Kerala

ഒരുക്കങ്ങള്‍ പൂര്‍ണ്ണം ; കൊല്ലത്തിന്‌ പുതിയ മെത്രാന്‍

ഒരുക്കങ്ങള്‍ പൂര്‍ണ്ണം ; കൊല്ലത്തിന്‌ പുതിയ മെത്രാന്‍

സ്വന്തം ലേഖകൻ

കൊല്ലം: ആഗോള കത്തോലിക്കാ സഭ ദിവ്യകാരുണ്യ തിരുനാൾ ആചരിക്കുന്ന ദിനത്തിൽ പ്രാർഥനാ നിർഭരമായ ചടങ്ങുകളോടെ കൊല്ലം രൂപതയുടെ ഭരണ കൈമാറ്റം. ഏഷ്യയിലെ പ്രഥമ കത്തോലിക്കാ രൂപതയുടെ നാലാമതു തദ്ദേശീയ മെത്രാനായി മോൺ. ഡോ. പോൾ ആന്റണി മുല്ലശേരി ഇന്ന് അഭിഷിക്തനാകും. ‘അഭിവൃദ്ധിയും വിശ്വാസത്തിലുള്ള സന്തോഷവും’ എന്ന ആപ്തവാക്യവുമായാണ് അദ്ദേഹം രൂപതയുടെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്.

ഫ്രാൻസിസ് പാപ്പായുടെ പ്രതിനിധിയായ വത്തിക്കാൻ കാര്യാലയ സെക്രട്ടറിയും വിവിധ രൂപതകളിൽ നിന്നുള്ള മുപ്പതോളം മെത്രാൻമാരും മുന്നൂറോളം വൈദികരും സന്യസ്തരും വിശ്വാസി സമൂഹവും സാക്ഷ്യം വഹിക്കുന്ന ചടങ്ങിനു ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. ഫാത്തിമ മാതാ കോളജ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ഉച്ചയ്ക്കു 2.30 മുതലാണു ചടങ്ങുകൾ നടക്കുന്നത്.

12,000 പേർക്ക് ഇരുന്നും 3,000 പേർക്കു നിന്നും അഭിഷിക്ത ചടങ്ങുകൾ വീക്ഷിക്കാൻ കഴിയുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയിട്ടുള്ളത്. മെത്രാഭിഷേകവും ദിവ്യബലിയും ഉൾപ്പടെയുള്ള ആരാധനാ ക്രമങ്ങൾ അരങ്ങേറുന്ന വേദി 80 – 40 അടി അളവിലാണു നിർമിച്ചിരിക്കുന്നത്. ഗായകസംഘത്തിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

പൊലീസിന്റെ സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണു വേദിയും സദസും തയാറാക്കിയിരിക്കുന്നത്. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, മറ്റു ജനപ്രതിനിധികൾ, സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരെത്തും. രൂപതയിലെ എട്ടു ഫെറോനകളിലെ 116 ഇടവകകളിൽ നിന്നായി രണ്ടു ലക്ഷം സഭാമക്കളെ പ്രതിനിധീകരിച്ച് 25,000 പേർ പങ്കെടുക്കുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.

ചടങ്ങുകൾ ഇങ്ങനെ

∙ മാർപ്പാപ്പയുടെ പ്രതിനിധിയും മെത്രാൻമാരും ബിഷപ് ഹൗസിൽ ഒത്തുചേരും

∙ ബീച്ച് റോഡ് വഴി അവർ ചടങ്ങു നടക്കുന്ന ഫാത്തിമ മാതാ കോളജ് ഗ്രൗണ്ടിലേക്ക്

∙ ബിഷപ് ജെറോം ഇൻ‌സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന കവാടത്തിലൂടെ പ്രധാന വേദിയിലേക്ക്

