Daily Reflection

ഏപ്രിൽ 2: ബേത്സഥ കുളം

ഒത്തിരിയേറെ നാളുകളായി ജീവിതത്തെ ചലനമറ്റതാക്കി മാറ്റികൊണ്ടിരിക്കുന്ന രീതികളിൽപ്പെട്ടു നാമും ഒരു ബേത്സഥ കുളക്കരയിലായിരിക്കാം

ഇന്ന് നമുക്ക് ബേത്സഥയിലെ രോഗശാന്തിയെപ്പറ്റി ധ്യാനിക്കാം (യോഹന്നാൻ 5:1-16). ജറുസലേം ദേവാലയത്തിനടുത്തായിരുന്നിരിക്കാം ബേത്സഥ എന്ന് വിളിക്കപ്പെട്ടിരുന്ന കുളം സ്ഥിതിചെയ്തിരുന്നത് എന്ന് പണ്ഡിതർ അനുമാനിക്കുന്നു. അവിടെയുണ്ടായിരുന്ന അഞ്ചുമണ്ഡപങ്ങളിൽ കഴിഞ്ഞിരുന്ന അനേകം രോഗികളിൽ ഒരാളാണ് ഇന്നത്തെ സംഭവത്തിലെ കഥാപാത്രം. അവൻ മുപ്പത്തെട്ട് വർഷമായി രോഗിയായിരുന്നു. 38 വർഷങ്ങൾ എന്നത് വലിയൊരു കാലഘട്ടം തന്നെ. തന്റെ ആയുസ്സിന്റെ നല്ലൊരു ഭാഗവും അയാൾ കഴിച്ചുകൂട്ടിയിരിക്കുന്നതു ആ കുളക്കരയിലെ മണ്ഡപത്തിലാണ്. അവനെ കാണുന്ന യേശു ആദ്യമേ അവനോട് ചോദിക്കുന്നത് “സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ” എന്നാണ്. ഇവിടെ ചിലകാര്യങ്ങൾ ശ്രദ്ധേയമാണ്. യേശു നടത്തുന്ന അത്ഭുതപ്രവൃത്തികളിൽ എല്ലാം തന്നെ, സൗഖ്യം നേടാനായി മുൻകൈ എടുക്കുന്നത് ആരാണോ ആവശ്യം അയാൾക്കാണ്. അയാളോ, അയാളുടെ പ്രതിനിധിയോ ആണ് യേശുവിന്റെ അടുത്തുവന്ന് തന്റെ ആവശ്യം ഉന്നയിക്കുന്നതും യേശുവിന്റെ ഇടപെടൽ അപേക്ഷിക്കുന്നതും. എന്നാൽ ഇവിടെ യേശു തന്നെയാണ് മുൻകൈ എടുക്കുന്നത്. കുളക്കരയിലെ മനുഷ്യന്റെ ആവശ്യം യേശു കൃത്യമായി മനസ്സിലാക്കുന്നുണ്ട്. അവന്റെ ആവശ്യം സൗഖ്യമാണ്; യേശു അവനോട് ചോദിക്കുന്നതും, നിനക്ക് സുഖം പ്രാപിക്കാൻ ആഗ്രഹമുണ്ടോ എന്നാണു. മറ്റൊരു ശ്രദ്ധേയമായ കാര്യം, യേശു അവനിൽ നിന്നും പ്രതീക്ഷിക്കുന്നത്, സൗഖ്യം നേടാനുള്ള അവന്റെ ആഗ്രഹമാണ്.

എന്തുകൊണ്ട്, യേശു ഈ ചോദ്യം ഉയർത്തുന്നു എന്ന് നാം ചിന്തിച്ചേക്കാം. കാരണം, എത്രയോ നാളുകളായി സൗഖ്യത്തിനായി കുളക്കരയിൽ കിടക്കുന്നവനാണയാൾ. പക്ഷെ, അവിടെ കിടക്കുന്നുവെങ്കിലും അയാൾ സൗഖ്യം ആഗ്രഹിക്കണമെന്നില്ല. മറ്റുള്ളവരുടെ സഹതാപവും മറ്റും ഏറ്റുവാങ്ങി ആ അവസ്ഥയിൽ കിടക്കുന്നതു ഒരു സന്തോഷമായി കരുതുന്നവരും ഉണ്ടാകും. അവർ അവിടെകിടന്നു അവരുടേതായ സുഖമേഖലകൾ (Comfort zones) കണ്ടെത്തിയിട്ടുണ്ടാകും. അവരെ സംബന്ധിച്ച്, ആ അവസ്ഥയിൽ നിന്നും മുക്തമാകുന്നതായിരിക്കും ദുഖകരം. യേശുവിന്റെ ചോദ്യത്തിനുള്ള മറുപടിയിലൂടെ, സൗഖ്യം നേടിയെടുക്കാനുള്ള കഴിവിന്റെ അപര്യാപ്തതയാണ് അയാൾ പ്രകടമാക്കുന്നത്. അവന് ആഗ്രഹമുണ്ട്, പക്ഷെ സാധിക്കുന്നില്ല. അവന്റെ ആഗ്രഹം മനസ്സിലാക്കുന്ന യേശു തന്റെ സൗഖ്യദായകമായ വാക്കുകളിലൂടെ അവനെ സുഖപ്പെടുത്തുന്നു.

ഒരു പക്ഷെ, ഒത്തിരിയേറെ നാളുകളായി ജീവിതത്തെ ചലനമറ്റതാക്കി മാറ്റികൊണ്ടിരിക്കുന്ന രീതികളിൽപ്പെട്ടു നാമും ഒരു ബേത്സഥ കുളക്കരയിലായിരിക്കാം. കുറെ നാളുകളായി നാമും ആഗ്രഹിക്കുന്നുണ്ട്, ഇത്തരത്തിലുള്ള ജീവിതരീതികളിൽ നിന്നൊക്കെയുള്ള ഒരു ഉയിർത്തെഴുന്നേൽപ്പ്. ഇന്ന് യേശു എന്റെ ജീവിതമാകുന്ന ബേത് സഥ കുളക്കരയിൽ വന്നു നിന്ന് എന്നോട് ചോദിക്കുന്നു: “സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ”. നമ്മുടെ ഏറെനാളുകളായുള്ള ചില രീതികൾ വഴിയായി നാമും ചില സുഖമേഖലകൾ (Comfort zones) തീർത്തിട്ടുണ്ട്. അതിൽ നിന്നുമെല്ലാം പുറത്തുവന്നാൽ മാത്രമേ കൂടുതൽ മെച്ചമായ ജീവിതത്തിലേക്ക് ഉയരാനാകു. അതിനു, ആദ്യമേ വേണ്ടത് ഉയരാനുള്ള ആഗ്രഹമാണ്. അപര്യാപ്തതകളിൽ നിന്നും കുറവുകളിൽ നിന്നും എന്നെ കൈപിടിച്ചുയർത്തേണമേ എന്ന് യേശുവിനോട് ആഗ്രഹത്തോടെ പ്രാർത്ഥിക്കാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker