ഏലപ്പാറ കുരിശുമലയിൽ ആറാംവെള്ളി ആചരിച്ചു
ദേവാലയത്തിൽ നിന്നും ആരംഭിച്ച തീർത്ഥാടനം മലമുകളിൽ അർപ്പിച്ച വിശുദ്ധ ബലിയോടെയാണ് സമാപിച്ചത്
ഫാ.ഷിന്റോ വെളീപ്പറമ്പിൽ
വിജയപുരം: ഏലപ്പാറ കുരിശുമലയിൽ ആറാംവെള്ളി ആചരിച്ചു. ഏപ്രിൽ 12-ന് പാമ്പനാർ ഫൊറോനയിലെ വൈദികരുടെ നേതൃത്വത്തിലായിരുന്നു ഏലപ്പാറ കുരിശുമലയിൽ ആറാംവെള്ളി ആചരണം നടത്തിയത്.
തപസ്സുകാലത്തിലെ ആറാം വെള്ളിയാഴ്ചകളിൽ നൂറുകണക്കിന് ആളുകൾ ചേർന്ന് ഏലപ്പാറ തീർത്ഥാടനം നടത്തുന്ന പതിവ് വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ വർഷവും കാൽവരി മലയുടെ ഓർമ്മപുതുക്കിയുള്ള തീർത്ഥാടന മലകയറ്റം.
ദേവാലയത്തിൽ നിന്നും ആരംഭിച്ച തീർത്ഥാടനം മലമുകളിൽ അർപ്പിച്ച വിശുദ്ധ ബലിയോടെയാണ് സമാപിച്ചത്. ഈ ദിവസം മുതൽ ദുഃഖവെള്ളിവരെയുള്ള ദിവസങ്ങളിൽ ചെറുസംഘങ്ങൾ കുരിശുമല തീർത്ഥാടനം നടത്താറുണ്ട്. മലയിറങ്ങി വരുന്നവർക്ക് ദേവാലയത്തിൽ നേർച്ചക്കഞ്ഞിയും ഒരുക്കിയിരിക്കും.
ഏലപ്പാറ ഇടവക വികാരി ഫാ.ഫെർണാണ്ടോ കല്ലുപാലം, ഫാ.ജോസ് കാടൻതുരുത്തേൽ, ഫാ.ഹിലരി തെക്കേകൂറ്റ്, ഫാ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, ഫാ.മുത്തപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.