Vatican
ഒരു തീർഥാടകയോട് ദേഷ്യത്തോടെ പ്രതികരിച്ചതിന് ക്ഷമ ചോദിച്ച് ഫ്രാൻസിസ് പാപ്പാ
ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ സന്ദർശന വേളയിലായിരുന്നു സംഭവം...
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഒരു തീർഥാടകയോട് ദേഷ്യത്തോടെ പ്രതികരിച്ചതിന് ഫ്രാൻസിസ് പാപ്പായുടെ ക്ഷമാപണം. ഇന്ന് രാവിലെ പരിശുദ്ധ ദൈവവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു പാപ്പാ ഇന്നലെ സംഭവിച്ച കാര്യം സൂചിപ്പിച്ചു കൊണ്ട് “എനിക്കും ക്ഷമ നഷ്ടപ്പെടുന്നു, ഇന്നലത്തെ മോശം ഉദാഹരണത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു” എന്ന് വിശ്വാസികളോട് പറഞ്ഞത്.
ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ സന്ദർശന വേളയിലായിരുന്നു സംഭവം. പാപ്പായുടെ കൈ ശക്തമായി പിടിച്ച് വലിക്കുകയും പിടിവിടാൻ കൂട്ടാക്കാതെയുമിരുന്ന ഒരു തീർഥാടക സ്ത്രീയോടാണ് പാപ്പാ ദേഷ്യത്തോടെ പ്രതികരിച്ചത്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പുൽക്കൂട് കണ്ടു മടങ്ങവേ അവിടെ കൂടിയ തീർത്ഥാടകരെ അഭിവാദ്യം ചെയ്ത് നടന്നു വരുമ്പോഴായിരുന്നു സംഭവം.