∙ സ്വാഗതഗാനം മുഴങ്ങുമ്പോൾ മെത്രാൻമാർ കുർബാന വസ്ത്രങ്ങൾ അണിഞ്ഞു തയാറാകും

∙ ആമുഖം, തുടർന്നു പ്രവേശന നൃത്തം

∙ പിന്നാലെ ബലിപീഠത്തിൽ ദിവ്യബലി

∙ സുവിശേഷ വായന കഴിഞ്ഞു മെത്രാഭിഷേക കർമത്തിലേക്ക്

∙ ‘വേനി ക്രയാത്തോർ’ എന്ന ലത്തീൻ ഭാഷയിലുള്ള പരിശുദ്ധാത്മ ഗാനത്തിന്റെ ആലാപനം

∙ മെത്രാനെ അഭിഷേകം ചെയ്യണമെന്നു രൂപതയുടെ പ്രതിനിധിയായി ഫാ. സിൽവി ആന്റണി മുഖ്യകാർമികനോട് അഭ്യർഥിക്കും

∙ അതിനുള്ള അപ്പോസ്തലിക വിളംബരം കിട്ടിയിട്ടുണ്ടോയെന്നു കാർമികൻ ആരായും

∙ ഉവ്വ് എന്ന ഉത്തരത്തിനു പിന്നാലെ വത്തിക്കാൻ പ്രതിനിധി ലത്തീൻ ഭാഷയിലുള്ള കൽപന വായിക്കും

∙ ഫാ. ജോസഫ് ഡെറ്റോ ഫെർണാണ്ടസ് അതു മലയാളത്തിൽ അറിയിക്കും

∙ തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ വചന സന്ദേശം

∙ സന്നദ്ധത ആരാഞ്ഞു നിയുക്ത ബിഷപ്പിനോട് 10 ചോദ്യങ്ങൾ

∙ സന്നദ്ധത അറിയിക്കുന്നതോടെ പ്രാർത്ഥനാമാല

∙ മുട്ടുകുത്തി നിൽക്കുന്ന നിയുക്ത ബിഷപ്പിന്റെ തലയിൽ കൈവച്ചു പാരമ്പര്യം കൈമാറുന്ന കർമം

∙ പിന്നീടു സുവിശേഷഗ്രന്ഥം തുറന്നു തലയിൽ വച്ചു പ്രതിഷ്ഠാപന പ്രാർഥന ചൊല്ലും

∙ തുടർന്നു വിശുദ്ധ പ്രതിഷ്ഠാതൈലം പൂശുന്ന തൈലാഭിഷേകം

∙ പഠിപ്പിക്കാനുള്ള അധികാരമായി സുവിശേഷഗ്രന്ഥം കൈമാറും

∙ അടുത്തതായി അധികാര ചിഹ്നങ്ങൾ കൈമാറും

∙ വേദിയിലുള്ള എല്ലാ മെത്രാൻമാരും നിയുക്ത ബിഷപ്പിനു സമാധാന ചുംബനം നൽകും

∙ ദിവ്യബലി തുടർച്ച, ദിവ്യകാർമിക സ്വീകരണം, ദിവ്യഭോജന പ്രാർഥന

∙ നന്ദി അറിയിച്ചു സ്തോത്രഗീതം മുഴങ്ങും മുൻനിരയിലേക്കു നടന്നു മെത്രാന്റെ ആശീർവാദം

∙ തിരുവനന്തപുരം അതിരൂപത മെത്രാൻ ഡോ. സൂസപാക്യത്തിന്റെ ആശംസ

∙ കൊല്ലം ബിഷപ് കൊല്ലം ജനതയെ അഭിസംബോധന ചെയ്യും

∙ മുഖ്യകാർമികന്റെ സമാപന ആശീർവാദത്തോടെ ചടങ്ങിനു തിരശീല വീഴും

അധികാര ചിഹ്നങ്ങൾ മൂന്ന്

∙ വലതു കൈയിലെ മോതിരവിരലിൽ അണിയിക്കുന്ന മോതിരം – രൂപതയെ മണവാട്ടിയെന്നപോലെ സംരക്ഷിച്ചുകൊള്ളണമെന്നു സൂചന

∙ തലയിൽ അംശമുടി – ദൈവജനത്തെ വിശുദ്ധിയിലേക്കു നയിക്കാനുള്ള അടയാളമായി ചൂടുന്ന വലിയ തൊപ്പി

∙ അധികാര ദണ്ഡ് – രൂപതയിലെ അജഗണങ്ങളെ നേർവഴി നയിക്കാനുള്ള ഇടയനാണെന്നതിന്റെ തെളിവ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker