ഒരു വിടവാങ്ങൽ സന്ദേശം
യഥാർത്ഥ വിദ്യാഭ്യാസം കൊണ്ട് നാം നേടേണ്ടതും പഞ്ചസാര മനുഷ്യനെയാണ്...
മുപ്പത്തിരണ്ട് വർഷത്തെ അദ്ധ്യാപനം. കണക്ക് സാറിന്റെ യാത്രയയപ്പ് ദിനം. സ്കൂൾ ഓഡിറ്റോറിയത്തിൽ അധ്യാപകരും വിദ്യാർത്ഥികളും. കുറച്ചധികം പൂർവ്വവിദ്യാർത്ഥികളും, വിശിഷ്ടാതിഥികളും… നടപടിക്രമങ്ങൾ തുടങ്ങി. കണക്ക് സാറിന്റെ മറുപടി പ്രസംഗത്തിന്റെ സമയമായി. ഹെഡ്മാസ്റ്റർ കണക്കുസാറിനെ ക്ഷണിച്ചു. കൈയടിയുടെ നിലക്കാത്ത പ്രവാഹം.
കണക്ക് സാറിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. കണക്ക് ആസ്വദിച്ചു പഠിക്കാനുള്ള ഉള്ള വിഷയം ആണെന്ന് കുട്ടികൾ അറിയുന്നത് കണക്ക് സാർ വന്നശേഷമാണ്. ഒരു കുട്ടിയുടെ മുഖം വാടിയിരുന്നാൽ, ഉടുപ്പ് കീറിയിരുന്നാൽ, പ്രഭാതഭക്ഷണം കഴിക്കാതിരുന്നാൽ, രണ്ടുദിവസം ഒരു കുട്ടി ക്ലാസ്സിൽ വരാതിരുന്നാൽ കണക്ക് സാർ ആയിരിക്കും ആദ്യം കണ്ടുപിടിക്കുന്നത്.
സ്കൂളിൽ ഒത്തിരി മണിയോഡറുകൾ സാറിനെ തേടിവരും. പൂർവ്വവിദ്യാർത്ഥികളുടെ സംഭാവന. അതെല്ലാം അർഹതയുള്ള കുട്ടികൾക്ക് യഥാസമയം നൽകാനുംസാർ മടിക്കാറില്ല. സാറിന് മൂന്ന് മക്കളുണ്ട്. രണ്ടുപേർ ഉദ്യോഗസ്ഥരാണ്. മൂത്ത രണ്ടു മക്കൾ വിവാഹം കഴിച്ചു. ഇളയമകൾ മെഡിസിനു പഠിക്കുകയാണ്. സാറിന്റെ മക്കൾ സ്കൂളിൽ വരുന്ന ദിവസം പ്രഥമൻ ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യ ഉണ്ടാവും. മക്കൾ വരുന്നതിന് രണ്ടു ദിവസത്തിന് മുമ്പ് ഹെഡ്മാസ്റ്റർ അസംബ്ലിയിൽ പറയും ‘നാളെ ഉച്ച ഭക്ഷണം കൊണ്ടുവരേണ്ട, കണക്കു സാറിന്റെ മക്കൾ നിങ്ങളെ കാണാൻ വരുന്നുണ്ട്’. അതിനർത്ഥം അന്ന് സദ്യ ഉണ്ടാകുമെന്ന് തന്നെയാണ്.
പൂർവവിദ്യാർത്ഥികളുമായി ഇത്രയും ആത്മബന്ധം പുലർത്തുന്ന ഒരദ്ധ്യാപകനെ മറ്റെങ്ങും കാണാൻ കഴിയില്ല. സ്കൂളിലെ ഓടിട്ട കെട്ടിടങ്ങൾ ഇരുന്ന സ്ഥാനത്ത് ഇന്ന് മൂന്ന് നില വൃത്തിയുള്ള ടെറസ് കെട്ടിടങ്ങളായത് സാറിന്റെ ശ്രമഫലമാണ്. ജീവിതത്തിന്റെ നാനാതുറകളിൽ ശോഭിക്കുന്ന വലിയൊരു ശിഷ്യസമ്പത്ത് സാറിനുണ്ട്. അതാണ് എപ്പോഴും വെള്ളമുണ്ടും വെള്ള ഷർട്ടും ധരിക്കുന്ന കണക്ക് സാർ.
കണക്ക് സാർ മറുപടി പ്രസംഗത്തിനായിട്ട് മൈക്കിന്റെ മുൻപിൽ വന്നു കൈ ഉയർത്തി. പരമ നിശബ്ദത. നരവീണ താടിയിൽ വിരലോടിച്ചുകൊണ്ട് സാർ പറഞ്ഞു; ഒരു പ്രസംഗം പറയുവാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാൽ ഞാൻ ഒരു കൊച്ചു മാജിക് അവതരിപ്പിച്ചുകൊണ്ട് എന്റെ മറുപടി പ്രസംഗം അവസാനിപ്പിക്കാം. ഹാളിൽ ചിരി പടർന്നു. എല്ലാവരും പരസ്പരം നോക്കി. കണക്ക് സാർ എന്തു മാജിക്കാണ് കാണിക്കാൻ പോകുന്നത്? ആകാംക്ഷ മുറ്റിനില്ക്കുന്ന നിമിഷങ്ങൾ!!!
