ഒരു ‘wireless’ അത്ഭുതം
അനുതാപത്തിന്റെ പരിണതഫലമാണ് നവീകരണം, എല്ലാം പുതിയതാക്കപ്പെടും...
“ഇതാ ഞാൻ പുതിയ ആകാശവും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നു, പൂർവ്വകാര്യങ്ങൾ അനുസ്മരിക്കുകയോ അവ മനസ്സിൽ വരുകയോ ഇല്ല” (ഏശയ്യാ 65:17). മറ്റുജനതകളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുകയും സാബത്ത് നിയമങ്ങൾ അനുസരിക്കാതിരിക്കുകയും ചെയ്ത ഒരു ജനത്തിന്റെ അനുതാപത്തിന്റെ നിലവിളികേട്ട കാരുണ്യവാനും സ്നേഹനിധിയുമായ ദൈവപിതാവിന്റെ സ്നേഹത്തിന്റെ വാക്കുകയാണിവ. ഇത്രയുംനാൾ ചെയ്തകാര്യങ്ങളൊന്നും അവിടുന്ന് ഓർക്കുകയില്ല, അവിടുന്ന് പുതിയതായി സൃഷ്ടിക്കും. അനുതാപത്തിന്റെ പരിണതഫലമാണ് നവീകരണം, എല്ലാം പുതിയതാക്കപ്പെടും.
സുവിശേഷത്തിൽ കാനായിലേക്കു തിരിച്ചുവന്ന യേശു രാജസേവകന്റെ മകനെ സുഖപ്പെടുത്തുന്ന ഭാഗമാണ് യോഹന്നാന്റെ സുവിശേഷം 4, 46- 54 ൽ കാണുന്നത്. ഇത് കാനായിലെ രണ്ടാമത്തെ അത്ഭുതമെന്നു സുവിശേഷകൻ പറയുന്നു. കാനായിലെ വിവാഹവിരുന്നിലെ അത്ഭുതത്തിനുശേഷം ജനങ്ങളുടെ വിശ്വാസരാഹിത്യമാണ് മറ്റു അത്ഭുതങ്ങളൊന്നും സംഭവിക്കാതെ പോയതെന്ന് യേശുതന്നെ ഇവിടെ പറയുന്നു. രാജസേവകനോട് പരുഷമായ രീതിയിൽ പറയുന്നു, “അടയാളങ്ങളും അത്ഭുതങ്ങളും കാണുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ” (യോഹ. 4:48). കൂടാതെ ദേവായ ശുദ്ധീകരണശേഷവും വചനം പറയുന്നുണ്ട്, “വളരെപ്പേർ അവന്റെ നാമത്തിൽ വിശ്വസിച്ചു, യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല, കാരണം, അവൻ അവയെല്ലാം അറിഞ്ഞിരുന്നു (യോഹ. 2:23b-24). അപ്പോൾ വിശ്വാസമാണ് അത്ഭുതങ്ങൾക്കും ന്യായീകരണത്തിനുമൊക്കെ അടിസ്ഥാനം. വിശ്വാസത്തിനുവേണ്ടി ഒരു തിരിച്ചുവരവ്, അനുതാപം ആവശ്യവുമാണ്.
ഇവിടെ രാജസേവകനോട് പരുഷമായി പറഞ്ഞത് അവനെമാത്രം ഉദ്ദേശിച്ചായിരുന്നില്ല, അവരുടെ അവിശ്വാസം കണ്ടാണ് യേശു അങ്ങിനെ പറയുന്നതും. കാരണം അവർ രാജസേവകന്റെ മകനെ സുഖമാക്കുന്നത് കാണാൻ നോക്കിനിൽക്കുകയായിരുന്നിരിക്കും. പക്ഷെ രാജസേവകന്റെ വിശ്വാസം അവന്റെ മകനെ രക്ഷിക്കുന്നുണ്ട്. യേശു നേരിട്ട് പോയി സൗഖ്യമാക്കുന്നില്ല, അവനോടു പൊയ്ക്കൊള്ളുക, നിന്റെ മകൻ സുഖപ്പെടും എന്ന് പറഞ്ഞു തിരിച്ചുവിടുന്നുണ്ട്. സ്വാഭാവികമായും സുഖപ്പെട്ടിട്ടുണ്ടാകുമോ എന്നൊരു സംശയം തോന്നാം. പക്ഷെ അവന്റെ വിശ്വാസം വലുതായിരുന്നു, അവൻ തിരിച്ചു വീട്ടിലേക്കുപോയി. നിന്റെ മകൻ സുഖമാക്കപ്പെടും എന്ന് പറഞ്ഞ അതെ മണിക്കൂറിൽ തന്നെ സുഖപ്പെട്ടുവെന്നും അവനും അവന്റെ കുടുംബം മുഴുവനും അവനിൽ വിശ്വസിച്ചുവെന്നും വചനം പറയുന്നു.
യേശു നേരിട്ടുപോകാതെ സുഖമാക്കിയ അത്ഭുതത്തെ ഒരു ‘wireless’ അത്ഭുതം എന്നുവേണമെങ്കിൽ വിളിക്കാം. ഇലക്ട്രോണിക് സാധങ്ങൾ ദൂരെനിന്നും wireless റിമോട്ടിലൂടെ പ്രവൃത്തിപ്പിക്കുന്നതുപോലെ യേശുവിന്റെ ഒരു വാക്കിന്റെ ശക്തി രാജസേവകന്റെ ഭവനം വരെ നീളുന്നതായിരുന്നു. റിമോട്ട് പ്രവർത്തിപ്പിക്കാൻ സ്വാഭാവികമായും ബാറ്ററി വേണം. അതുപോലെ ഈ അത്ഭുതത്തിനുപിന്നിലും രാജസേവകന്റെ വിശ്വാസത്തിന്റെ ശക്തിയാണ് അനുഗ്രഹത്തിന് കാരണമായത്. വേരേ രീതിയിൽ ചിന്തിച്ചാൽ ‘online’ സേവനങ്ങൾ ഒരുപാട്‌നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ. സാധങ്ങൾ ഓൺലൈനിൽ വാങ്ങുമ്പോൾ നമ്മൾ പരസ്യം കണ്ടിട്ടുണ്ട്, “click & pay”. ക്രെഡിറ്റുകാർഡുകൾ ഉപയോഗിച്ച് പണം അടക്കുന്നു, സാധങ്ങൾ വീട്ടിൽ വരുന്നു. ഇവിടെ രാജസേവകൻ യേശുവിന്റെ മുന്നിൽ അപേക്ഷിക്കുന്നു, അനുഗ്രഹം വീട്ടിൽ സംഭവിക്കുന്നു. ക്രെഡിറ്റ്കാർഡിൽ പണം ഉണ്ടായാലാണ് പണം അടക്കാൻ സാധിക്കുകയുള്ളു, അതുപോലെ, അവന്റെ വിശ്വാസത്തിന്റെ ബാങ്ക് അക്കൗണ്ട് സമൃദ്ധമായിരുന്നു. അവിശ്വാസത്തിന്റെയും, അനാചാരങ്ങളുടെയും വഴിവിട്ട് ദൈവത്തോടുള്ള ബന്ധത്തിന്റെ ബാങ്ക് ബാലൻസ് കൂടാൻ തുടങ്ങിയപ്പോൾ ഇസ്രായേൽ ജനങ്ങൾക്ക് പുതിയ അക്ഷവും പുതിയ ഭൂമിയും അനുഗ്രഹത്തിന്റെ സമൃദ്ധിയും ഉണ്ടായി. രാജസേവകന്റെ വിശ്വാസത്തിന്റെ ബാങ്ക് ബാലൻസിൽ നിറവുണ്ടായപ്പോൾ അവന്റെ മകന് അനുഗ്രഹമായിമാറി, കുടുംബം മുഴുവൻ വിശ്വസിച്ചു. നമ്മുടെ വിശ്വാസത്തിന്റെ ആഴം നമുക്ക് അളന്നെടുക്കാം, ദൈവത്തിന്റെ അനുഗ്രഹം ചൊരിയത്തക്കവിധമുള്ള വിശ്വാസത്തിന്റെ ബാങ്ക് ബാലൻസ് നമുക്കുണ്ടോ? ആഴപ്പെടുത്താം വിശ്വാസത്തെ, തിരുത്തേണ്ടവഴികളെ തിരുത്താം, പൂർവ്വകാര്യങ്ങൾ അനുസ്മരിക്കുകപോലും ചെയ്യാതെ നമുക്കായി അത്ഭുതങ്ങളുടെ പുതിയ ആകാശവും ഭൂമിയും സൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു.