്, ജസ്റ്റിൻ കരിപ്പാട്ട്, ബാബു നോർബർട്ട്, എം.സി. ലോറൻസ്, ജോർജ്ജ് നാനാട്ട്, വിൻസ് പെരിഞ്ചേരി, മോളി ചാർലി, ഫിലോമിന ലിങ്കൺ, എന്നിവർ പ്രസംഗിച്ചു.