സാർ ഒരു വശത്ത് ഇട്ടിരുന്ന മേശയിൽ നിന്ന് മൂന്ന് ഗ്ലാസ് ജാർ എടുത്തു കൊണ്ടുവന്നു. എന്നിട്ട് ജാറിൽ വെള്ളം നിറച്ചു. തുടർന്ന് കടലാസിൽ പൊതിഞ്ഞു വെച്ചിരുന്ന മൂന്ന് ആൾ രൂപങ്ങൾ പുറത്തെടുത്തു. ഒന്ന് ഇരുമ്പ് കൊണ്ടുള്ളത്, ഒന്ന് കളിമണ്ണിലുള്ളത്, മൂന്നാമത്തേത് പഞ്ചസാര കൊണ്ടുണ്ടാക്കിയത്. സദസ്യർ കാൺകെ അത് ഉയർത്തി പിടിച്ചു. എന്നിട്ട് വെള്ളം നിറച്ച ഗ്ലാസ് ജാറിൽ ഇരുമ്പുകൊണ്ട് ഉണ്ടാക്കിയ ആൾരൂപം താഴ്ത്തി വച്ചു… നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. എല്ലാ കണ്ണുകളും ആ ഗ്ലാസ്സ് ജാറിൽ തറച്ചു നിന്നു.
എന്നിട്ട്, സ്വതസിദ്ധമായ ചിരിയോടെ സാർ പറഞ്ഞു: എന്റെ കഴിഞ്ഞകാല അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്. മൂന്ന് തരത്തിലുള്ള മനുഷ്യരുണ്ട്. ഈ ഇരുമ്പുമനുഷ്യനും ജാറിലെ വെള്ളത്തിനും ഒരു മാറ്റവും സംഭവിച്ചില്ല; ഇതുപോലെ ‘നിർഗുണരായ’ മനുഷ്യരെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. കുടുംബത്തിൽ, സമൂഹത്തിൽ, ജീവിതത്തിൽ ആർക്കും ഒരു നന്മയും ചെയ്യാത്ത (അറുത്ത കൈക്ക് ഉപ്പു തേക്കാത്ത – പഴമൊഴി), ആരിൽ നിന്നും ഒന്നും സ്വീകരിക്കാത്ത മനുഷ്യർ!!! ഈ ജാറിൽ കളിമണ്ണുകൊണ്ടുള്ള രൂപമാണ്. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ജാറിനുള്ളിലെ ശുദ്ധജലം ചെളി നിറമായി. ക്രമേണ കളിമൺരൂപം അലിഞ്ഞില്ലാതായി. അതെ, ഇതേ പോലെ ഏതു സ്ഥലത്തും, സാഹചര്യത്തിലും, ചുറ്റുപാടിലും കടന്നുചെന്ന് മലിനമാക്കുന്ന, ശാന്തമായ സാഹചര്യത്തെ സംഘർഷഭരിതമാക്കി മാറ്റുന്ന സ്വഭാവക്കാർ. സ്വന്തം കുടുംബത്തിലും ഇവർ ശിഥിലീകരണത്തിന്റെ വിഷം കലക്കും!!! മാജിക്കിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാം. നിങ്ങൾ കാണുന്നത് പോലെ ഇത് പഞ്ചസാര മനുഷ്യനാണ്… വേഗം ചുറ്റുപാടുകളിൽ ഇഴുകിചേരും, മധുരകരമായ അനുഭവം പകരും. ശാന്തിയും, സാന്ത്വനവും, സഹാനുഭൂതിയും കാണിക്കും.
കണക്ക് സാർ ഒന്ന് ചിരിച്ചിട്ട് ചോദിച്ചു; നിങ്ങൾക്ക് ഈ മൂവരിൽ ആരെയാണ് ഇഷ്ടം, ആരുടെ സ്വഭാവമാണ് അനുകരിക്കാൻ ആഗ്രഹിക്കുന്നത്? ഒറ്റ സ്വരത്തിൽ സദസ്സ് പറഞ്ഞു “പഞ്ചസാര മനുഷ്യനെ”. ചിരിച്ചിട്ട് സാർ പറഞ്ഞു; യഥാർത്ഥ വിദ്യാഭ്യാസം കൊണ്ട് നാം നേടേണ്ടതും അതുതന്നെയാണ്. നന്ദി. നമസ്കാരം. നിലയ്ക്കാത്ത കൈയടി ഉയർന്നു!!!
പൈതലാം എന്നു തുടങ്ങി. കുഞ്ഞുങ്ങളെ ഒത്തിരി സന്തോഷിപ്പിച്ചു. പാറാങ്കുുഴിയച്ചാ എവട്യാണ്?
അദ്ദേഹം നെയ്യാറ്റിൻകര രൂപതയിലെ ഒരിടവകയിൽ സേവനം ചെയ്യുന്നു