ഏപ്രിൽ 6: മുൻവിധി
മുൻവിധിയോടെ യേശുവിനെ കണ്ടവർക്ക്, യേശുവിനെ യഥാർത്ഥത്തിൽ തിരിച്ചറിയാൻ സാധിച്ചില്ല
ഇന്ന് ദിവ്യബലിയിൽ യോഹന്നാൻ 7:40-53 നാം ശ്രവിക്കുന്നു. യേശുവിനെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളാണ് ഇന്നത്തെ സുവിശേഷഭാഗം അവതരിപ്പിക്കുന്നത്. അവൻ പ്രവാചകനാണെന്നും, ക്രിസ്തുവാണെന്നും, അല്ലെന്നും ഒക്കെ യേശുവിന് അനുകൂലമായും പ്രതികൂലമായും ഉള്ള അഭിപ്രായങ്ങൾ നാം ഇവിടെ കാണുന്നുണ്ട്. ഇന്നത്തെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ ആർക്കും നിശ്ചിതമായ ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് മടങ്ങുന്നു.
യഹൂദ അധികാരികളുടെ പ്രതികൂലമായ നിലപാടിനോടുള്ള നിക്കൊദേമൂസിന്റെ പ്രതികരണം ശ്രദ്ധേയമാണ്: “ഒരുവന് പറയാനുള്ളത് ആദ്യം കേൾക്കാതെയും, അവനെന്താണ് ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാൻ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?” യോഹന്നാന്റെ സുവിശേഷം മൂന്നാം അധ്യായത്തിൽ രാത്രിയിൽ യേശുവിന്റെ അടുത്തുവന്നു സംഭാഷണം നടത്തുന്ന നിക്കൊദേമൂസിനെ നമുക്ക് കാണാം. ഒരുപക്ഷെ, യഹൂദ അധികാരികൾ യേശുവുമായി നേരിട്ട് സംസാരിച്ചാൽ തീരാവുന്ന ആശയകുഴപ്പങ്ങളെ ഉള്ളൂ എന്ന് നിക്കൊദേമൂസ് വിചാരിച്ചു കാണും. നിക്കൊദേമൂസിന്റെ അനുഭവം അങ്ങനെയായിരുന്നു. അങ്ങനെ തന്നെയാണ് ഇന്നത്തെ സുവിശേഷഭാഗത്ത്, യേശുവിനെ അറസ്റ് ചെയ്യാതെ തിരികെ വരുന്ന സേവകന്മാർ അധികാരികളോട് പറയുന്നതും: “അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല”. യേശുവിനെക്കുറിച്ചുള്ള ഏതൊരു നല്ല അഭിപ്രായത്തിനും യഹൂദ അധികാരികൾക്ക് എതിരഭിപ്രായം ഉണ്ടായിരുന്നു. സേവകന്മാരോട് അവർ പറയുന്നത്: “അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ” എന്നാണ്. നിക്കൊദേമൂസിനോടും അവർ പറയുന്നത് ഇതേ രീതിയിലുള്ള മറുപടിയാണ് “പരിശോധിച്ച് നോക്കൂ, ഒരു പ്രവാചകനും ഗലീലിയിൽനിന്നും വരുന്നില്ല എന്ന് അപ്പോൾ മനസ്സിലാകും”. അവർക്കു എല്ലാകാര്യങ്ങളെക്കുറിച്ചും ഒരു അഭിപ്രായം ഉണ്ടായിരുന്നു. അതിനപ്പുറമുള്ള യാതൊന്നും സ്വീകരിക്കുവാനോ അംഗീകരിക്കുവാനോ അവർ തയ്യാറായിരുന്നില്ല. അവർ അവരുടെ മുൻവിധികൾ വച്ചാണ് എല്ലാം കണ്ടിരുന്നത്.
തുറന്ന മനസ്സോടെ യേശുവിനോട് ഇടപെട്ടർക്കെല്ലാം, യേശുവിനെക്കുറിച്ച് നല്ലതു മാത്രമേ പറയുവാനുണ്ടായിരുന്നുള്ളൂ. എന്നാൽ, മുൻവിധിയോടെ യേശുവിനെ കണ്ടവർക്ക്, യേശുവിനെ യഥാർത്ഥത്തിൽ തിരിച്ചറിയാൻ സാധിച്ചില്ല. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളിലും മുൻവിധികളില്ലാതെ, തുറന്നമനസ്സോടെ ഇടപെടാൻ സാധിക്കട്ടെ. മുൻവിധിയോടെയുള്ള പെരുമാറ്റം വഴിയായി നിഷ്കളങ്കനെ അപരാധിയായി മുദ്രകുത്തുവാനുള്ള സാധ്യത ഏറെയാണെന്ന് നമുക്കോർക്കാം.